നോമ്പുകാല വചനതീർത്ഥാടനം – 22
പ്രഭാഷകൻ 22 : 20
” പക്ഷികളെ എറിഞ്ഞാൽ, അവ പറന്നുപോകും. സ്നേഹിതനെ നിന്ദിച്ചാൽ, സൗഹൃദം അവസാനിക്കും.”
സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതത്തിൽ സുഹൃദ്ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം , ഒരുവൻ എത്ര സ്വാർത്ഥിയായാലും ത്യാഗിയായാലും ഒരിക്കലും തനിച്ച് ജീവിക്കുന്നില്ല. നമ്മുടെ ക്രിയകൾക്ക് കർമ്മമായും പ്രവർത്തനങ്ങൾക്ക് ലക്ഷ്യമായും ഒരു വ്യക്തിയോ സമൂഹമോ ഉണ്ടായിരുന്നേ മതിയാവൂ. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെയാണ് നമ്മൾ നമ്മുടെ ജീവിതം പങ്കുവയ്ക്കുന്നതു്. പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവിതം ആസ്വാദ്യകരവും ചൈതന്യ ഭരിതവുമാകുന്നത്. കൊടുക്കലും വാങ്ങലും നമ്മൾ മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന സൗഹൃദത്തിന്റെ ലക്ഷണങ്ങൾ മാത്രമല്ല, നമ്മൾ ജീവിതത്തിൽ സന്തുഷ്ടരാണെന്നതിന്റെ പ്രഖ്യാപനങ്ങൾ കൂടിയാണ്.
സൗഹൃദം ഹൃദയത്തിന്റെ ഒരു തുറന്നുവയ്ക്കലാണ്. അവിടെ നാട്യവും ഒളിച്ചുവയ്ക്കലുമില്ല. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയോട് ഏതു ചെറിയകാര്യംപോലും ചോദിച്ചറിയാൻ നമുക്ക് എപ്പോഴും ഒരു ആകാംക്ഷയുണ്ടായിരിക്കും. അതുപോലെതന്നെ നമ്മെ സംബന്ധിക്കുന്ന ഏതു കാര്യവും, അതെത്ര നിസ്സാരമായാലും ആ വ്യക്തിയോട് വെളിപ്പെടുത്തുന്നതുവരെ നമ്മൾ അസ്വസ്ഥരായിരിക്കുകയും ചെയ്യും. ഈ ആകാംക്ഷയും അസ്വസ്ഥതയും അനുഭവിക്കാൻ കഴിയാത്തയാളെ ഒരു സുഹൃത്ത് എന്നു വിശേഷിപ്പിക്കാനാവില്ല. അതേസമയം സുഹൃത്തുക്കളായി അടുത്തുകൂടുന്ന പലരും യഥാർത്ഥത്തിൽ അങ്ങനെയാവണമെന്നില്ല. അനുഭവത്തിലൂടെയാണ് ഒരുവൻ യഥാർത്ഥ സ്നേഹിതനോ അല്ലയോ എന്നു തെളിഞ്ഞു വരുന്നതു്. ആപത്തിലും കഷ്ടതയിലും കൂടെ നിൽക്കുന്നവൻ മാത്രമാണ് യഥാർത്ഥ സ്നേഹിതൻ .
നല്ലൊരു സുഹൃത്ത് ഒരു നിധിയാണെന്നു പറയാം. സൗഹൃദം എത്ര ആഴമേറിയതായാലും കഠിനമായ നിന്ദ അതിനു വിരാമം കുറിക്കും. ഈ സത്യം പഠിപ്പിക്കാനാണ് പക്ഷിക്കൂട്ടത്തിലേക്ക് കല്ലെറിയുന്നതിന്റെ കഥ പ്രഭാഷകൻ പറയുന്നത്. പക്ഷിക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞാൽ അത് പറന്നുപോകും. അതുപോലെതന്നെ സുഹൃത്തിനെ നിന്ദിക്കുകയോ അവന്റെ രഹസ്യം വെളിപ്പെടുത്തുകയോ അവനെ ചതിക്കുകയോ ചെയ്താൽ അവൻ അകന്നു പോകുകതന്നെ ചെയ്യും. അതോടെ സൗഹൃദം അവസാനിക്കുകയും ചെയ്യും. കഷ്ടതയിൽ കഴിയുന്നവനെ സഹായിച്ചു കൊണ്ടായിരിക്കണം സൗഹൃദമെപ്പോഴും കാത്തുസൂക്ഷിക്കേണ്ടത്. അങ്ങനെയെങ്കിൽ കഷ്ടതയിൽനിന്ന് കരകയറുമ്പോൾ അവൻ നല്ലൊരു സുഹൃത്തായി നിലനില്ക്കും.
ഫാ. ആന്റണി പൂതവേലിൽ
23.03.2022

Leave a comment