മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം

നാളെ മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം

റഷ്യ- യുക്രൈൻ രാജ്യങ്ങളെ ഫ്രാൻസിസ് പാപ്പ നാളെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാൻ പുറത്തിറക്കിയ പ്രാർത്ഥനയുടെ പരിഭാഷ ചുവടെ നൽകുന്നു. കെ‌സി‌ബി‌സിയാണ് പ്രാർത്ഥനയുടെ പരിഭാഷയുടെ പൂർണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ കുടുംബങ്ങളിലും ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് വിമലഹൃദയ പ്രതിഷ്ഠയിൽ ഭാഗഭാക്കാകാം.

#പ്രാർത്ഥനയുടെ #പൂർണ്ണരൂപം

ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങൾ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ നീ ഞങ്ങളെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്നു; ഞങ്ങളെ ഹൃദയങ്ങളുടെ ഒരാവശ്യവും നിന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ല. കരുണയുടെ മാതാവേ, എത്രയോ പ്രാവശ്യം നിന്റെ കരുതലുള്ള സംരക്ഷണവും ശാന്തമായ സാന്നിദ്ധ്യവും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്! സമാധാന രാജനായ യേശുവിന്റെ പക്കലേക്ക് ഞങ്ങളെ നയിക്കുന്നതിൽ നിന്നു നീ ഒരിക്കലും പിന്മാറുന്നില്ല. എന്നാലും ഞങ്ങൾ സമധാനത്തിന്റെ പാതയിൽ നിന്നു വ്യതിചലിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ദുരന്തങ്ങളിൽ നിന്നു ലഭിച്ച പാഠങ്ങൾ ഞങ്ങൾ വിസ്മരിച്ചിരിക്കുന്നു; അതായത,് രണ്ട് ലോകമഹായുദ്ധങ്ങളിലുണ്ടായ ദശലക്ഷക്കണക്കിനു മനുഷ്യരുടെ ബലി. രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ ഞങ്ങൾ എടുത്ത തീരുമാനങ്ങൾ ഞങ്ങൾ അവഗണിച്ചിരിക്കുന്നു. ജനതകളുടെ സമാധാന സ്വപ്നങ്ങളും യുവജനങ്ങളുടെ പ്രത്യാശയും ഞങ്ങൾ തകിടം മറിച്ചിരിക്കുന്നു.

ദുരാഗ്രഹംമൂലം ഞങ്ങൾ രോഗാകുലരായിരിക്കുന്നു; ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രത്തെക്കുറിച്ചും ഞങ്ങളുടെ താത്പര്യത്തെക്കുറിച്ചും മാത്രം ചിന്തിച്ചു; ഞങ്ങൾ നിസ്സംഗതരായി; ഞങ്ങളുടെ സ്വാർഥ ആവശ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും മാത്രം ഞങ്ങൾ ബദ്ധശ്രദ്ധരായി. ഞങ്ങൾ ദൈവത്തെ മറന്നു; ഞങ്ങളുടെ വ്യാമോഹങ്ങളിൽ സംതൃപ്തരായി; അങ്ങനെ ഞങ്ങൾ ഗർവ്വിഷ്ഠരും അക്രമകാരികളുമായി; അതുവഴിയായി നിഷ്‌കളങ്ക ജീവനുകളെ അമർച്ചചെയ്യാനും യുദ്ധോപകരണങ്ങൾ വാരിക്കൂട്ടാനും ശ്രദ്ധിച്ചു. ഞങ്ങളുടെ സഹോദരന്റെ കാവൽക്കാരാകുന്നതിലും ഞങ്ങളുടെ പൊതുഭവനത്തിന്റെ മേൽനോട്ടക്കാരാക്കുന്നതിലും ഞങ്ങൾ പിന്നാക്കം പോയി. ഭൂമിയാകുന്ന ഈ ഉദ്യാനത്തെ യുദ്ധംമൂലം തകർത്തുതരിപ്പണമാക്കി; ഞങ്ങളെല്ലാവരും സഹോദരന്മാരും സഹോദരിമാരും ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന സ്വർഗീയ പിതാവിന്റെ ഹൃദയം പാപംമൂലം ഞങ്ങൾ തകർത്തുകളഞ്ഞു. ഞങ്ങളോട് മാത്രമല്ലാതെ മറ്റെല്ലാവരോടും എല്ലാറ്റിനോടും ഞങ്ങൾ നിസ്സംഗത പുലർത്തി. ഇപ്പോൾ ഞങ്ങൾ ലജ്ജാകുലരായി നിലവിളിക്കുന്നു; കർത്താവേ, ഞങ്ങളോട് ക്ഷമിക്കണമേ!

പരിശുദ്ധ അമ്മേ, ഞങ്ങളുടെ പാപത്തിന്റെ പടുകുഴിയിൽ, ഞങ്ങളുടെ സംഘർഷങ്ങളിലും ബലഹീനതകളിലും, തിന്മയുടെയും യുദ്ധത്തിന്റെതുമായ അധർമത്തിന്റെ രഹസ്യത്തിന്റെ മുമ്പിൽ ദൈവം ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു നീ ഞങ്ങളെ ഓർമിപ്പിക്കുന്നു; അവിടന്നു ഞങ്ങളെ സ്‌നേഹപൂർവം കടാക്ഷിക്കുന്നുവെന്നും, എപ്പോഴും ഞങ്ങൾക്കു മാപ്പു നല്കാനും ഞങ്ങളെ പുതുജീവിതത്തിലേക്കു ഉയർത്താനും താത്പര്യപ്പെടുന്നെന്നു നീ ഞങ്ങളെ അനുസ്മരിപ്പിക്കുന്നു. അവിടന്നു നിന്നെ ഞങ്ങൾക്ക് നല്കിയിരിക്കുന്നു; നിന്റെ വിമലഹൃദയം സഭയ്ക്കും മനുഷ്യരാശി മുഴുവനും അഭയസ്ഥാനമാക്കിയിരിക്കുന്നു; ദൈവത്തിന്റെ സ്‌നേഹാർദ്ര താത്പര്യത്താൽ നീ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ട്; ഞങ്ങളുടെ ചരിത്രത്തിന്റെ ഏറ്റവും അസ്വസ്ഥജനകായ വേളകളിൽപ്പോലും ഞങ്ങളെ നയിക്കാൻ സ്‌നേഹാർദ്രഭാവത്തോടെ നീ ഞങ്ങളുടെ കൂടെയുണ്ട്.

ഞങ്ങൾ നിന്നിലേക്കു തിരിഞ്ഞ് നിന്റെ ഹൃദയവാതിലിൽ മുട്ടുന്നു. ഞങ്ങൾ നിന്റെ വത്സലമക്കളാണ്. ഞങ്ങളെ അനുതാപത്തിലേക്കു ക്ഷണിച്ചുകൊണ്ട്, എല്ലാ കാലങ്ങളിലും നീ ഞങ്ങൾക്കു നിന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഈ ഇരുണ്ട മണിക്കൂറിൽ ഞങ്ങളെ സഹായിക്കുകയും ഞങ്ങൾക്കു സ്വാന്തനമരുളുകയും ചെയ്യണമേ. ”നിങ്ങളുടെ മാതാവായ ഞാൻ, ഇവിടെ നിങ്ങളുടെ കൂടെ ഇല്ലേ” എന്ന് നീ ഒരിക്കൽകൂടെ ഞങ്ങളോടു പറയുക. ഞങ്ങളുടെ ഹൃദയത്തിന്റെയും ഞങ്ങളുടെ കാലഘട്ടത്തിന്റെയും കുരുക്കുകൾ അഴിക്കാൻ നീ പ്രാപ്തയാണ്. ഞങ്ങൾ നിന്നിൽ വിശ്വാസമർപ്പിക്കുന്നു. പ്രത്യേകിച്ച് പരീക്ഷണകാലത്ത് നീ ഞങ്ങളുടെ അപേക്ഷകളെ നിരസിക്കുയില്ലെന്നും നീ ഞങ്ങളുടെ സഹായത്തിനായെത്തുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഗലീലയിലെ കാനായിൽ നീ അതാണല്ലോ ചെയ്തത്; അന്നു നീ യേശുവിനോട് അപേക്ഷിക്കുകയും അവിടന്നു തന്റെ ആദ്യത്തെ അടയാളം പ്രവർത്തിക്കയും ചെയ്തു. വിവാഹഘോഷത്തിന്റെ സന്തോഷം നിലനിറുത്താൻ നീ അവിടത്തോടു പറഞ്ഞു: ”അവർക്കു വീഞ്ഞില്ല” (യോഹ 2:3). അമ്മേ, ഇപ്പോൾ ആ വാക്കുകളും ആ പ്രാർത്ഥനയും ആവർത്തിക്കണമേ; എന്തെന്നാൽ പ്രത്യാശയുടെ വീഞ്ഞ് ഞങ്ങളുടെ ദിനങ്ങളിൽ വറ്റിപ്പോയിരിക്കുന്നു; സന്തോഷം ഇല്ലാതായിരിക്കുന്നു; സാഹോദര്യം മങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ മനുഷ്യത്വത്തെ ഞങ്ങൾ വിസ്മരിക്കുകയും സമാധാനം ദുർവ്യയം ചെയ്യുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ ഞങ്ങൾ അക്രമത്തിനും വിനാശത്തിനുമായി തുറന്നിരിക്കുന്നു. നിന്റെ മാതൃസഹായം ഞങ്ങൾക്കു എത്രമാത്രം അനിവാര്യമായിരിക്കുന്നു!

ആകയാൽ, അമ്മേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

സമുദ്ര താരമേ, യുദ്ധത്തിന്റെ കൊടുങ്കാറ്റിൻ ഞങ്ങൾ കപ്പലപകടത്തിൽ പൊടാതിരിക്കട്ട.

പുതിയ ഉടമ്പടിയുടെ പേടകമേ, അനുരഞ്ജനത്തിന്റെ പദ്ധതികളും പാതകളും ഞങ്ങളിൽ ഉണർത്തണമേ.

സ്വർഗത്തിന്റെ രാജ്ഞീ, ദൈവിക സമാധാനം ലോകത്തിൽ പുനഃസ്ഥാപിക്കണമേ.

വിദ്വേഷവും, പ്രതികാരേഛയും ഇല്ലാതാക്കണമേ,

ക്ഷമ ഞങ്ങളെ അഭ്യസിപ്പിക്കണമേ.

യുദ്ധത്തിൽനിന്നു ഞങ്ങളെ മോചിപ്പിക്കണമേ; അണു ആയുദ്ധങ്ങളുടെ ഉപദ്രവത്തിൽ നിന്നു ഞങ്ങളുടെ ലോകത്തെ സംരക്ഷിക്കണമേ.

ജപമാലരാജ്ഞീ, പ്രാർത്ഥിക്കുന്നതിന്റെയും സ്‌നേഹത്തിന്റെയും ആവശ്യം ഞങ്ങൾ മനസ്സിലാക്കാൻ ഇടയാക്കണമേ.

മനുഷ്യകുടുംബത്തിന്റെ രാജ്ഞീ, ജനങ്ങൾക്കു സാഹോദര്യത്തിന്റെ വഴി

കാണിച്ചുകൊടുക്കണമേ.

സമാധാനത്തിന്റെ രാജ്ഞീ, ഞങ്ങളുടെ ലോകത്തിനു സമാധാനം നേടിത്തരണമേ.

അമ്മേ, അങ്ങയുടെ ദുഃഖപൂർണ്ണമായ യാചന ഞങ്ങളുടെ കഠിന ഹൃദയങ്ങളെ ചലിപ്പിക്കട്ടെ. ഞങ്ങളുടെ വിദ്വേഷത്താൽ ഉണങ്ങിവരണ്ട ഈ താഴ്‌വര നീ ഒഴുക്കുന്ന കണ്ണുനീരിനാൽ പുതുതായി പുഷ്പിക്കട്ടെ. യുദ്ധോപകരണങ്ങളുടെ ഇടിമുഴക്കത്തിനിടയിൽ നിന്റെ പ്രാർത്ഥന ഞങ്ങളുടെ ചിന്തകളെ സമാധാനത്തിലേക്കു തിരിക്കട്ടെ. ബോംബുവർഷത്തിനിടയിൽ സഹിക്കുകയും പലായനം ചെയ്യുകയും ചെയ്യുന്നവരെ നിന്റെ മാതൃസ്പർശം ആശ്വസിപ്പിക്കട്ടെ. തങ്ങളുടെ ഭവനങ്ങളും സ്വന്തം നാടും വിട്ടോടാൻ നിർബന്ധിതരാക്കുന്നവരെ നിന്റെ മാതൃത്താലിംഗനം സാന്ത്വനപ്പെടുത്തട്ടെ. നിന്റെ ദുഃഖപൂർണഹൃദയം ഞങ്ങളെ അനുകമ്പാർദ്രരാക്കുകയും പരുക്കേറ്റവും തള്ളിക്കളയപ്പെട്ടവരുമായ ഞങ്ങളുടെ സഹോദരിസഹോദരന്മാർക്കുവേണ്ടി ഞങ്ങളുടെ വാതിലുകൾ തുറക്കാനും അവരെ പരിചരിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമാറാകട്ടെ.

പരിശുദ്ധ ദൈവമാതാവേ, നീ കുരിശിനു കീഴേ നിന്നപ്പോൾ, തന്റെ ശിഷ്യനെ നിന്റെ അടുത്തുകണ്ടപ്പോൾ, യേശു പറഞ്ഞു; ”ഇതാ, നിന്റെ മകൻ” (യോഹ 19:26). അങ്ങനെ അവിടന്നു ഞങ്ങളെ ഓരോരുത്തരെയും നിന്നെ ഭരമേൽപ്പിച്ചു. തന്റെ ശിഷ്യനോടും, ഞങ്ങൾ ഓരോരുത്തരോടും അവിടന്നു പറഞ്ഞു: ”ഇതാ, നിന്റെ അമ്മ” (വാ. 27). മാതാവേ, നിന്നെ ഞങ്ങളുടെ ജീവിതങ്ങളിലേക്കും ഞങ്ങളുടെ ചരിത്രത്തിലേക്കും ക്ഷണിക്കാൻ ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നു. വളരെ സ്‌നേഹപൂർവം നിന്നെ വണങ്ങുന്ന ഉക്രെയിനിലെയും റഷ്യയിലെയും ജനങ്ങൾ നിന്റെ നേർക്കു തിരിയുന്നു; എന്തെന്നാൽ നിന്റെ ഹൃദയം അവർക്കുവേണ്ടിയും യുദ്ധത്താലും, വിശപ്പിനാലും, അനീതിയാലും, ദാരിദ്രത്താലും തുടച്ചുനീക്കപ്പെടുന്നവർക്കുവേണ്ടിയും അനുകമ്പയാൽ ത്രസിക്കുന്നല്ലോ.

ആകയാൽ ദൈവമാതാവും ഞങ്ങളുടെ മാതാവുമായവളേ, ഞങ്ങൾ ഞങ്ങളെത്തന്നെയും സഭയെയും, മനുഷ്യരാശി മുഴുവനെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയിനെയും നിന്റെ വിമലഹൃദയത്തിനു ഭരമേൽപ്പിക്കുകയും പ്രിതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങൾ ധൈര്യപൂർവവും സ്‌നേഹപൂർവവുമായി നടത്തുന്ന ഈ പ്രവൃത്തി സ്വീകരിക്കണമേ. യുദ്ധം അവസാനിക്കാനും ലോകം മുഴുവൻ സമാധാനം സ്ഥാപിക്കാനും ഇടയാക്കണമേ. നിന്റെ ഹൃദയത്തിൽനിന്നു ഉയർന്നുവന്ന ”സമ്മതം” സമാധാനരാജനു ചരിത്രത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തു. നിന്റെ ഹൃദയത്തിലൂടെ സമാധാനം ഉദയം ചെയ്യുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. മനുഷ്യകുടുംബത്തിന്റെ മുഴുവൻ ഭാവിയും ഒരോ ജനതയുടെയും ആവശ്യങ്ങളും പ്രതീക്ഷകളും, ലോകത്തിന്റെ ഉൽക്കണ്ഠകളും പ്രത്യാശകളും നിന്റെ മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു.

നിന്റെ മാധ്യസ്ഥത്താൽ ദൈവിക കരുണ ഭൂമിയുടെമേൽ ചൊരിയപ്പെടുകയും സമാധാനത്തിന്റെ മൃദുലസ്വരലയം ഞങ്ങളുടെ ദിനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യട്ടെ.

”നീ സമ്മതം” പറഞ്ഞതുവഴി പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ ഞങ്ങളുടെ നാഥേ, ദൈവത്തിൽനിന്നുവരുന്ന താളലയം ഞങ്ങളുടെ ഇടയിൽ പുനഃസ്ഥാപിക്കപ്പെടട്ടെ. ഞങ്ങളുടെ ഹൃദയങ്ങളുടെ വരൾച്ച ”പ്രത്യാശയുടെ സജീവ ശ്രോതസ്സാകുന്ന” നിന്നാൽ നനയ്ക്കപ്പെടട്ടെ. നിന്റെ ഉദരത്തിലാണ് യേശു മാംസമെടുത്തത്; കൂട്ടായ്മ വളർത്താൻ ഞങ്ങളെ സഹായിക്കണമേ. നീ ഒരിക്കൽ ഞങ്ങളുടെ ലോകത്തിന്റെ വഴികൾ താണ്ടി; ഇന്നു ഞങ്ങളെ സമാധാനത്തിന്റെ പാതയിലുടെ നയിക്കണമേ. ആമേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment