🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി ആറാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി ”
(മത്തായി 1:18).
മാര്‍ യൗസേപ്പുപിതാവിന് മരണാനന്തരം ലഭിച്ച മഹത്വം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ വി. തോമസ് അക്വിനാസിന്‍റെയും മറ്റുള്ളവരുടെയും അഭിപ്രായത്തില്‍ ഈശോമിശിഹായും ദൈവമാതാവും കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ മഹത്വത്തിന് മാര്‍ യൗസേപ്പിതാവ് അര്‍ഹനാണെന്ന് മനസ്സിലാക്കാവുന്നതാണ്.
ഈശോമിശിഹാ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ സൂര്യന്‍ മറഞ്ഞു. ഭൂമി മുഴുവന്‍ അന്ധകാരാവൃതമായി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. അനേകം മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ് പലര്‍ക്കും കാണപ്പെട്ടു എന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഇപ്രകാരം ഉയിര്‍ത്തെഴുന്നേറ്റവരുടെ ഗണത്തില്‍ മാര്‍ യൗസേപ്പുപിതാവും ഉള്‍പ്പെട്ടിരുന്നു എന്നാണ് പൊതുവായ അഭിപ്രായം. മാര്‍ യൗസേപ്പിന്‍റെ മൃതശരീരം സംസ്ക്കരിച്ച സ്ഥലം ഇന്നും നമ്മുക്ക് അജ്ഞാതമാണ്.
പക്ഷെ, ആ മൃതശരീരം സംസ്ക്കരിക്കപ്പെട്ട സ്ഥലത്ത് മാര്‍ യൗസേപ്പിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആദിമ ക്രിസ്ത്യാനികള്‍ ആ സ്ഥലം എന്നും പരിപാവനമായി സൂക്ഷിക്കുമായിരുന്നു. വി. പത്രോസിന്‍റെയും മറ്റുപല അപ്പസ്തോലന്‍മാരുടെയും ശവകുടീരങ്ങള്‍ പൂജ്യമായി കരുതിയിരുന്ന ക്രിസ്ത്യാനികള്‍ വി. യൗസേപ്പിന്‍റെ ശവകുടീരം യതൊരു ബഹുമാനവും കൂടാതെ അവഗണിച്ചു എന്നു കരുതുക യുക്തിപരമല്ല.
മാര്‍ യൗസേപ്പിതാവിന്‍റെ മൃതശരീരം ഭൂമിയില്‍ എവിടെയെങ്കിലും അന്ത്യവിശ്രമം കൊള്ളുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥലം ദൈവം തന്നെ പ്രസിദ്ധമാക്കുമായിരുന്നു. ചില വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുള്ള സ്ഥലത്തെ ദൈവം എത്രമാത്രം മഹത്വപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ മാര്‍ യൗസേപ്പു പിതാവ്, മിശിഹാ മരണമടഞ്ഞ അവസരത്തില്‍ പുനരുദ്ധാനം ചെയ്തവരുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സയുക്തികം അനുമാനിക്കാം. മാര്‍ യൗസേപ്പു പിതാവ്, നമ്മുടെ ദിവ്യരക്ഷകനായ ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ അവിടുത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതനായി എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ നമ്മുടെ വത്സലപിതാവ് വര്‍ണ്ണനാതീതമായ മഹത്വത്തിനര്‍ഹനാണ്. ഈശോമിശിഹായും പ. കന്യകാമറിയവും കഴിഞ്ഞാല്‍ സകല സ്വര്‍ഗ്ഗവാസികളുടെയും സ്നേഹാദരങ്ങള്‍ക്കും സ്തുതികള്‍ക്കും അദ്ദേഹം പാത്രീഭൂതനായി.
മാര്‍ യൗസേപ്പിതാവിനെ അനുകരിച്ച് അദ്ദേഹത്തെപ്പോലെ വിശ്വസ്തതയോടുകൂടി ദൈവസേവനവും മാനവകുല സ്നേഹവും നിര്‍വഹിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ മഹത്വം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്നതാണ്. ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ യഥാവിധി നാം നിര്‍വഹിക്കണം. നമ്മില്‍ ഓരോരുത്തര്‍ക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. അത് നാം എത്ര വൈഭവത്തോടു കൂടി തന്മയത്വപൂര്‍വ്വം നിര്‍വഹിച്ചുവോ അതാണ് ഒരു വ്യക്തിയുടെ മഹത്വത്തിന് നിദാനം. പിതാവായ ദൈവം മാര്‍ യൗസേപ്പിനെ ഭാരമേല്‍പ്പിച്ച ചുമതലയും ദൗത്യവും ഏറ്റവും പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചു.
സംഭവം
🔶🔶🔶🔶
സ്പെയിനില്‍ വലിയ സമ്പന്നനായ ഒരു പ്രഭു, തിരുസഭയുടെ പ്രബോധനങ്ങളെയും ദൈവപ്രമാണങ്ങളെയും അവഗണിച്ചു കൊണ്ട് സുഖലോലുപ ജീവിതം നയിച്ചിരുന്നു. അയാളുടെ നടപടികളെ ഇഷ്ടപ്പെട്ടില്ല എന്നതിന്‍റെ പേരില്‍ സ്വപുത്രനെ വീട്ടില്‍ നിന്നും അടിച്ചിറക്കിവിട്ടു. ഭാര്യയും ഇടവക വികാരിയും നല്‍കിയ ഉപദേശങ്ങള്‍ തൃണവത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഒരു സ്ത്രീ, മാര്‍ യൗസേപ്പുപിതാവിന്‍റെ ഒരു മനോഹര ചിത്രം വില്‍പ്പനയ്ക്കായി കൊണ്ടുവന്നു. അത് അവളുടെ ഭര്‍ത്താവ് വരച്ചതാണ്. ഭര്‍ത്താവ് നിരാലംബനും രോഗബാധിതനും ആയിക്കഴിയുകയാണെന്നും ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ എന്തെങ്കിലും സഹായം ചെയ്യണമെന്നും ആ സ്ത്രീ അപേക്ഷിച്ചു.
രൂപം വളരെ മനോഹരമായതിനാല്‍ അതു വാങ്ങിച്ചിട്ട് ആ പ്രഭു ആവശ്യപ്പെട്ട വില കൊടുത്തു. തിരുസ്വരൂപം യൗസേപ്പിന്‍റെ മരണരംഗതിന്‍റേതായിരിന്നു. അയാള്‍ക്ക് ചിത്രം കണ്ടപ്പോള്‍ മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടായി. കഴിഞ്ഞ കാലത്തെയും സ്വന്തം തെറ്റുകളെയും പറ്റി ചിന്തിച്ചു. ചിത്രം വരച്ചത് അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും ആട്ടിപ്പായിച്ച സ്വപുത്രനാണെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ പ്രഭു പശ്ചാത്താപഭരിതനായി പുത്രനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം അയാള്‍ പാപസങ്കീര്‍ത്തനം നടത്തി ഉത്തമ ക്രിസ്ത്യാനിയായി ജീവിതം നയിച്ചു.
ജപം
🔶🔶
സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരി. കന്യകാമറിയത്തോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഭാവിയില്‍ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹമാക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 2️⃣6️⃣⚜️⚜️⚜️⚜️
ഉട്രെക്റ്റിലെ വിശുദ്ധ ലുഡ്ജര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
എഡി 744-ല്‍ നെതര്‍ലന്‍ഡിലെ ഫ്രീസിയായിലുള്ള, സൂയിലെനിലാണ് വിശുദ്ധ ലുഡ്ജര്‍ ജനിച്ചത്. അതീവ ദൈവഭക്തിയും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും മൂലം വിശുദ്ധനുമായി ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഇഷ്ടപ്പെടുവാന്‍ കാരണമായി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഉട്രെക്റ്റിലെ വിശുദ്ധ ഗ്രിഗറിയേ കാണുവാനിടയായി. അദ്ദേഹമാണ് വിശുദ്ധന് സന്യാസവസ്ത്രം നല്‍കിയത്. 24-മത്തെ വയസ്സില്‍ ഒരു പുരോഹിതാര്‍ത്ഥിയും, 34-മത്തെ വയസ്സില്‍ വിശുദ്ധ ലുഡ്ജര്‍ പുരോഹിതപട്ടം സ്വീകരിക്കുകയും ചെയ്തു.
ലുഡ്ജറിനെ ആദ്യമായി പഠിപ്പിച്ചത് വിശുദ്ധ ഗ്രിഗറിയാണ് (വിശുദ്ധ ഗ്രിഗറിയുടെ ജീവ സംഗ്രഹം വിശുദ്ധ വിശുദ്ധ ലുഡ്ജറാണ് രചിച്ചിട്ടുള്ളത്). 767-ല്‍ ധന്യനായ യോര്‍ക്കിലെ അല്‍ക്കൂയിന്റെ ശിഷ്യനാകുവാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ വിശുദ്ധന്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചു, അക്കാലത്ത് വിശുദ്ധന്റെ സ്വന്തം രാജ്യക്കാരനായിരുന്ന ഒരാള്‍ ഒരു ഇംഗ്ലീഷ് വ്യാപാരിയെ കൊലപ്പെടുത്തുകയും, ഈ പ്രവര്‍ത്തി തന്റെ രാജ്യത്തിനു നേരെ തദ്ദേശവാസികളുടെ വെറുപ്പിനു കാരണമാകുകയും അത് ഒരു വര്‍ഗീയ ലഹളയായി മാറുകയും ചെയ്തതിനാല്‍ വിശുദ്ധന്‍ അവിടം വിട്ടു.
പിന്നീട് ഡെന്‍വെന്ററില്‍ വിശുദ്ധ ലെബൂയിന്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കുവാനായി 775-ല്‍ വിശുദ്ധന്‍ ഡെന്‍വെന്ററിലേക്കയക്കപ്പെട്ടു. 777-ല്‍ വിശുദ്ധ ഗ്രിഗറിയുടെ പിന്‍ഗാമിയായിരുന്ന വിശുദ്ധ അല്‍ബെറിക്ക്, ലുഡ്ജറിനെ ഒരു പുരോഹിതനാകുവാന്‍ നിര്‍ബന്ധിക്കുകയും, ഇതിനു ശേഷം വിശുദ്ധ ലുഡ്ജര്‍, വിശുദ്ധ ബോനിഫസ് മരണമടഞ്ഞ സ്ഥലമായ ഡോക്കുമില്‍ തങ്ങികൊണ്ട് ഫ്രീസ്ലാണ്ടേഴ്സ് മുഴുവന്‍ സുവിശേഷം പ്രചരിപ്പിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശുദ്ധന്‍ നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു (ഡോക്കുമിലെ പ്രസിദ്ധമായ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു). അവിടെയുണ്ടായിരിന്ന നിരവധി വിഗ്രഹങ്ങള്‍ അദ്ദേഹം നശിപ്പിക്കുകയും, അനേകം വിജാതീയരെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ 784-ല്‍ സാക്സണ്‍ നേതാവായ വിഡ്കുണ്ട് അവിടം ആക്രമിക്കുകയും, നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും, മുഴുവന്‍ സുവിശേഷകരേയും ആട്ടിപ്പായിക്കുകയും ചെയ്തു.
വിശുദ്ധ ലുഡ്ജര്‍ ഈ അവസരം മുതലെടുത്ത് റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. പ്രസിദ്ധമായ ബെനഡിക്ടന്‍ ആശ്രമമായ മോണ്ടെ കാസ്സിനോയില്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം താമസിച്ചു. പില്‍ക്കാലത്ത് വിശുദ്ധന്‍ വെര്‍ഡെനില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ ഭാവി പദ്ധതികള്‍ ഇവിടെ വെച്ചാണ് തീരുമാനിച്ചുറപ്പിക്കുന്നത്. ഒരു പക്ഷേ വിശുദ്ധന്‍ ചാര്‍ളിമേയിനുമായി ചക്രവര്‍ത്തിയുമായി കൂടികാഴ്ചയും നടത്തിയിരിക്കാം. 786-ല്‍ വെസ്റ്റ്ഫാലിയായില്‍ തിരിച്ചെത്തിയപ്പോള്‍, ചക്രവര്‍ത്തി അഞ്ച് പ്രവിശ്യകളുടെ ആത്മീയ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിച്ചു.
അതിനേ തുടര്‍ന്ന് മിമിജെര്‍നേഫോര്‍ഡ് എന്ന സ്ഥലത്ത് വിശുദ്ധന്‍ തന്റെ വാസമാരംഭിച്ചു. ഇവിടെ അദ്ദേഹം ആശ്രമം സ്ഥാപിച്ചതിനാല്‍ ഈ സ്ഥലം മിന്‍സ്റ്റര്‍ എന്ന പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്. മെറ്റ്സിലെ വിശുദ്ധ ക്രോടെഗാങ്ങിന്റെ ആശ്രമനിയമങ്ങളായിരുന്നു അവിടത്തെ ആശ്രമത്തില്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ മാന്യതമൂലം വിശുദ്ധ ലുഡ്ജറിന്, ചാര്‍ളിമേയിന്‍ തന്റെ മുഴുവന്‍ സൈന്യവുമുപയോഗിച്ചു നേടിയവരേക്കാള്‍ കൂടുതല്‍ സാക്സണ്‍മാരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു. അധികം താമസിയാതെ അദ്ദേഹം ട്രിയറിലെ മെത്രാനായി നിയമിതനായി, പിന്നീട് 804-ല്‍ അദ്ദേഹം മിന്‍സ്റ്ററിലെ ആദ്യത്തെ മെത്രാനായി അഭിഷിക്തനായി.
ഹെലിഗോളണ്ടിലും, വെസ്റ്റ്ഫാലിയയിലും അദ്ദേഹം സുവിശേഷ പ്രഘോഷണം നടത്തി. ദേവാലയങ്ങളുടെ ആഡംബര അലങ്കാരങ്ങള്‍ക്കായി നിരവധി ദാനപ്രവര്‍ത്തികള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം ചാര്‍ളിമേയിന്‍ ചക്രവര്‍ത്തിയേ കുറ്റപ്പെടുത്തുകയും, ഇതിന്റെ വിശദീകരണത്തിനായി വിശുദ്ധന്റെ ഭക്തിപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു തീരുന്നത് വരെ ചക്രവര്‍ത്തിക്ക് പുറത്തു കാത്തു നില്‍ക്കേണ്ടതായി വന്നുവെങ്കിലും, ചക്രവര്‍ത്തിക്ക് വിശുദ്ധനോടുള്ള പ്രീതിക്ക് കുറവൊന്നും വന്നില്ല.
കഠിനമായ രോഗപീഡകള്‍ നിമിത്തം വളരെയേറെ വേദനകള്‍ സഹിക്കേണ്ടതായി വന്നുവെങ്കിലും, തന്റെ ജീവിതത്തിന്റെ അവസാനം നിമിഷം വരെ വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. 809-ല്‍ ജെര്‍മ്മനിയിലെ വെസ്റ്റ്ഫാലിയായിലുള്ള ബില്ലര്‍ബെക്കില്‍ ഒരു സുവിശേഷ പ്രഘോഷണ യാത്രയില്‍ വെച്ചാണ് വിശുദ്ധ ലുഡ്ജര്‍ മരണപ്പെട്ടത്. വിശുദ്ധന്‍റെ ഭൗതീകശരീരം, വെര്‍ഡെനില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ബെനഡിക്ടന്‍ ആശ്രമത്തിലാണ് അടക്കം ചെയ്തത്. വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ക്കേതന്നെ സഭാഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ തിരുനാള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.
ഒരു അരയന്നത്തിനൊപ്പം നില്‍ക്കുന്ന രീതിയിലും തന്റെ പാദങ്ങള്‍ക്കിരുവശവും രണ്ട് അരയന്നങ്ങളുമായി നില്‍ക്കുന്ന രീതിയിലും, പ്രാര്‍ത്ഥന ചൊല്ലികൊണ്ടിരിക്കുന്ന രീതിയിലും, ദേവാലയത്തിന്റെ മാതൃക തന്റെ കൈകളില്‍ വഹിച്ചുകൊണ്ട് നില്‍ക്കുന്ന രീതികളിലും വിശുദ്ധനെ ചിത്രീകരിച്ചു കാണാറുണ്ട്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഷെര്‍ബോണ്‍ ബിഷപ്പായ അല്‍ഫ് വേള്‍ഡ്
2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ബാസില്‍ ജൂനിയര്‍
3. ബാള്‍ത്തൂസും വേറോക്കയും
4. റോമയിലെ പീറ്ററും മാര്‍സിയനും ജോവിനൂസും തെക്ലായും കാസിയനും
5. റോമന്‍ ഉദ്യോഗസ്ഥനായ കാസ്റ്റുളുസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
നിന്റെ സൂര്യൻ അസ്തമിക്കുകയില്ല.. നിന്റെ ചന്ദ്രൻ മറയുകയുമില്ല.. കർത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും.. നിന്റെ വിലാപദിനങ്ങൾ അവസാനിക്കും.. (എശയ്യാ : 60/20)
സർവ്വശക്തനായ ദൈവമേ.. അങ്ങയുടെ സ്നേഹത്തിന്റെ ഉയരവും ആഴവും ഗ്രഹിക്കാനും.. അതിൽ നിന്നും ഒരിക്കലും വേർപെട്ടു പോകാതിരിക്കാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു.. ജീവിതത്തിൽ പലപ്പോഴും കണ്ണുനീരിന്റെയും രക്തത്തിന്റെയും വഴിയിൽ കൂടി ഞങ്ങൾക്കു സഞ്ചരിക്കേണ്ടി വരുന്നതും.. സ്വയം എഴുന്നേൽക്കുവാൻ അശക്തരായി ഞങ്ങൾ വീണു പോകുന്നതും അത്രമേൽ പ്രിയപ്പെട്ടവരുടെ സ്നേഹചുംബനങ്ങളാൽ ഒറ്റിക്കൊടുക്കപ്പെടുമ്പോഴല്ല.. കൂടെ നിന്നവർ ഏറെ സമർത്ഥമായി ഞങ്ങളെ ചതിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടും ആ യഥാർഥ്യത്തെ മനസ്സു കൊണ്ട് അംഗീകരിക്കാനോ ജീവിതം കൊണ്ടു പ്രതിരോധിക്കാനോ ഞങ്ങൾക്കു കഴിയാതെ പോകുമ്പോഴാണ്..
എന്റെ ക്രൂശിതാ.. പൊള്ളയായ സ്നേഹപ്രകടനങ്ങളാൽ വ്രണിതമായ ഞങ്ങളുടെ ഹൃദയത്തെയും.. ജീവിതത്തോടുള്ള ഞങ്ങളുടെ മടുപ്പിനെയും ആണിപ്പഴുതുള്ള അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.. എല്ലാ സങ്കടങ്ങളെയും അതിജീവിക്കാനുള്ള കരുത്തും.. മന:സാന്നിധ്യവും നൽകിയനുഗ്രഹിക്കേണമേ.. ഞങ്ങളെ വേദനിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും.. ജീവിതസഹനങ്ങളെ കുരിശോടു ചേർത്തു വച്ചു കൊണ്ട് ക്ഷമയുടെ വിശുദ്ധ പാതയിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്കു മാർഗ്ഗനിർദേശവും സഹായവുമരുളുകയും ചെയ്യണമേ..
വിനീത ഹൃദയനായ വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങളെ വിനയമുള്ളവരാക്കേണമേ.. ആമേൻ .
കഷ്‌ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.
പ്രഭാഷകന്‍ 4 : 4
കര്‍ത്താവ് എന്റെ പ്രകാശവും രക്‌ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 27 : 1
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍
ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍,
അവര്‍തന്നെ കാലിടറി വീഴും.
സങ്കീര്‍ത്തനങ്ങള്‍ 27 : 2
ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും
എന്റെ ഹൃദയം ഭയം അറിയുകയില്ല;
എനിക്കെതിരേയുദ്‌ധമുണ്ടായാലും
ഞാന്‍ ആത്‌മധൈര്യം വെടിയുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 27 : 3
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്‌അപേക്‌ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍അവിടുത്തെ ഹിതം ആരായാനും വേണ്ടി
ജീവിതകാലം മുഴുവന്‍ അവിടുത്തെആലയത്തില്‍ വസിക്കാന്‍തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 27 : 4
ക്‌ളേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക് അഭയംനല്‍കും;
തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും;
എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
സങ്കീര്‍ത്തനങ്ങള്‍ 27 : 5
എന്നെ വലയം ചെയ്യുന്നശത്രുക്കളുടെ മുകളില്‍ എന്റെ ശിരസ്‌സ് ഉയര്‍ന്നു നില്‍ക്കും;
ആഹ്‌ളാദാരവത്തോടെ അവിടുത്തെകൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും;
ഞാന്‍ വാദ്യഘോഷത്തോടെകര്‍ത്താവിനെ സ്‌തുതിക്കും.
സങ്കീര്‍ത്തനങ്ങള്‍ 27 : 6
ഉത്തമനായ മനുഷ്യന് കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു;
തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്‌ശിക്‌ഷയ്‌ക്കു വിധിക്കുന്നു.
സുഭാഷിതങ്ങള്‍ 12 : 2
ദുഷ്‌ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല;
നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.
സുഭാഷിതങ്ങള്‍ 12 : 3
ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം;
അപമാനം വരുത്തിവയ്‌ക്കുന്നവള്‍അവന്റെ അസ്‌ഥികളിലെ അര്‍ബുദവും.
സുഭാഷിതങ്ങള്‍ 12 : 4
നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്‌തമാണ്;
ദുഷ്‌ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്‌മകവും.
സുഭാഷിതങ്ങള്‍ 12 : 5
ദുഷ്‌ടരുടെ വാക്കുകള്‍ രക്‌തത്തിനുപതിയിരിക്കുന്നു;
സത്യസന്‌ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 12 : 6
ദുഷ്‌ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും;
നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.
സുഭാഷിതങ്ങള്‍ 12 : 7


Leave a comment