🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു”
(ലൂക്കാ 4:22).
മറ്റു വിശുദ്ധന്‍മാരേക്കാള്‍ വിശുദ്ധ യൌസേപ്പ് പിതാവിന് തിരുസഭ നല്‍കുന്ന പരിഗണന
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നതില്‍ തിരുസഭ ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പ. കന്യകയ്ക്കു നല്‍കുന്ന വണക്കത്തെ അതിവണക്കം (hyperbulia) എന്നു പറയുന്നു. മറ്റു വിശുദ്ധന്‍മാര്‍ക്കു നല്‍കുന്ന ബഹുമാനത്തിന് വണക്കം (bulia) എന്നത്രേ പറയുന്നത്. മറ്റു വിശുദ്ധന്‍മാരില്‍ എല്ലാം കൊണ്ടും ഏറ്റം സമാദരണീയന്‍ നമ്മുടെ പിതാവ് മാര്‍ യൗസേപ്പത്രേ. അദ്ദേഹം ഭൂമിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രതിപുരുഷനായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മര്‍ത്യനായി അവതരിച്ച സുതനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ്.
പരിശുദ്ധാത്മാവിന്‍റെ നിര്‍മ്മല മണവാട്ടിയുടെ വിരക്തഭര്‍ത്താവ് എന്നീ നിലകളില്‍ വീക്ഷിക്കുമ്പോള്‍ നമ്മുടെ വത്സല പിതാവ് ദൈവമാതാവ് കഴിഞ്ഞാല്‍ മാനവകുലത്തില്‍ ഏറ്റവും ബഹുമാന്യനും വിശുദ്ധനും അഥവാ വണക്കത്തിനും അര്‍ഹനാണ്.
തിരുസഭാംബിക വിശുദ്ധ യൗസേപ്പിതാവിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. ആദിമ ശതകങ്ങളില്‍ അവതരിപ്പിച്ച നിത്യവചനത്തിന്‍റെ വ്യക്തിത്വത്തിലാണ് തിരുസഭ അവളുടെ ശ്രദ്ധ കൂടുതലായി പതിച്ചത്. അതിനുശേഷം ദൈവജനനിയോടുള്ള ഭക്തിയില്‍ പുരോഗമിച്ചു. പിന്നീട് മാര്‍ യൗസേപ്പിനോടുള്ള ഭക്തി പരിപോഷിപ്പിക്കുന്നതിലും സഭാമാതാവ് തത്പരയായിരുന്നു.
വിശുദ്ധന്‍മാരെ ബഹുമാനിക്കുമ്പോള്‍ അതിലൂടെ സഭയുടെ സന്താനങ്ങള്‍ക്കുളവാകുന്ന ആദ്ധ്യാത്മിക നന്മയാണ് വിശുദ്ധരെ ബഹുമാനിക്കുന്നതിനുള്ള പ്രചോദകമായ വസ്തുത. മാര്‍ യൗസേപ്പിതാവിനെ ബഹുമാനിക്കുമ്പോള്‍ മറ്റു വിശുദ്ധരെ ബഹുമാനിക്കുന്നതില്‍ കൂടുതലായ പ്രയോജനമുണ്ടാകുമെന്ന്‍ നിസംശയം പറയാം. അത്കൊണ്ട് തന്നെ പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാല്‍ മാര്‍ യൗസേപ്പിനോട് മറ്റു വിശുദ്ധന്‍മാരെ അപേക്ഷിച്ച് തിരുസഭ കൂടുതല്‍ ഭക്തി പ്രകടിപ്പിക്കുന്നു.
മാര്‍ യൗസേപ്പ് ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനായിരുന്നു. പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തു പിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമായിരുന്നല്ലോ. തിരുക്കുടുംബ നാഥന്‍ എന്നുള്ള നിലയില്‍ തിരുസഭയുടെ ഭാഗധേയങ്ങളില്‍ മാര്‍ യൗസേപ്പ് അതീവ ശ്രദ്ധാലുവാണ്. തന്നിമിത്തം സഭയുടെ സാര്‍വത്രിക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു. മാര്‍ യൗസേപ്പിനെ എല്ലാവരും കൂടുതലായി ബഹുമാനിക്കണമെന്നു തിരുസഭ ആഗ്രഹിക്കുന്നുണ്ട്. ആദ്ധ്യാത്മികവും ശാരീരികവും ഭൗതികവുമായിട്ടുള്ള എല്ലാ ആവശ്യങ്ങളിലും മാര്‍ യൗസേപ്പ് നമ്മെ സഹായിക്കുമെന്നുള്ളത് ഉറപ്പാണ്.
സംഭവം
🔶🔶🔶
1863-ല്‍ ലിയോണ്‍സ് നഗരത്തില്‍ വലിയൊരു സാംക്രമിക രോഗബാധ ഉണ്ടായി. ദിവസം പ്രതി അനേകം പേര്‍ മരണമടഞ്ഞു. സാംക്രമിക രോഗബാധ അറിയാതിരുന്ന ഒരു പ്രഭു ലിയോണ്‍സ് നഗരത്തിലേക്ക് സ്വപുത്രനേയും കൊണ്ട് പുറപ്പെട്ടു. അവിടെ ചില ദിവസങ്ങള്‍ താമസിക്കുന്നതിനു ശേഷമാണ് പട്ടണത്തില്‍ സാംക്രമിക രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്ന വസ്തുത അദ്ദേഹം അറിയുന്നത്.
കാര്യനിര്‍വഹണം കഴിഞ്ഞ് മകനുമൊത്ത് പ്രഭു വീട്ടിലെത്തി. ഭവനത്തിലെത്തിയ ഉടന്‍ മകന്‍ രോഗബാധിതനായി. തന്നിമിത്തം സമര്‍ത്ഥരായ ഭിഷഗ്വരന്‍മാരെ തന്നെ വൈദ്യ പരിചരണം നല്‍കി. പക്ഷേ, രോഗം ഗുരുതരമായിത്തീര്‍ന്നു. മരണം സുനിശ്ചിതമെന്ന്‍ ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍ പ്രഭു വിശുദ്ധ യൗസേപ്പിതാവിന്‍റെ ഭക്തനായിരുന്നതിനാല്‍ വന്ദ്യപിതാവിനോടുള്ള ഒരു നവനാള്‍ പ്രാര്‍ത്ഥന ആരംഭിച്ചു.
സാംക്രമിക രോഗം മറ്റുള്ളവര്‍ക്ക് പകരും എന്ന അപകടം ഒഴിവാക്കാന്‍ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പ്രഭുവും രോഗബാധിതനായ കുമാരനെ വ്യസനത്തോടെ അനുഗമിച്ചു. മാര്‍ഗമദ്ധ്യേ അത്ഭുതകരമായി മരണാസന്നനായ പുത്രന്‍ സുഖം പ്രാപിച്ചു. മാര്‍ യൗസേപ്പിന്‍റെ അനുഗ്രഹമാണെന്ന് ആ പ്രഭു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രോഗാതുരരുടെ വത്സലപിതാവാണ് വിശുദ്ധ യൗസേപ്പ്.
ജപം
🔶🔶
ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്‍മാരേക്കാള്‍ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളുടെ സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഭക്തരും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെ പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
വിശുദ്ധരുടെ സമുന്നത നേതാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിശുദ്ധിയില്‍ നയിക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 2️⃣7️⃣⚜️⚜️⚜️⚜️
ഈജിപ്തിലെ വിശുദ്ധ ജോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
AD 304-ല്‍ ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ സന്യാസിയോടൊപ്പം ഏതാണ്ട് 12 വര്‍ഷത്തോളം വിശുദ്ധന്‍ താമസിച്ചു.
വിശുദ്ധന് 40-വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്തവാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും, പ്രാര്‍ത്ഥനയും ധ്യാനപ്രവര്‍ത്തികളുമായി അദ്ദേഹം കഴിഞ്ഞു. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും തന്റെ മുറിയുടെ കിളിവാതിലിലൂടെ തന്റെ പക്കല്‍ ഉപദേശം തേടിവരുന്ന ഭക്തരോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു. വിശുദ്ധന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപം ഒരു ശുശ്രൂഷാലയം സ്ഥാപിക്കുകയും അവിടെ വരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു. ഇവര്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ചും, പ്രവചനപരമായ കഴിവിനേയും, ആളുകളുടെ ഉള്ളിരിപ്പ് വായിക്കുവാനുള്ള കഴിവിനേയും പൊതുജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചാരം കൊടുത്തു.
ഭാവിയെപ്പറ്റി പ്രവചിക്കുവാനുള്ള വിശുദ്ധന്റെ കഴിവുകാരണം അദ്ദേഹത്തിന് ‘തെബായിഡിലെ പ്രവാചകന്‍’ എന്ന വിളിപ്പേര് നേടികൊടുത്തു. തിയോഡോസിയൂസ് ചക്രവര്‍ത്തിയെ സ്വേച്ഛാധിപതിയായ മാക്സിമസ് ആക്രമിച്ചപ്പോള്‍, തിയോഡോസിയൂസ് വിശുദ്ധനോട് യുദ്ധത്തിന്റെ ഗതിയെ കുറിച്ച് ആരാഞ്ഞു, ആ യുദ്ധത്തില്‍ യാതൊരുവിധ രക്തചൊരിച്ചിലും കൂടാതെ തന്നെ തിയോഡോസിയൂസ് വിജയിക്കുമെന്ന് വിശുദ്ധന്‍ പ്രവചിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു. അതുപോലെ തന്നെ 392-ല്‍ ഇയൂജെനീയൂസിനെതിരായി താന്‍ സൈനിക നീക്കം നടത്തിയാല്‍ അത് വിജയിക്കുമോ, അതോ ഇയൂജെനീയൂസിന്റെ ആക്രമണത്തിനായി കാത്തിരിക്കണമോയെന്ന് ഒരിക്കല്‍ തിയോഡോസിയൂസ് വിശുദ്ധനോട് ആരാഞ്ഞു, ഈ യുദ്ധത്തില്‍ ചക്രവര്‍ത്തി വിജയിക്കുമെന്നും, എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല, തിയോഡോസിയൂസ് ഇറ്റലിയില്‍ വെച്ച് മരണപ്പെടുമെന്നും വിശുദ്ധന്‍ പ്രവചിച്ചു. ആ യുദ്ധത്തില്‍ തിയോഡോസിയൂസിനു ഏതാണ്ട് 10,000 ത്തോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം വിജയിക്കുകയും 395-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു.
ഒരു സെനറ്ററിന്റെ ഭാര്യയുടെ കാഴ്ചശക്തി വീണ്ടെടുത്തതും വിശുദ്ധന്റെ അത്ഭുതപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്‍ സ്ത്രീകളെ കാണുകയോ അവരുമായി സംസാരിക്കുവാനോ കൂട്ടാക്കുമായിരുന്നില്ല. വിശുദ്ധനെ കാണുവാന്‍ വേണ്ടി മാത്രം ലിക്കോപോളിസിലെത്തിയ, ചക്രവര്‍ത്തിയുടെ ഒരുന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക് വിശുദ്ധനെ കാണുവാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വരികയും, എന്നാല്‍ അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ വിശുദ്ധന്‍ അവള്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും നല്ലഉപദേശങ്ങള്‍ നല്‍കുകയും ചെയ്ത സംഭവം ഇവാഗ്രിയൂസ്, പല്ലാഡിയൂസ്, ഓഗസ്റ്റിന്‍ എന്നിവര്‍ ‘മരിച്ചവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍’ എന്ന പ്രബന്ധത്തില്‍ വിവരിക്കുന്നു. പില്‍ക്കാലത്ത് ഹെലനോപോളിസിലെ മെത്രാനായി തീര്‍ന്ന പല്ലാഡിയൂസ് 394-ല്‍ വിശുദ്ധ ജോണിനെ സന്ദര്‍ശിക്കുവാന്‍ വന്ന സംഭവം വിവരിക്കുന്നുണ്ട്: അടുത്ത ശനിയാഴ്‌ച വരെ വിശുദ്ധനെ കാണുവാന്‍ സാധിക്കുകയില്ലെന്ന്‍ മനസ്സിലാക്കിയ അദ്ദേഹം തിരിച്ചു പോയി.
അടുത്ത ദിവസം അതിരാവിലെ തന്നെ വിശുദ്ധന്‍ തന്റെ ജാലകത്തിലിരുന്ന്‍ മറ്റുള്ളവരുമായി സംസാരിക്കുന്നതായി കണ്ട അദ്ദേഹം ഒരു ദ്വിഭാഷി മുഖേന താന്‍ ഇവാഗ്രിയൂസ് സമൂഹത്തില്‍ നിന്നും ഉള്ളവനാണെന്ന്‍ അറിയിച്ചു കൊണ്ട് തന്നെ തന്നെ വിശുദ്ധനെ പരിചയപ്പെടുത്തി. ഈ സമയം ഗവര്‍ണറായ അലീപിയൂസ് അവിടെ വരികയും, പല്ലാഡിയൂസിനോട് കാത്തിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിശുദ്ധന്‍ ഗവര്‍ണറൊട് സംസാരിക്കുവാനായി പോയി. ഏറെനേരം കാത്തിരിക്കേണ്ടി വന്നതില്‍ അക്ഷമനായ പല്ലാഡിയൂസ് കോപാകുലനാവുകയും അവിടെ നിന്ന് എഴുന്നേറ്റ് പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അപ്പോള്‍ വിശുദ്ധന്‍ തന്റെ ദ്വിഭാഷി മുഖേന പല്ലാഡിയൂസിനോട് അക്ഷമനാകാതിരിക്കുവാനും ഗവര്‍ണറെ പറഞ്ഞുവിട്ടതിനു ശേഷം താന്‍ അദ്ദേഹത്തോട് സംസാരിക്കാമെന്നും അറിയിച്ചു. തന്റെ മനസ്സിലെ വിചാരങ്ങളെ വായിച്ചറിഞ്ഞ വിശുദ്ധന്റെ കഴിവില്‍ പല്ലാഡിയൂസ് അതിശയപ്പെട്ടു. ഗവര്‍ണര്‍ പോയതിനു ശേഷം പല്ലാഡിയൂസിന്റെ പക്കലെത്തിയ വിശുദ്ധന്‍, താന്‍ ഗവര്‍ണറിനു ആദ്യപരിഗണന കൊടുത്തതിന്റെ കാരണം ബോധിപ്പിക്കുകയും, പല്ലാഡിയോസിനോടു തന്റെ മനസ്സില്‍ നിന്നും പിശാചിന്റെ പ്രലോഭനങ്ങളെ ഉപേക്ഷിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല അദേഹം ഒരു മെത്രാനായിതീരുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിക്കുകയുണ്ടായി. പല്ലാഡിയൂസിന്റെ ഈ സന്ദര്‍ശനത്തെകുറിച്ചുള്ള വിവരണം ഇപ്പോഴും നിലവിലുണ്ട്.
ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ ‘അല്ല’ എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു. ഉടനെതന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്, കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല”. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൌഖ്യപ്പെടുത്തുകയും ചെയ്തു.
അഹംഭാവത്തേയും, പൊങ്ങച്ചത്തേയും കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പലവിധ ഉപദേശങ്ങള്‍ നല്‍കുകയും, തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും അവയെ ഒഴിവാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി നിരവധി സന്യാസിമാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധന്‍ അവര്‍ക്ക് നല്‍കി. മൂന്ന്‍ ദിവസത്തോളം വിശുദ്ധനോടൊപ്പം കഴിഞ്ഞതിനു ശേഷം അവര്‍ യാത്രപുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍, വിശുദ്ധന്‍ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് നല്‍കികൊണ്ട്, ഇയൂജെനീയൂസിനുമേല്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയുടെ വിജയ വാര്‍ത്തയും അദ്ദേഹത്തിന്റെ സ്വാഭാവിക മരണത്തേക്കുറിച്ച് പ്രവചിക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ജോണ്‍ മരണപ്പെട്ട വിവരം ആ സന്യാസിമാര്‍ മനസ്സിലാക്കി. വിശുദ്ധന്‍ തന്റെ മരണം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു, തന്റെ അവസാന മൂന്ന്‍ ദിവസം അദ്ദേഹം ആരെയും കാണുവാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയില്‍ കഴിയുകയും മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു. വിശുദ്ധന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള കീര്‍ത്തി വിശുദ്ധ അന്തോണീസിന്റെ കീര്‍ത്തിക്ക് തൊട്ടുപുറകിലാണെന്നാണ് പറയപ്പെടുന്നത്. വിശുദ്ധ ജോണിന്‍റെ സമകാലിക വിശുദ്ധന്‍മാരായ ജെറോം, ആഗസ്റ്റിന്‍, ജോണ്‍ കാസ്സിയന്‍ എന്നിവര്‍ വിശുദ്ധനേ ഏറെ ആദരിച്ചിരുന്നു. AD 394ലോ 395ലോ ഈജിപ്തിനു സമീപപ്രദേശത്തു വെച്ചായിരുന്നു വിശുദ്ധന്‍ മരണമടഞ്ഞത്. കോപ്റ്റിക് സഭകളില്‍ ഒക്ടോബര്‍ 17-നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. പന്നോണിയായിലെ വധിക്കപ്പെട്ട പടയാളിയായ അലക്സാണ്ടര്‍
2. ഇംഗ്ലണ്ടിലെ അല്‍കെല്‍ഡ്
3. പോര്‍ത്തുഗീസ് സന്യാസിയായ അമാത്തോര്‍
4. ഇല്ലിരിയായിലെ ഫിലെത്തുസ്, ലീഡിയാ, മാച്ചെഡോ, തെയോപ്രേപീയൂസ്, ആംഫിലോക്കസ്,ക്രോണിദാസ്.
5. അഗുസ്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കര്‍ത്താവിന്റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക.
അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്‌ച നല്‍കുന്നത്;
നിന്റെ ജ്‌ഞാനതൃഷ്‌ണഅവിടുന്ന് ശമിപ്പിക്കും.
പ്രഭാഷകന്‍ 6 : 37
കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ, സ്‌തുതിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 71 : 5-6
🌻പ്രഭാത പ്രാർത്ഥന🌻
ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും.. ബലഹീനമായ കാൽമുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിൻ.. (എശയ്യാ : 35/3)
പരമ പരിശുദ്ധനായ ദൈവമേ.. എളിമയോടെയും അനുതാപത്തോടെയും അവിടുത്തെ തിരുമുൻപിൽ പ്രാർത്ഥനയ്ക്കായ് ഈ പ്രഭാതത്തിൽ ഞങ്ങളണയുമ്പോൾ പാപികളും ബലഹീനരുമായ ഞങ്ങളുടെ മേൽ കനിവും കരുതലുമുണ്ടാകേണമേ.. ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ കൂടെയുള്ളവരും.. ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നവരും വഴിതെറ്റി പോകുന്നതും.. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അശക്തരായി തീരുന്നതും.. ആപത്തനർത്ഥങ്ങളെ ഭയപ്പെട്ടു ജീവിക്കുന്നതും അവരിൽ തന്നെയുള്ള വിശ്വാസബോധ്യങ്ങൾ നഷ്ടപ്പെട്ടു പോകുമ്പോൾ മാത്രമല്ല.. അവർക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനകളിൽ കുറവും മാന്ദ്യവും അനുഭവപ്പെടുമ്പോൾ കൂടിയാണ്..
ഈശോയേ.. ഞങ്ങളിതാ അവിടുത്തെ സന്നിധിയിൽ ജലധാര പോലെ ഞങ്ങളുടെ ഹൃദയങ്ങളെ ചൊരിയുന്നു.. തീഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി പ്രാർത്ഥനയിൽ ശരണപ്പെടാനും.. മറ്റുള്ളവർക്കു വേണ്ടി ദൈവസന്നിധിയിൽ ഉണർന്നിരിക്കാനും.. പ്രാർത്ഥനയിലും ഭക്താനുഷ്ഠാനങ്ങളിലും അവരെയും ചേർത്തു വയ്ക്കാനും ഞങ്ങളെ സഹായിക്കണമേ.. എല്ലാറ്റിലുമുപരി പ്രാർത്ഥനയിലൂടെയും വിശ്വാസവരത്തിലൂടെയും കൈവരുന്ന ദൈവീക സംരക്ഷണത്തിനും കൃപാവരങ്ങൾക്കും അവരെ പ്രാപ്തരാക്കുകയും ചെയ്യണമേ..
അമലോത്ഭവ മറിയത്തിന്റെ വിമലഹൃദയമേ.. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.. ആമേൻ .
കര്‍ത്താവായ യേശുക്രിസ്‌തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.
കൊളോസോസ് 2 : 6
അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്‌ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.
കൊളോസോസ് 2 : 7
ക്രിസ്‌തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്‌ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്‌ധിക്കണം.
കൊളോസോസ് 2 : 8
ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.
കൊളോസോസ് 2 : 9
എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.
കൊളോസോസ് 2 : 10


Leave a comment