നോമ്പുകാല
വചനതീർത്ഥാടനം – 33
വി. മർക്കോസ് 8 : 34
” ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ.”
താപസശ്രേഷ്ഠരായ ആത്മീകാചാര്യന്മാരുടെ അഭിപ്രായത്തിൽ നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ പൂർവ്വാർദ്ധം പ്രാർത്ഥനയാണെങ്കിൽ അതിന്റെ ഉത്തരാർദ്ധം പരിത്യാഗം അഥവാ ഇന്ദ്രിയനിഗ്രഹമാണ്. ആദ്ധ്യാത്മികാഭിവൃദ്ധിക്കു പ്രാർത്ഥനപോലെതന്നെ പ്രധാനമാകുന്നു ഇന്ദ്രിയനിഗ്രഹം. ശരീരത്തിന്റെയും മനസ്സിന്റെയും സ്വാർത്ഥവാസനകളെ നിഗ്രഹിക്കാതെ പ്രാർത്ഥന കൊണ്ടുമാത്രം ആത്മീകാഭിവൃദ്ധി കൈവരുകയില്ല.എന്നുതന്നെയല്ല, ഇന്ദ്രിയനിഗ്രഹംകൂടാതെ പ്രാർത്ഥന പരിശീലിക്കാമെന്നു കരുതുന്നതുപോലും മാഢ്യമാകുന്നു. ആത്മ നിഗ്രഹമാകുന്നു ഏറ്റവും വലിയ പരിത്യാഗം. അതായത്, അവനവന്റെ ഹിതം വെടിഞ്ഞു ദൈവഹിതം ചെയ്യുന്നതിനേക്കാൾ വലിയ പരിത്യാഗമില്ലെന്നു ചുരുക്കം. ഭൂമിയിൽ മനുഷ്യന്റെ ജീവിതം നിരന്തരമായൊരു യുദ്ധത്തിലാണെന്നു പറയാം. അരൂപിയും ജഡവും തമ്മിലുള്ള യുദ്ധമായിട്ടാണ് വി.പൗലോസ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനാൽ നമ്മിലുള്ള ജഡത്തിന്റെ പ്രേരണകളോട് നിരന്തരമായി പോരാടാതെകണ്ട് നമുക്ക് ആത്മാവിന്റെ ജീവൻ നിലനിറുത്താനാവില്ല. സുഭാഷിതകാരൻ പറയുന്നതുപോലെ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നവൻ പട്ടണം പിടിച്ചെടുത്തവനെക്കാളും ശക്തനാകുന്നു.(സുഭാഷിതങ്ങൾ 16 : 32) ദാവീദ് രാജാവ് തനിക്ക് ഗുഹയിൽവച്ചു വളരെ എളുപ്പത്തിൽ കൊന്നു പകരംവീട്ടാൻ സാഹചര്യം ഉണ്ടായിരുന്നിട്ടും സാവൂളിനെ കൊല്ലാതെവിട്ടു. ഇതുവഴി ദാവീദ് തന്റെമേൽത്തന്നെ നേടിയ വിജയം ഒരൊറ്റക്കല്ലുകൊണ്ടു ഗോലിയാത്തിനെ കൊലപ്പെടുത്തി കൈവരിച്ച വിജയത്തെക്കാൾ നൂറുമടങ്ങു തിളക്കമുള്ളതായി.(1 സാമുവൽ 24 : 4 – 8, 17 : 50). അതുകൊണ്ട് കർത്താവ് നമ്മോട് പറയുന്നു: എന്റെ ശിഷ്യനാകണമെങ്കിൽ നിങ്ങളോരോരുത്തരും ആത്മപരിത്യാഗത്തിലധിഷ്ഠിതമായി ജീവിക്കുകതന്നെ വേണം. ഈ രഹസ്യം മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ്, യേശുവിന്റെ ആത്മനിഗ്രഹം നാം നമ്മുടെ ശരീരത്തിൽ വഹിച്ചേ മതിയാകൂ എന്ന് പൗലോസ് ശ്ലീഹ നിഷ്ക്കർഷിച്ചത്( 2 കോറിന്തോസ് 6 : 10 ) നമ്മുടെ ആദ്ധ്യാത്മികജീവിതത്തെ സമ്പന്നമാക്കുന്ന ആത്മപരിത്യാഗത്തിന്റെ സഹനവഴികളിലൂടെ ഈ നോമ്പുകാലം നമുക്കു പിന്നിടാം.
ഫാ. ആന്റണി പൂതവേലിൽ
03 . 04 . 2022

Leave a comment