Daily Saints in Malayalam April 3

⚜️⚜️⚜️⚜️ April 0️⃣3️⃣⚜️⚜️⚜️⚜️
വിശുദ്ധ റിച്ചാര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വോഴ്സെസ്റ്ററില്‍ നിന്നും നാല് മൈല്‍ മാറി ഉപ്പ്‌ കിണറുകളാല്‍ പ്രസിദ്ധമായിരുന്ന സ്ഥലത്ത്, റിച്ചാര്‍ഡ് ഡെ വിച്ചെയുടേയും, ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായിട്ടാണ് വിശുദ്ധ റിച്ചാര്‍ഡ് ജനിച്ചത്. തന്റെ ജ്ഞാനസ്നാന പ്രതിജ്ഞകള്‍ പാലിക്കുന്നതിനായി ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും, അറിവിന്റേയും, നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. തന്റെ മൂത്തസഹോദരന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ വിശുദ്ധന്‍ തന്റെ എളിമയും, വിനയവും കൊണ്ട് തന്റെ സഹോദരന്റെ ഒരു വേലക്കാരനെപോലെ കഠിനമായി അദ്ധ്വാനിക്കുകയും അദ്ദേഹത്തിന്റെ കൃഷിയുടേയും, വ്യവസായത്തിന്റേയും കാര്യങ്ങള്‍ നോക്കി നടത്തുകയും ചെയ്തു.

വിശുദ്ധന്റെ സഹോദരന്റെ അവസ്ഥ മെച്ചപ്പെട്ടതിനു ശേഷം അദ്ദേഹം ഓക്സ്ഫോര്‍ഡില്‍ താന്‍ തുടങ്ങിവെച്ച പഠനം പൂര്‍ത്തിയാക്കുവാനായി പാരീസിലേക്ക് പോയി. ഞായറാഴ്ചകളിലും, പ്രത്യേക ആഘോഷ വേളകളിലും ഒഴികെ വെറും അപ്പവും, ജലവും മാത്രമായിരിന്നു വിശുദ്ധന്റെ ഭക്ഷണം. അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നതിനു ശേഷം അദ്ദേഹം ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഉന്നത ബിരുദത്തിനായി ചേര്‍ന്നു. അതിനു ശേഷം വിശുദ്ധന്‍ അവിടെ നിന്നും ഇറ്റലിയിലെ ബൊള്‍ഗോണയിലേക്ക് പോയി. അവിടെ അദ്ദേഹം സഭാ നിയമങ്ങള്‍ പഠിക്കുകയും, ആ ശാഖയിലെ ഒരു അദ്ധ്യാപകനായി തീരുകയും ചെയ്തു. അവിടെ കുറച്ച് കാലം പഠിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ഓക്സ്ഫോര്‍ഡില്‍ തിരികെ എത്തുകയും, അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം കണക്കിലെടുത്ത് അദ്ദേഹത്തെ ആ സര്‍വ്വകലാശാലയിലെ ചാന്‍സിലര്‍ ആയി നിയമിക്കുകയും ചെയ്തു.

ഇതേ സമയം കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ എഡ്മണ്ട്, അദ്ദേഹത്തിന്റെ രൂപതയില്‍ കിട്ടിയതില്‍ അതിയായി സന്തോഷിക്കുകയും തന്റെ ചാന്‍സിലര്‍ ആയി നിയമിക്കുകയും പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ റിച്ചാര്‍ഡ് ആകട്ടെ അദ്ദേഹത്തിന്റെ ദൈവഭയത്തേയും, ഭക്തിയേയും തന്റെ മാതൃകയാക്കി. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്.

കുറെ നാളുകള്‍ക്ക് ശേഷം മെത്രാപ്പോലീത്ത ഫ്രാന്‍സിലേക്ക് പോയപ്പോള്‍ വിശുദ്ധനും അദ്ദേഹത്തെ അനുഗമിച്ചു. പോണ്ടിഗ്നിയില്‍ വെച്ച് സഭാപിതാവിന്റെ അനുഗ്രഹീതമായ മരണത്തിനു ശേഷം വിശുദ്ധ റിച്ചാര്‍ഡ് ഓര്‍ലീന്‍സിലുള്ള ഡൊമിനിക്കന്‍ ഫ്രിയാര്‍സിന്റെ ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തന്റെ ദൈവശാസ്ത്ര പഠനം തുടരുകയും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. പിന്നീട് വൈദീക സേവനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലെ കാന്റര്‍ബറി രൂപതയിലെത്തി. വിശുദ്ധ എഡ്മണ്ടിനു ശേഷം മെത്രാപ്പോലീത്തയായി തീര്‍ന്ന ബോനിഫസ്, വിശുദ്ധനെ തന്റെ രൂപതയുടെ മുഴുവന്‍ ചാന്‍സലറായി ചുമതലയേല്‍ക്കുവാന്‍ നിര്‍ബന്ധിച്ചു.

ചിച്ചെസ്റ്ററിലെ മെത്രാനായിരുന്ന റാല്‍ഫ് നെവില്‍ 1244-ല്‍ അന്തരിച്ചപ്പോള്‍ രാജാവായിരുന്ന ഹെന്രി മൂന്നാമന്‍ യാതൊരു തരത്തിലും ആ പദവിക്ക് യോജിക്കാത്ത റോബര്‍ട്ട് പാസെല്യൂ എന്ന തന്റെ ഒരു വിശ്വസ്തനെ ആ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ മെത്രാപ്പോലീത്തയും മറ്റു സഭാ പുരോഹിതന്‍മാരും, ആ വ്യക്തി ഈ പദവിക്ക് യോജ്യനല്ലെന്ന് അറിയിക്കുകയും വിശുദ്ധ റിച്ചാര്‍ഡിനെ ആ പദവിയിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്രകാരം 1245-ല്‍ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. എന്നാല്‍ അവിടുത്തെ രാജാവ് വിശുദ്ധന്‍റെ പ്രവര്‍ത്തനങ്ങളെ തടഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വരുകൂട്ടിയ പണം മുഴുവന്‍ രാജാവു അപഹരിച്ചു. രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും വിശുദ്ധന് നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടതായി വന്നു.

പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ ആദായങ്ങള്‍ തിരിച്ചു നല്‍കിയെങ്കിലും അതില്‍ ഒരുപാടു കുറവുണ്ടായിരുന്നു. തുടര്‍ന്ന് വിശുദ്ധന്‍ തന്റെ അവസ്ഥയെക്കുറിച്ച് മാര്‍പാപ്പായായ ഇന്നസെന്റ് നാലാമനെ അറിയിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തില്‍ നിന്നും വിശുദ്ധന്റെ തിരഞ്ഞെടുപ്പിനെ സാധൂകരിച്ചുകൊണ്ടുള്ള ഒരു വിധി പ്രസ്താവം നേടിയെടുക്കുകയും ചെയ്തു. അങ്ങിനെ വിശുദ്ധന്റെ മുഖ്യമായ തടസ്സങ്ങള്‍ നീങ്ങി.

ഇതിന് ശേഷം വിശുദ്ധന്‍ തന്റെ ദൈവഭക്തിയും, വിശ്വാസവും ഇരട്ടിയാക്കി. രോഗികളെ സന്ദര്‍ശിക്കുക, മരിച്ചവരെ അടക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അദ്ദേഹം പതിവാക്കി. ഒരിക്കല്‍ വിശുദ്ധന്റെ ഒരു ദാസന്‍ അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തികള്‍ വിശുദ്ധന്റെ വരുമാനത്തേയും കവച്ച് വെക്കുന്നു എന്ന് പരാതിപെട്ടപ്പോള്‍ “എങ്കില്‍ എന്റെ പാത്രങ്ങളും, കുതിരകളേയും വില്‍ക്കുക” എന്നായിരുന്നു വിശുദ്ധന്‍ മറുപടി കൊടുത്തത്.

ഒരു അഗ്നിബാധ മൂലം വിശുദ്ധന് വലിയ നാശമുണ്ടായപ്പോഴും അദ്ദേഹം “ഒരു പക്ഷേ നമ്മുടെ ഭീരുത്വത്തിനുള്ള ശിക്ഷയായിട്ടായിരിക്കും ദൈവം ഈ നഷ്ടം വരുത്തി വെച്ചത്” എന്ന് പറഞ്ഞു കൊണ്ട് തന്റെ കാരുണ്യപ്രവര്‍ത്തികള്‍ കൂടുതലായി തുടരുകയാണ് ചെയ്തത്. പ്രാര്‍ത്ഥന ചൈതന്യമുള്ള ഒരാത്മാവിനു മാത്രം കഴിയുന്ന രീതിയില്‍, ദൈവത്തിന്റെ വചനങ്ങള്‍ തന്റെ അജഗണത്തെ വളരെ വിജയകരമായി പഠിപ്പിച്ചു. തനിക്ക് ലഭിച്ച അപമാനങ്ങള്‍ക്കെല്ലാം ഉപകാരങ്ങള്‍ കൊണ്ടാണ് വിശുദ്ധന്‍ മറുപടി കൊടുത്തത്. എന്നാല്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ വിശുദ്ധന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. പാപം ചെയ്യുന്ന പുരോഹിതരെ ശിക്ഷിക്കുന്നതില്‍ നിന്നും വിശുദ്ധനെ തടയുവാന്‍ മെത്രാപ്പോലീത്താക്കോ, രാജാവിനോ, മറ്റ് സഭാപുരോഹിതര്‍ക്കോ കഴിയുമായിരുന്നില്ല. എന്നാല്‍ മാനസാന്തരപ്പെട്ട പാപികളെ അദ്ദേഹം കാരുണ്യത്തോട് കൂടി സ്വീകരിച്ചിരുന്നു.

പ്രാചീന അറബ് മുസ്ലീമുകള്‍ക്കെതിരായി ഒരു വിശുദ്ധ-യുദ്ധത്തിനു മാര്‍പാപ്പാ ആഹ്വാനം ചെയ്ത അവസരത്തില്‍ ഒരു വചന-പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന വിശുദ്ധന്‍ കടുത്ത പനിപിടിച്ചു കിടപ്പിലാവുകയും തന്റെ മരണം മുന്‍കൂട്ടി പറയുകയും ചെയ്തു. ദൈവസ്നേഹവും, നന്ദിപ്രകാശനങ്ങളുമായി വിശുദ്ധന്‍ തന്റെ മരണത്തിനു തന്നെ തന്നെ സന്നദ്ധനാക്കി. 1253 ഏപ്രില്‍ 3ന് ദൈവത്തിന്റെ ഭവനം എന്ന് വിളിക്കപ്പെടുന്ന ഡോവറിലെ ഒരാശുപത്രിയില്‍ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 56 വയസ്സായിരുന്നു പ്രായം.

അദ്ദേഹത്തിന്റെ മൃതദേഹം ചിച്ചെസ്റ്ററിലേക്ക് കൊണ്ട് വരികയും വിശുദ്ധ എഡ്മണ്ടിന്റെ ഓര്‍മ്മക്കായി അദ്ദേഹം തന്നെ അഭിഷേകം ചെയ്ത അവിടത്തെ കത്രീഡലിന്റെ അള്‍ത്താരക്ക് മുന്‍പില്‍ വെക്കുകയും ചെയ്തു. 1276 ജൂണ്‍ 16ന് അത് കൂടുതല്‍ ആദരണീയമായൊരു സ്ഥലത്തേക്ക് മാറ്റി. അത്ഭുതകരമായി ഒരു തളര്‍വാതരോഗി സൌഖ്യപ്പെട്ടതും അദ്ദേഹത്തിന്റെ കബറിടത്തില്‍ വെച്ച് മൂന്നോളം ആളുകള്‍ മാനസാന്തരത്തിലേക്ക് തിരികെ വന്നതും മൂലം മാര്‍പാപ്പയെ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കുവാന്‍ പ്രേരിപ്പിച്ചു. ഈ കമ്മീഷന്‍റെ മുന്നില്‍ വെച്ച് അതേ സ്ഥലത്ത് തന്നെ നിരവധി അത്ഭുതങ്ങള്‍ ആധികാരികമായി തെളിയിക്കപ്പെട്ടു. 1262-ല്‍ ഉര്‍ബന്‍ നാലാമന്‍ പാപ്പ, വിശുദ്ധ റിച്ചാര്‍ഡിനെ ഔദ്യോഗികമായി വിശുദ്ധനെന്ന്‍ പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അഗാപ്പെ, ചിയോണിയ, ഐറിന്‍

2. സിസിലിയിലെ അറ്റലാ

3. ഇംഗ്ലണ്ടിലെ ബുര്‍ഗൊണ്ടാഫാരാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അങ്ങ്‌ പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്‌.
മണലാരണ്യത്തിലെ ഉഷ്‌ണക്കാറ്റുപോലെ, വിദേശികളുടെ ആക്രോശം അങ്ങ്‌ അടക്കുന്നു. മേഘത്തിന്റെ തണല്‍ വെയില്‍ മറയ്‌ക്കുന്നതുപോലെ ക്രൂരന്‍മാരുടെ വിജയഗാനം അങ്ങ്‌ ഇല്ലാതാക്കുന്നു.
ഏശയ്യാ 25 : 4-5

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവിടുത്തെ ശാസനം സ്വീകരിക്കുന്നു;
പ്രഭാതത്തില്‍ ഉണര്‍ന്ന്‌ അവിടുത്തെഅന്വേഷിക്കുന്നവനു കൃപ ലഭിക്കും.
പ്രഭാഷകന്‍ 32 : 14

ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
എഫേസോസ്‌ 3 : 14

പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
എഫേസോസ്‌ 3 : 15

വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
എഫേസോസ്‌ 3 : 17

എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ.
എഫേസോസ്‌ 3 : 18

അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.
എഫേസോസ്‌ 3 : 19

Advertisements

പ്രഭാത പ്രാർത്ഥന.. 🙏

അവിടുത്തോടു വിട്ടകലാതെ ചേർന്നു നിൽക്കുക..നിന്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും.. (പ്രഭാഷകൻ : 2/3)

സ്നേഹപിതാവായ ദൈവമേ.. ഞങ്ങൾക്കായി അങ്ങു ചൊരിഞ്ഞ നിരവധിയായ ദാനങ്ങളെയും അനുഗ്രഹങ്ങളെയും ഓർത്തു നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും ഏറ്റവും വലിയ വിശ്വാസത്തോടെയും മനോശരണത്തോടെയും ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു.. ജീവിതത്തിൽ സഹനങ്ങളും സങ്കടങ്ങളും ഞങ്ങളെ വേട്ടയാടുമ്പോഴും.. തകർച്ചകളും പരാജയങ്ങളും നിരന്തരം ഏറ്റു വാങ്ങേണ്ടി വരുമ്പോഴും.. ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത പുലരികളെയോർത്ത് കണ്ണുനീർ വാർക്കുമ്പോഴും.. ഇനിയും തുറക്കപ്പെടാത്ത വാതിലുകൾക്ക് മുന്നിൽ ആശയറ്റവരായി നിൽക്കേണ്ടി വരുമ്പോഴും..ഒരിക്കലും അവസാനിക്കാത്ത ബാധ്യതകളുടെയും ദുരിതങ്ങളുടെയും മുന്നിൽ ആത്മാഭിമാനവും ജീവിതവും നഷ്ടപ്പെട്ടവരായി തലകുനിക്കേണ്ടി വരുമ്പോഴും ഞങ്ങളെ നിരാശ്രയരും നിരാലംബരുമാക്കി തീർത്ത നിസ്സഹായതകളല്ല.. മറ്റെന്തിനെക്കാളുമധികമായി ഞങ്ങളെ തളർത്താനും തകർക്കാനും ശേഷിയുള്ള പ്രിയപ്പെട്ടവരുടെ പരിഹാസങ്ങളും കുത്തുവാക്കുകളുമാണ് ഞങ്ങളെ ഏറെ ഭയപ്പെടുത്തുന്നത്..

ഈശോയേ.. നീതിയോടെ വിധിക്കുകയും ഹൃദയവും മനസ്സും പരിശോധിച്ചറിയുകയും ചെയ്യുന്ന അങ്ങയുടെ മുൻപിൽ ഞങ്ങളിതാ ആത്മസമർപ്പണം ചെയ്യുന്നു.. മുന്നോട്ടു നീങ്ങുവാൻ ശക്തിയില്ലാതെ ഞങ്ങൾ തളർന്നു തുടങ്ങുമ്പോൾ മനസ്സിന് ആശ്വാസവും..ശരീരത്തിന് ഉണർവും.. ആത്മാവിനു ബലവും പകർന്നു ഞങ്ങളെ ശക്തിപ്പെടുത്തണമേ..അങ്ങയുടെ സ്നേഹത്തിന്റെ നിറവാൽ പ്രയാസങ്ങളുടെ തീവ്രതയും.. ഭാരവും കുറച്ച്.. ഞങ്ങളുടെ ജീവിതങ്ങളെ വീണ്ടെടുക്കാൻ കനിവുണ്ടാവുകയും ചെയ്യണമേ..

തിരുഹൃദയത്തിൻ നാഥേ.. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.. ആമേൻ 🙏

Advertisements

എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
2 തെസലോനിക്കാ 2 : 13

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.
2 തെസലോനിക്കാ 2 : 14

അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.
2 തെസലോനിക്കാ 2 : 15

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവും, നമ്മെസ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും
2 തെസലോനിക്കാ 2 : 16

എല്ലാ സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.
2 തെസലോനിക്കാ 2 : 17

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment