കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ

😔 കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു.

പ്രവാചക ശബ്ദം  11-04-2022 – Monday

നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും യുവാക്കളും ഇത്തരം ഗെയിമുകൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൌൺലോഡ് ചെയ്ത് കളിക്കുകയും അത് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥരായ മാതാപിതാക്കൾ മുന്നറിയിപ്പു നൽകുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് TSR എന്നൊരു കമ്പനി “ഡന്ഞ്ചി‍യോണ്‍‍സ്‍ & ഡ്രാഗണ്‍സ്” എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. വളരെയധികം തമാശകള്‍ നിറഞ്ഞത് എന്നു കരുതിയിരുന്ന ഈ കളിയില്‍ അതിലെ കഥാപാത്രങ്ങളായി കുട്ടികള്‍ മാറിയിരുന്നു.  എന്നാല്‍, മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പൈശാചികത ഏറിവരികയും തുടര്‍ന്ന് മാനസികാസ്വസ്ഥതകള്‍ പ്രകടമാക്കി അവര്‍ മരണമടയുകയും ചെയ്തു. ഈ ഗെയിമിന്‍റെ തുടര്‍ച്ചയെന്നവണ്ണം നിര്‍മ്മാതാക്കള്‍ പുതിയ രൂപത്തില്‍ അവതരിപ്പിച്ച ഗെയിമാണ് “പോക്കിമോന്‍ ഗോ”. ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസ വിജയമായി മാറിയ ഗെയിം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളെപോലും മറികടന്നു. നിഷ്ക്കളങ്കമായ ഗെയിം എന്ന ലേബലിൽ പുറത്തിറക്കിയ “പോക്കിമോൺ ഗോ” സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് ‘പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ’ പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും തിരിച്ചറിയുന്നില്ല.

മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ കുട്ടികൾ പരിസരം പോലും മറന്ന് മുഴുകുന്നതിനാൽ കളിയില്‍ ശ്രദ്ധിച്ച് കൈകാലുകള്‍ ഒടിഞ്ഞവരെയും മറ്റ് അപകടങ്ങൾ സംഭവിച്ചവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബോര്‍ഷന്‍, ഹിപ്പ്നോട്ടിസം, ഭൂതോച്ചാടനം തുടങ്ങിയവയുടെ അവാസ്‌തവികമായ അനുഭവങ്ങളാണ് ഇത്തരം ഗെയിമുകൾ കുട്ടികൾക്കു സമ്മാനിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പിന്നീട് അവയുടെ യഥാർത്ഥ അനുഭവങ്ങൾ തേടി വലിയ അപകടങ്ങളിലേക്കു കുട്ടികളെ നയിക്കുന്നു.

മന്ത്രവാദം, കൂടോത്രം തുടങ്ങിയ മേഖലയിലുള്ളവര്‍ ഈ ഗെയിമിനെ പൈശാചികം എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂതപ്രേതപിശാചുക്കളെ നിയന്ത്രിക്കുകയും അവയെ സ്വന്തമാക്കി വൃത്തത്തില്‍ സൂക്ഷിക്കുകയുമാണ് ആഭിചാരകര്‍മ്മങ്ങളില്‍ ചെയ്യുന്നത്. അതുതന്നെയാണ് ‘പോക്കിമോന്‍ ഗോ’ കളിക്കുന്നവരും ചെയ്യുന്നത്. പോക്കറ്റ് മോണ്‍സ്റ്റേഴ്സ് തേടിയിറങ്ങുന്നു, കണ്ടുപിടിച്ചാല്‍ അവയെ പോക്കിബോളില്‍ സൂക്ഷിക്കുന്നു. വളരെ പ്രകടമായ സാമ്യമാണ് രണ്ടിലും ഉള്ളത്. 

പോക്കിമോന്‍ കളിക്കുന്നവര്‍ തങ്ങളിലേക്ക് പിചാചിനെ പ്രവേശിപ്പിക്കുന്നതായി അദ്ധ്യാപകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഗണിതാദ്ധ്യാപകന്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പോക്കിമോന്‍ ഉപയോഗിച്ച് കണക്ക് പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നാല്‍, കുട്ടികള്‍ ചെയ്തത് അദ്ധ്യാപകനെ അത്ഭുതപ്പെടുത്തി. അവര്‍ പിശാചുക്കളോട് തങ്ങളുടെമേല്‍ അവസിക്കണമെന്ന് അപേക്ഷിച്ചു. കേവലമൊരു ഗെയിം എന്നതിലുപരി ഗുരുതരമായ അവസ്ഥയിലേക്കാണ് ഈ ഗെയിം കളിക്കുന്നവര്‍ എത്തിപ്പെടുന്നത്.

പിശാചുക്കള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന പാതകളെ “ഡ്രാഗണ്‍ ലൈന്‍” അഥവാ “ലേ ലൈന്‍” എന്നാണ് അറിയപ്പെടുന്നത്. തന്‍റെ വീടിന്‍റെ അടുത്ത് അത്തരത്തിലുള്ള ഒരു പൈശാചികാവാസ കേന്ദ്രം ഉണ്ടെന്ന് മനസ്സിലാക്കിയ ഒരു ഭൂതോച്ചാടകന്‍, അതേ സ്ഥലത്ത് കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പോക്കിമോണുകളെ തേടി നടക്കുന്നത് കണ്ടു. അതുപോലെ തന്നെ, ഗെയിം കളിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയവരുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഗെയിം കളിച്ച് മരണപ്പെട്ട ഒരു ബാലന്‍റെ സഹോദരന്‍ തന്‍റെ ജ്യേഷ്ഠന്‍ ഇഷ്ടപ്പെട്ടിരുന്ന മോണ്‍സ്റ്ററിനെ കണ്ടെത്തിയത് ജ്യേഷ്ഠന്‍റെ കല്ലറക്കു മുകളിലായിരുന്നു.‍ 

ജപ്പാൻകാരനായ ഈ ഗെയിമിന്റെ നിർമ്മാതാവ് സതോഷി റ്റജീരി ഒരു അഭിമുഖത്തില്‍, താന്‍ നിര്‍മ്മിച്ച പോക്കിമോന്‍ ഗെയിം തികച്ചും പൈശാചികമാണെന്ന വാസ്തവം വെളിപ്പെടുത്തി. പോക്കിമോന്‍ ഗോ എന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരായി സാത്താനെ തേടുന്ന ഒരു കളിയാണെന്ന് ഇതിന്റെ നിർമ്മാതാവു തന്നെ വെളിപ്പെടുത്തുമ്പോൾ ഇത്തരം ഗെയിമുകളെക്കുറിച്ചു നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു

നിരവധി മാതാപിതാക്കന്മാരും കുട്ടികളും ഈ സത്യം മനസ്സിലാക്കാതെ ഇപ്പോഴും ഇതിനെ സാധാരണ ഗെയിമായിട്ടാണ് പരിഗണിക്കുന്നത്. 1997 ഡിസംബര്‍ 16 ന് പോക്കിമോൺ ആനിമേറ്റഡ് പതിപ്പിന്‍റെ ഒരു എപ്പിസോഡ് പ്രദര്‍ശിപ്പിച്ച തിയ്യറ്ററില്‍ നിന്നും മുപ്പത് മിനിറ്റിനകം 700 കുട്ടികളെയാണ് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ മുന്‍പ് പ്രകടിപ്പിച്ചിട്ടില്ല എന്നത് അവിടെ സംഭവിച്ചത് പൈശാചിക ആക്രമണം തന്നെയാണ് എന്നതിന്റെ വലിയ തെളിവാണ്.

ഇതുപോലുള്ള വീഡിയോ ഗെയിമുകൾ ഇന്ന് വിപണിയിൽ സുലഫമാണ്; അവയിൽ പലതും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതുമാണ്. അതിനാൽ നമ്മുടെ മക്കൾ ഏതുതരം ഗെയിമുകളാണ് കളിക്കുന്നത് എന്നതും എത്രമാത്രം സമയം അവർ വീഡിയോ ഗെയിമുകൾക്കായി ചിലവഴിക്കുന്നു എന്നതും നാം തീർച്ചയായും ശ്രദ്ധിക്കണം.

നാം എത്രമാത്രം നമ്മുടെ മക്കളെ ശ്രദ്ധിച്ചാലും നമുക്കു ചെയ്യാൻ കഴിയുന്നതിനു പരിമിതികളുണ്ട്. അതിനാൽ നമ്മുടെ മക്കളെ കൂടുതലായി നമുക്കു ക്രിസ്തുവിനോടു ചേർത്തുനിറുത്താം. തന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സാത്താനെ പരാജയപ്പെടുത്തിയ ക്രിസ്തുവിനു മാത്രമേ സകല തിന്മകളിലും നിന്നു നമ്മുടെ മക്കളെ സംരക്ഷിക്കുവാൻ സാധിക്കൂ. “എന്നാൽ അവൻ പറഞ്ഞു ശിശുക്കളെ എന്റെ അടുത്തു വരുവാൻ അനുവദിക്കുവിൻ അവരെ തടയരുത്…” (മത്തായി 19:14)

(പ്രശസ്ത വചന പ്രഘോഷകനായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ നടത്തിയ ഒരു പ്രഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ”

Leave a reply to Nelson Cancel reply