Easter Sunday Readings

🔥 🔥 🔥 🔥 🔥 🔥 🔥

*17 Apr 2022*


*Easter Sunday* 

*Liturgical Colour: White.*



*പ്രവേശകപ്രഭണിതം*

cf. സങ്കീ 139:18,5-6

ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു;
ഞാന്‍ ഇപ്പോഴും നിന്റെ കൂടെയുണ്ട്! അല്ലേലൂയാ.
അങ്ങേ കരം എന്റെമേലുണ്ട്
അങ്ങേ ജ്ഞാനം എത്രയോ വിസ്മയാവഹം!
അല്ലേലൂയാ, അല്ലേലൂയാ.


Or:
ലൂക്കാ 24: 34; cf. വെളി 1:6

കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; അല്ലേലൂയാ.
അവിടത്തേക്ക് മഹിമയും ആധിപത്യവും എന്നുമെന്നേക്കും;
അല്ലേലൂയാ, അല്ലേലൂയാ.

*സമിതിപ്രാര്‍ത്ഥന*

ദൈവമേ, ഈ ദിനം
അങ്ങേ ഏകപുത്രന്‍ വഴി മരണത്തെ കീഴ്‌പ്പെടുത്തി
ഞങ്ങള്‍ക്ക് നിത്യതയുടെ പാത തുറന്നുതന്നുവല്ലോ.
ഉയിര്‍പ്പു ഞായറിന്റെ മഹോത്സവം കൊണ്ടാടുന്ന ഞങ്ങള്‍
അങ്ങേ ആത്മാവിന്റെ നവീകരണം വഴി
ജീവിതത്തിന്റെ പ്രകാശത്തിലേക്ക്
ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

അപ്പോ. പ്രവ. 10:34,37-43
ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, ഞങ്ങള്‍ അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു.

അക്കാലത്ത്, പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌ യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു. യഹൂദന്മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍, ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി. അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്നു പ്രവാചകന്മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

കർത്താവിന്റെ വചനം.


*പ്രതിവചനസങ്കീർത്തനം*

സങ്കീ 118:1-2,16-17,22-23

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.
or
അല്ലേലൂയ!

പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.
or
അല്ലേലൂയ!

*രണ്ടാം വായന*

കൊളോ 3:1-4
ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.

സഹോദരരേ, ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.


അനുക്രമഗീതം


വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

കർത്താവിന്റെ വചനം.

*സുവിശേഷ പ്രഘോഷണവാക്യം*

1 കോറി 5: 7, 8

അല്ലേലൂയ! അല്ലേലൂയ!

നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തുബലി അർപ്പിക്കപ്പെട്ടിരിക്കുന്നു. ആകയാൽ, പരമാർത്ഥതയും സത്യസന്ധതയുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ട് നമുക്ക് തിരുന്നാൾ ആഘോഷിക്കാം.

അല്ലേലൂയ!

*സുവിശേഷം*

യോഹ 20:1-9
അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: ‘‘കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’’ പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല. അനന്തരം ശിഷ്യന്മാര്‍ മടങ്ങിപ്പോയി.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, പെസഹായുടെ ആഹ്ളാദത്തിലാറാടിക്കൊണ്ട്
ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നു;
ഈ ബലി വഴിയാണല്ലോ അങ്ങേ സഭ
അദ്ഭുതാവഹമായി പുനര്‍ജന്മം പ്രാപിക്കുന്നതും
പരിപോഷിപ്പിക്കപ്പെടുന്നതും.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

1 കോറി 5:7-8

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു;
അതിനാല്‍, ആത്മാര്‍ഥതയുടെയും സത്യത്തിന്റെയും
പുളിപ്പില്ലാത്ത മാവുകൊണ്ട് നമുക്ക് ഈ തിരുനാള്‍ ആഘോഷിക്കാം;
അല്ലേലൂയാ.

*ദിവ്യഭോജനപ്രാര്‍ത്ഥന*

ദൈവമേ, അങ്ങേ സഭയെ
നിരന്തരമായ സ്‌നേഹത്താലും വാത്സല്യത്താലും കാത്തുപാലിക്കണമേ.
അങ്ങനെ, പെസഹാ രഹസ്യങ്ങള്‍ വഴി സഭ നവീകൃതമായി
ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment