രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?

ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?

‘ഈശോയെ സംസ്‌ക്കരിക്കാൻ സധൈര്യം മുന്നിട്ടിറങ്ങുന്ന അരിമത്തിയാക്കാരൻ ജോസഫും അദ്ദേഹത്തോടൊപ്പം ഈശോയുടെ കല്ലറ കാണാനെത്തിയ ഗലീലിയയിൽനിന്നുള്ള സ്ത്രീകളും ഉയർത്തുന്ന ചോദ്യം ഇന്നും പ്രസക്തമാണ്.’

ഈശോയെ സംസ്‌ക്കരിക്കുന്ന വേളയിൽ തെളിയുന്ന ശിഷ്യത്വത്തിന്റെ രണ്ട് ചിത്രങ്ങളാണ് പ്രയാണത്തിലെ ഇന്നത്തെ വിചിന്തന വിഷയം. അരിമത്തിയാക്കാരൻ ജോസഫിന്റെ ധൈര്യവും (ലൂക്കാ 23:50-54) ഗലീലിയയിൽ നിന്നുള്ള സ്ത്രീകളുടെ വിശ്വാസവും (ലൂക്കാ 23:55-56) നമുക്കൊന്നു പരിശോധിക്കാം.

ലൂക്കാ സുവിശേഷം 23-ാം അധ്യായം 50-ാം വാക്യത്തിൽ യഹൂദരുടെ പട്ടണമായ അരിമത്തിയായിൽനിന്നുള്ള ജോസഫ് എന്നു നാം കാണുന്നു. അരിമത്തിയായിൽ നിന്നുള്ള ജോസഫ് എന്ന് ലൂക്കാ പറഞ്ഞിരിക്കുന്നത് പുതിയ നിയമത്തിൽ നാം കണ്ടുമുട്ടുന്ന മറ്റു ജോസഫുമാരുമായി ഈ ജോസഫിനെ സംശയിക്കാതിരിക്കാൻ വേണ്ടിയാണ്. ഈശോയെ കുരിശുമരണത്തിന് വിധിക്കാൻ പിലാത്തോസിന്റെ അടുത്തേക്കു അയക്കണമെന്ന യഹൂദ സെൻഹെദ്രിൻ സംഘത്തിന്റെ തീരുമാനത്തെ അംഗീകരിക്കാത്ത ആളായിരുന്നു അരിമത്തിയാക്കാരൻ ജോസഫ്.

മത്തായിയുടെ സുവിശേഷമനുസരിച്ച് ജോസഫ് ധനികനും ഈശോയുടെ ശിഷ്യനുമായിരുന്നു.(മത്താ 27: 57). യോഹന്നാന്റെ സുവിശേഷം ജോസഫിനെപ്പറ്റി പറയുന്നത് ‘യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ്,’ (യോഹ 19:38) എന്നാണ്. സാധാരണ ഗതിയിൽ റോമാക്കാർ കുരിശുമരണത്തിന് വിധിക്കപ്പെട്ടവരുടെ മൃതശരീരങ്ങൾ കുരിശിൽ തന്നെ അഴുകാൻ അനുവദിക്കുകയോ അല്ലങ്കിൽ കഴുകന്മാർക്കും നായ്ക്കൾക്കും ഭക്ഷണത്തിനായി ഉപേക്ഷിക്കുകയോ ആയിരുന്നു പതിവ്. എന്നാൽ ജോസഫ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിക്കുന്നു. (23:52).

നാലു സുവിശേഷങ്ങളും ഈശോയുടെ ശരീരത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ബൈബിൾ പണ്ഡിതനായ ഫിലിപ്പ് റൈയ്ക്കാന്റെ അഭിപ്രായത്തിൽ, ഈശോയുടെ മൃതശരീരത്തെക്കുറിച്ച് നാലു സുവിശേഷങ്ങളിലുമുള്ള പരാമർശം ഈശോ യാർത്ഥത്തിൽ മരിച്ചു എന്നതിന്റെ തെളിവാണ്. അതായത് ഈശോ കുരിശിൽനിന്ന് അപ്രത്യക്ഷനായി, കല്ലറയിൽനിന്ന് വീണ്ടും കണ്ടെടുത്തു എന്നു പറയുന്ന അബദ്ധ പ്രചാരണത്തിനെതിരായുള്ള ശക്തമായ താക്കീതാണിത്. മരിച്ച ഈശോയെ സംസ്‌കരിക്കണം, അതിനായി ജോസഫ് മുൻകൈ എടുക്കുന്നു.

ഈശോയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ജോസഫ് തീരുമാനിക്കുന്നു. ഇതു ഒരു മൃതദേഹം അടക്കം ചെയ്യാനുള്ള ഒരു തീരുമാനം മാത്രമായിരുന്നില്ല, മറിച്ച്, രഹസ്യ ശിഷ്യനായ അരിമത്തിയാക്കാരനായ ജോസഫ് താൻ ഈശോയുടെ ശിഷ്യനാണന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിനാൽ തന്റെ അധികാരം ഉപയോഗിച്ച് ഈശോയുടെ ശരീരം വിട്ടുകിട്ടാനും മാന്യമായ രീതിയിൽ യേശുവിന് അന്ത്യയാത്ര നൽകാനും ജോസഫ് തയാറെടുക്കുന്നു.

മർക്കോസിന്റെ സുവിശേഷമനുസരിച്ച് വൈകുന്നേരമായപ്പോൾ അരിമത്തിയാക്കാരൻ ജോസഫ് ധൈര്യപൂർവം പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.(മർക്കോസ് 15:43) പീലാത്തോസ് ഈശോയുടെ മരണം സ്ഥിരീകരിച്ചശേഷം ജോസഫിന് അവിടുത്തെ ശരീരം സംസ്‌ക്കരിക്കാൻ വിട്ടു നൽക്കുന്നു. യോഹന്നാന്റെ സുവിശേഷമനുസരിച്ച് ജോസഫിന് ഈശോയുടെ ശരീരം അടക്കം ചെയ്യാൻ നീക്കോദേമൂസ് എന്ന സഹായിയെകൂടി കിട്ടി. ‘യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേർന്ന ഏകദേശം 100 റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവർ യേശുവിന്റെ ശരീരം ഏറ്റെടുത്ത് യഹൂദരുടെ മൃതസംസ്‌കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു,’ (യോഹന്നാൻ 19:39-40).

ഈശോയുടെ മരണസമയത്തും പിന്നീടുള്ള മൃതസംസ്‌കാര ശുശ്രൂഷയിലും രഹസ്യ ശിഷ്യനായിരുന്ന ജോസഫ് ഈശോയിലുള്ള വിശ്വാസം പരസ്യമായി ജീവിതംകൊണ്ട് ഏറ്റുപറയുന്നു. ഈശോയുടെ പീഡാനുഭവങ്ങളിൽനിന്ന് ഔദ്യോഗിക ശിഷ്യന്മാർ ഓടിയൊളിക്കുമ്പോൾ മരണത്തിനപ്പുറം ഉത്ഥാനം കണ്ട് രഹസ്യ ശിഷ്യൻ രംഗ പ്രവേശനം ചെയ്യുന്നു. കുരിശിന്റെ മുമ്പിൽ പതറാത്ത ശിഷ്യൻ തന്റെ ഗുരുവിനുവേണ്ടി കല്ലറയൊരുക്കുന്നു. നീ ഇന്നും ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനാണോ? ഈശോയുടെ സംസ്‌കാരം ധ്യാന വിഷയമാക്കുന്ന ഈ ദിനം പരസ്യ ശിഷ്യനാകാനുള്ള/ ശിഷ്യയാകാനുള്ള സന്ദർഭമാണെന്ന് മറക്കരുത്.

രണ്ടാമതായി, ഈശോയുടെ സംസ്‌കാരം ഗലീലിയയിൽനിന്നുള്ള സ്ത്രീകളുടെ വിശ്വാസവും ധൈര്യവും വെളിപ്പെടുത്തുന്നു. ലൂക്കാ സുവിശേഷമനുസരിച്ച് ‘ഗലീലിയിൽനിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകൾ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ്‌ക്കരിച്ചു എന്നും കണ്ടു.അവർ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയാറാക്കി. സാബത്തിൽ അവർ നിയമാനുസൃതം വിശ്രമിച്ചു,’ (23:55-56).

ഗലീലിയിൽനിന്ന് ഈശോയെ അനുധാവനം ചെയ്ത സ്ത്രീകളെപ്പറ്റി വ്യക്തമായ സൂചനയില്ലങ്കിലും, ലൂക്കായുടെ സുവിശേഷം 24: 10 ഈശോയുടെ കല്ലറയിങ്കൽ പോയ സ്ത്രികളെപ്പറ്റി സൂചന നൽകുന്നുണ്ട്: ‘മഗ്ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങൾ അപ്പസ്‌തോലൻമാരോടു പറഞ്ഞത്.’ ഈ സ്ത്രീകൾ യേശുവിന്റെ പരസ്യ ജീവിതത്തിൽ അവിടുത്തെ സഹായിച്ചവരാണ് (മർക്കോ 15:40-41; ലൂക്കാ 8:1-3).

അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും ചേർന്ന് ഈശോയുടെ ശരീരം കുരിശിൽനിന്ന് താഴെയിറക്കുമ്പോൾ ശിഷ്യന്മാർ ആരും അവിടെ കാണുന്നില്ല. എന്നാൽ, ഗലീലിയിൽനിന്നുള്ള ഈ സ്ത്രീകൾ കുരിശിന്റെ കഠിന വേദനയുടെ മധ്യത്തിലും ഈശോയോടൊപ്പം നിലകൊള്ളുന്നു. ജോസഫിനെയും നിക്കോദേമൂസിനെയുംപോലെ ഈശോയ്ക്ക് ഉചിതമായ മൃതസംസ്‌കാരം നൽകണമെന്ന് അവരും ആഗ്രഹിക്കുന്നു. ഈശോയെ അടക്കിയിരുന്ന സ്ഥലം മനസ്സിലാക്കിയ അവർ നിയമപ്രകാരം സാബത്തിൽ വിശ്രമിക്കുന്നു. അവരുടെ ചെയ്തികൾ വിലയിരുത്തിയാൽ ദൈവീക സ്വഭാവസവിശേഷതകൾ അവരുടെ സ്വഭാവത്തിൽ കാണാൻ സാധിക്കും.

അവർ മനുഷ്യ ശരീരത്തിന്റെ മഹത്വം മരണാവസരത്തിലും അംഗീകരിക്കുന്നു. അതോടൊപ്പം സാബത്തു ദിനം ദൈവാരാധനയ്ക്കും വിശ്രമത്തിനുമായി മാറ്റി വയ്ക്കുന്നതിൽനിന്ന് ഒന്നും, തങ്ങളുടെ ആത്മപ്രിയന്റെ വേർപാടുപോലും അവരെ പിന്തിരിപ്പിക്കുന്നില്ല. ഇന്നേദിനം ഗലീലിയിൽ നിന്നുള്ള ഈ സ്ത്രീകൾ നമ്മോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു: കർത്താവിന്റെ ദിവസം നാം എങ്ങനെ കൊണ്ടാടുന്നു? അതു ദൈവാരാധനയ്ക്കും വിശ്രമത്തിനുമുള്ള ദിനമായി നാം കാണുന്നുവോ? അതിൽ നാം വിട്ടുവീഴ്ച ചെയ്യാറുണ്ടോ?

ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവുമെല്ലാം നിയമത്തെ അസാധുവാക്കാനോ ഇല്ലാതാക്കോനോ ആയിരുന്നില്ല മറിച്ച്, പൂർത്തിയാക്കാനായിരുന്നു. ക്രിസ്തുശിഷ്യർ നിയമത്തെ അധിക്ഷേപിക്കുന്നവരല്ല മറിച്ച്, അതിൽ ദൈവിക സാന്നിധ്യം കണ്ടെത്തുന്നവരാണ് എന്ന് ഗലീലിയയിൽ നിന്നുള്ള സ്ത്രീകൾ നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment