🔥 🔥 🔥 🔥 🔥 🔥 🔥
24 Apr 2022
Divine Mercy Sunday (2nd Sunday of Easter)
Liturgical Colour: White.
പ്രവേശകപ്രഭണിതം
1 പത്രോ 2:2
രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന്
നവജാതശിശുക്കളെപ്പോലെ പരിശുദ്ധവും
ആത്മീയവുമായ പാലിനുവേണ്ടി ദാഹിക്കുവിന്‍, അല്ലേലൂയാ.
Or:
എസ്രാ 2:36-37
സ്വര്‍ഗീയ രാജ്യത്തിലേക്ക് നിങ്ങളെ വിളിച്ചവനായ
ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട്,
നിങ്ങളുടെ മഹത്ത്വത്തിന്റെ സന്തോഷം സ്വീകരിക്കുവിന്‍, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,
പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെ
അങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസം
അങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;
ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.
അങ്ങനെ, ഏതു നീര്‍ത്തൊട്ടിയാല്‍ അവര്‍ ശുദ്ധീകൃതരായെന്നും
ഏതാത്മാവാല്‍ നവജന്മം പ്രാപിച്ചവരായെന്നും
ഏതുരക്തത്താല്‍ രക്ഷിക്കപ്പെട്ടവരായെന്നും
ഉചിതമായ ബുദ്ധിശക്തിവഴി എല്ലാവരും ഗ്രഹിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 5:12b-16
കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു.
വിശ്വാസികള്‍ ഏകമനസ്സോടെ സോളമന്റെ മണ്ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു. മറ്റുള്ളവരില്‍ ആരും തന്നെ അവരോടു ചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു. കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു. അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 118:2-4,13-15,22-24
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
ഇസ്രായേല്‍ പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
അഹറോന്റെ ഭവനം പറയട്ടെ!
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്
കര്‍ത്താവിന്റെ ഭക്തന്മാര്‍ പറയട്ടെ!
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്;
ഇന്നു സന്തോഷിച്ചുല്ലസിക്കാം.
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍;
ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു
നിങ്ങളെ ആശീര്‍വദിക്കും.
കര്‍ത്താവാണു ദൈവം;
അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്.
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
രണ്ടാം വായന
വെളി 1:9-13,17a-19
ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു.
നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്‍കിയ സാക്ഷ്യത്തെയും പ്രതി, പാത്‌മോസ് എന്ന ദ്വീപിലായിരുന്നു. കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ, കാഹളത്തിന്റെതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍ നിന്നുകേട്ടു: നീ കാണുന്നത് ഒരു ഗ്രന്ഥത്തില്‍ എഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കും അയച്ചുകൊടുക്കുക. എന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.
അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്. അതുകൊണ്ട്, ഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ കാണുന്ന സകലതും രേഖപ്പെടുത്തുക.
അനുക്രമഗീതം
വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.
മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം
ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.
ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.
ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.
സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.
ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.
ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;
ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.
സുവിശേഷ പ്രഘോഷണവാക്യം
യോഹ: 20.29
അല്ലേലൂയ! അല്ലേലൂയ!
യേശു തോമസിനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.
അല്ലേലൂയ!
സുവിശേഷം
യോഹ 20:19-31
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നു.
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ
(നവജന്മം പ്രാപിച്ചവരുടെയും),
കാണിക്കകള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, അങ്ങേ നാമത്തിന്റെ പ്രഖ്യാപനത്താലും
ജ്ഞാനസ്‌നാനത്താലും നവീകൃതരായി,
അവര്‍ നിത്യാനന്ദം പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 20:27
നിന്റെ കൈ നീട്ടുകയും ആണിപ്പഴുതുകള്‍ തൊട്ടറിയുകയും ചെയ്യുക.
അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
പെസഹാരഹസ്യത്തിന്റെ സ്വീകരണം
ഞങ്ങളുടെ മനസ്സുകളില്‍ നിരന്തരം നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment