Tuesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥

10 May 2022

Tuesday of the 4th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 19:7,6

നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.
ദൈവത്തിന് മഹത്ത്വംനല്കാം.
എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഉയിര്‍പ്പുഞായറിന്റെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെ
ഞങ്ങളുടെ വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 11:19-26
അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.

സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍വരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവര്‍ വചനം പ്രസംഗിച്ചിരുന്നില്ല. അക്കൂട്ടത്തില്‍ സൈപ്രസില്‍ നിന്നും കിറേനേയില്‍ നിന്നുമുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ ഗ്രീക്കുകാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. കര്‍ത്താവിന്റെ കരം അവരോടു കൂടെയുണ്ടായിരുന്നു. വിശ്വസിച്ച വളരെപ്പേര്‍ കര്‍ത്താവിലേക്കു തിരിഞ്ഞു. ഈ വാര്‍ത്ത ജറുസലെമിലെ സഭയിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവന്‍ ചെന്ന് ദൈവത്തിന്റെ കൃപാവരം ദര്‍ശിച്ചു സന്തുഷ്ടനാവുകയും കര്‍ത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. കാരണം, അവന്‍ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ കര്‍ത്താവിന്റെ അനുയായികളായി തീര്‍ന്നു. സാവൂളിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി. അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 87:1-3,4-5,6-7

ജനപഥങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

അവിടുന്നു വിശുദ്ധഗിരിയില്‍ തന്റെ നഗരം സ്ഥാപിച്ചു.
യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍
സീയോന്റെ കവാടങ്ങളെ കര്‍ത്താവു സ്‌നേഹിക്കുന്നു.
ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.

ജനപഥങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍
റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു,
ഫിലിസ്ത്യയിലും ടയിറിലും
എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച്
അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
സകലരും അവിടെ ജനിച്ചതാണ്
എന്നു സീയോനെക്കുറിച്ചു പറയും;
അത്യുന്നതന്‍ തന്നെയാണ് അവളെ സ്ഥാപിച്ചത്.

ജനപഥങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍
ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും,
എന്റെ ഉറവകള്‍ നിന്നിലാണ്
എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.

ജനപഥങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

യോഹ. 10/27.

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 10:22-30
ഞാനും പിതാവും ഒന്നാണ്.

ജറുസലെമില്‍ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു. യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍ വഴി
ഞങ്ങളെന്നും കൃതജ്ഞതാനിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 24:46,26

ക്രിസ്തു സഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും
അങ്ങനെ തന്റെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ടിയിരുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ.
ഞങ്ങളുടെ പരിത്രാണത്തിന്റെ ഈ പരമപരിശുദ്ധ വിനിമയം
ഞങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ സഹായം പ്രദാനംചെയ്യുകയും
നിത്യാനന്ദത്തിന് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment