🔥 🔥 🔥 🔥 🔥 🔥 🔥
11 May 2022
Wednesday of the 4th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 18:50; 21:23
കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയും
അങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,
അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവും
നീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,
കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.
അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍
അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 12:24-13:5
ബാര്‍ണബാസിനെയും സാവൂളിനെയും എനിക്കു വേണ്ടി മാറ്റിനിറുത്തുക.
ദൈവവചനം വളര്‍ന്നു വ്യാപിച്ചു. ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍ നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍ കൂടെക്കൊണ്ടുപോന്നു.
അന്ത്യോക്യായിലെ സഭയില്‍ പ്രവാചകന്മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു – ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍. അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കു വേണ്ടി മാറ്റിനിറുത്തുക. ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്പു നടത്തി പറഞ്ഞയച്ചു.
പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍ കയറുകയും ചെയ്തു. സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനും ഉണ്ടായിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 67:1-2,4,5,7
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ദൈവം നമ്മോടു കൃപ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു തോമസിനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.
അല്ലേലൂയ!
സുവിശേഷം
യോഹ 12:44-50
ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു. എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്. എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവു തന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെതന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 15:16,19
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്ന് തിരഞ്ഞെടുത്തു.
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി
ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം അങ്ങേ
ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന്
നവജീവിതത്തിലേക്ക് കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment