കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ

കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ

ഡോ. മൈക്കിൾ പുളിക്കൽ (കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറി)

ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങളെ നേരിടുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സമീപദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാളുകളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്‌ട്രീയവുമായ ഒട്ടേറെ ഗുരുതര വിഷയങ്ങൾക്കിടയിൽ അവയെക്കാൾ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മുന്നോട്ടുവരുന്ന കാഴ്ച ദുരൂഹമാണ്.

പ്രധാനപ്പെട്ട ചില വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിന് അനുബന്ധമായി ഏതെങ്കിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ പേര് ഉയരുന്നപക്ഷം വിഷയത്തിൽനിന്നു വഴിമാറി വീണ്ടും സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കാൻ ചിലർ തത്രപ്പെടുന്നതുകാണുമ്പോൾ ഓർമവരുന്നത്, പരീക്ഷയിൽ പശുവിനെക്കുറിച്ച്എഴുതാൻ ആവശ്യപ്പെട്ടപ്പോൾ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് എഴുതിയ കുട്ടിയുടെ കഥയാണ്.

വിവാദങ്ങളെ തിരിച്ചുവിടാനും സഭ

ചില വിവാദങ്ങളെ വഴിതിരിച്ചുവിടാൻ സഭയും സഭയുടെ സ്ഥാപനങ്ങളും ടാർജറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതിന്‍റെ ഏറ്റവും അടുത്തകാലത്തെ ഉദാഹരണം മലപ്പുറം സെന്‍റ് ജെമ്മാസ് സ്‌കൂളിനെ വിവാദത്തിലേക്കു വലിച്ചിഴച്ച സംഭവംതന്നെയാണ്. സ്‌കൂളിൽനിന്നു വിരമിച്ച ഭരണകക്ഷി രാഷ്‌ട്രീയക്കാരനായ അധ്യാപകനെതിരേ വ്യക്തിപരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു വിഭാഗം മാധ്യമങ്ങൾ ലക്ഷ്യമിട്ടതും പ്രതിക്കൂട്ടിൽ നിർത്തിയതും സ്‌കൂൾ മാനേജ്‌മെന്‍റിനെയായിരുന്നു. മാനേജ്‌മെന്‍റ് നല്കിയ വിശദീകരണത്തെ മറച്ചുവച്ചാണ് ഒട്ടേറെ ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടതും.

അപമാനിതയാക്കപ്പെട്ട സ്‌കൂൾ വിദ്യാർഥിനിയെചൊല്ലിയുള്ള വിവാദങ്ങൾ സമസ്തയുടെ നേതാക്കൾക്കും അവരുടെ നയങ്ങൾക്കുംനേരേ വിരൽചൂണ്ടിയപ്പോൾ അതിനെ മറികടക്കാനുള്ള എളുപ്പവഴിയായാണ് സെന്‍റ് ജെമ്മാസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തെ ഒരു വിഭാഗംപേർ കണ്ടത് എന്നു വ്യക്തം. കത്തോലിക്കാ സ്ഥാപനങ്ങൾക്കെതിരേയും കത്തോലിക്കാ സഭ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യങ്ങളിലും മാത്രം പ്ലക്കാർഡ് പിടിക്കുന്ന ചില ‘പ്രബുദ്ധ’ സംഘടനകളുടെ വക്താക്കൾ ആരോപണവിധേയനായ അധ്യാപകന്‍റെ വസതിക്കോ അദ്ദേഹം അംഗമായ പാർട്ടി ഓഫീസിലോ നിയമം നടപ്പാക്കേണ്ട പോലീസ് സ്റ്റേഷനു മുന്നിലോ പ്രതിഷേധിക്കാൻ തയാറാകാതെ മുമ്പ് അദ്ദേഹം അധ്യാപകനായിരുന്നു എന്ന ഒറ്റക്കാരണത്താൽ സ്‌കൂളിനു മുന്നിൽ പ്രതിഷേധത്തിനെത്തിയത് കുറെപ്പേർക്കെങ്കിലും തിരിച്ചറിവ് നല്കിയിട്ടുണ്ടാകും.

പ്രശ്നപരിഹാരമോ കുറ്റാരോപിതനെതിരായ നടപടികളോ എന്നുള്ളതിനപ്പുറം സഭയെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തി തത്കാലം തടിയൂരാനുള്ള കുതന്ത്രം മാത്രമാണ് അവിടെ കണ്ടത്. ഒരു വരയ്ക്കു സമീപം കൂടുതൽ വലുതൊന്ന് വരച്ച് ആദ്യത്തേതിനെ ചെറുതാക്കി കാണിക്കാനുള്ള പഴയ വിദ്യ!

നഴ്‌സിംഗ് കൗൺസിൽ വേട്ടക്കാരനാകുമ്പോൾ

കേരളത്തിന്‍റെ ആതുരസേവന-വിദ്യാഭ്യാസ മേഖലകൾക്ക് ഊടുംപാവും നൽകി ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതിനു പിന്നിൽ കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ സമൂഹങ്ങളും നൽകിയ മഹത്തായ സംഭാവനകൾ ആർക്കാണറിയാത്തത്? ഇക്കാലഘട്ടത്തിലും ആരോഗ്യരംഗത്തെ കത്തോലിക്കാ സഭയുടെ ഇടപെടലുകൾ ചെറുതല്ല.

നൂറുകണക്കിനു ചെറുതും വലുതുമായ ആശുപത്രികൾക്കു പുറമേ, പതിറ്റാണ്ടുകൾ പഴക്കമുള്ളതും പ്രവർത്തനത്തിന്‍റെ കാര്യത്തിൽ മുൻനിരയിൽ തുടരുന്നതുമായ നിരവധി നഴ്‌സിംഗ് കോളജുകളും കത്തോലിക്കാ സഭയുടേതായി ഇന്ന് കേരളത്തിലുണ്ട്. ഇതിനകം കേരളത്തിൽനിന്ന് വിവിധ വിദേശരാജ്യങ്ങളിൽ പോയി സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് നഴ്‌സുമാരിൽ നല്ലൊരുപങ്ക് അത്തരം സ്ഥാപനങ്ങളിൽനിന്നാണു പഠിച്ചിറങ്ങിയിട്ടുള്ളത്. മികച്ച പഠന നിലവാരവും അച്ചടക്കവും പുലർത്തുന്ന ക്രൈസ്തവ മാനേജ്‌മെന്‍റുകളുടെ നഴ്‌സിംഗ് കോളജുകൾ തങ്ങളുടെ കരിയറിലേക്കു എത്രമാത്രം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്ന് അനേകായിരം പേരുടെ സാക്ഷ്യങ്ങളിൽനിന്നു വ്യക്തമാണ്.

വിട്ടുവീഴ്ചകളില്ലാതെ പഠനമികവിലും സേവനത്തിന്‍റെ മഹനീയതയിലും നിഷ്കർഷ പുലർത്തുന്ന, മൂല്യാധിഷ്ഠിതവും ധാർമികാടിത്തറ ഉറപ്പുവരുത്തുന്നതുമായ വിദ്യാഭ്യാസ സംസ്കാരമാണ് കത്തോലിക്കാ മാനേജ്‌മെന്‍റുകൾ എക്കാലവും ഉറപ്പുവരുത്തുന്നത്. ഇക്കാരണത്താൽ തന്നെയാണ് അത്തരം സ്ഥാപനങ്ങളിൽ തങ്ങളുടെ മക്കളെ പരീശീലനത്തിനായി അയയ്‌ക്കാൻ ബഹുഭൂരിപക്ഷം മാതാപിതാക്കളും സന്നദ്ധരാകുന്നതും.

എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചേർത്തല എസ്എച്ച് നഴ്‌സിംഗ് കോളജുമായി ഉയരുന്ന വിവാദങ്ങൾ വിചിത്രമാണ്. നാല് പതിറ്റാണ്ടായി കേരളത്തിലെ നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്തിന് അഭിമാനമായി നിലകൊള്ളുന്നതും, മികച്ച പത്ത് നഴ്‌സിംഗ് കോളജുകളിൽ ഒന്നുമായ ആ കോളജിനെതിരേ ചിലർ ഉയർത്തിയ ആരോപണങ്ങൾ ഏതാനും മാധ്യമങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ പർവതീകരിച്ച് അസത്യങ്ങളും അർധസത്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കാൻ ചില തത്പരകക്ഷികൾക്കു കഴിഞ്ഞിരിക്കുന്നു. കോളജിന്‍റെ കെഎൻഎംസി (കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ) രജിസ്‌ട്രേഷനും വൈസ് പ്രിൻസിപ്പലിന്‍റെ നഴ്‌സിംഗ് രജിസ്‌ട്രേഷനും റദ്ദാക്കി എന്നീ വ്യാജവാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളിലൂടെപോലും വ്യാപകമായി പ്രചരിച്ചത്.

ഇതുവരെയും വ്യക്തമായ യാതൊരുവിധ വിവരങ്ങളും കെഎൻഎംസി കോളജ് മാനേജ്‌മെന്‍റിന് നല്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് എന്നുള്ളത് ദുഷ്പ്രചാരണങ്ങളുടെ ആസൂത്രിത സ്വഭാവം വ്യക്തമാക്കുന്നു. തങ്ങളുടെ ചില വാക്കുകൾ മാധ്യമപ്രവർത്തകർ വളച്ചൊടിക്കുകയായിരുന്നു എന്ന് കെഎൻഎംസി അധികൃതർ തന്നെ പിന്നീടു വ്യക്തമാക്കിയിട്ടുണ്ട്.

എസ്എച്ച് നഴ്‌സിംഗ് കോളജുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ ചിലതുണ്ട്. കെഎൻഎംസി അധികൃതർ കോളജിൽ പരിശോധന നടത്തിയതിനെ തുടർന്ന് വിശദമായ ഫേസ്‌ബുക്ക് പോസ്റ്റുകൾ ചില സംഘടനകളുടെ ഫേസ്‌ബുക്ക് പേജുകളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. കടുത്ത വർഗീയ വിദ്വേഷവും വെറുപ്പും നിഴലിച്ചിരുന്ന പ്രസ്തുത കുറിപ്പുകളിൽ, തങ്ങളുടെ കുതന്ത്രങ്ങൾ വിജയിച്ചു എന്ന അവകാശവാദമാണ് മുഴച്ചുനിന്നിരുന്നത്.

ഒരു പ്രമുഖ ചാനലിന്‍റെ റിപ്പോർട്ടർ പറഞ്ഞതിൻപ്രകാരം ചെയ്തതിനാലാണ് ഇതെല്ലാം വിവാദമായതെന്നും തുടർന്ന് തങ്ങൾ ടാർജറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും അവയിൽ സൂചിപ്പിച്ചിരുന്നു. ചില ഗൂഢശക്തികളുടെ ഇടപെടലുകൾ ചേർത്തല നഴ്‌സിംഗ് കോളേജ് വിഷയത്തിൽ ആദ്യന്തം ഉണ്ടായിരുന്നു എന്നു വ്യക്തം. ഏതൊരു സംഘടനയുടെയോ പ്രസ്ഥാനത്തിന്‍റെയോ അറിയിപ്പുകൾ രേഖാമൂലം ലഭിക്കാത്തപക്ഷം പത്രങ്ങളിൽ അച്ചടിക്കാത്ത ഈ നാട്ടിൽ യാതൊരു വിധ വ്യക്തതയുമില്ലാത്ത ദുരാരോപണങ്ങൾ ചില ഫേസ്‌ബുക്ക് പോസ്റ്റുകളുടെ മാത്രം പിൻബലത്തിൽ ഏതാണ്ടെല്ലാ മാധ്യമങ്ങളും വലിയ വാർത്തകളായി നൽകിയത് മാധ്യമ സ്ഥാപനങ്ങളിൽ ഇത്തരക്കാർക്കുള്ള സ്വാധീനത്തിന് തെളിവാണ്.

മാത്രവുമല്ല, കെഎൻഎംസി നേതൃത്വം തങ്ങളോടു വെളിപ്പെടുത്തി എന്ന രീതിയിലും ഇത്തരം വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തത്പരകക്ഷികളുടെ സ്വാധീനമുള്ള നഴ്‌സിംഗ് സംഘടനകളുടെ കളിപ്പാവയായി കെഎൻഎംസി പോലുള്ള സർക്കാർ സംവിധാനവും മാറിയിരിക്കുന്നു എന്നു സ്വാഭാവികമായും സംശയിക്കാം. ഏതെങ്കിലും നഴ്സിംഗ് സംഘടനയുടെ രാഷ്‌ട്രീയം തെളിയിക്കാനും പ്രചരിപ്പിക്കാനുമുള്ള വേദിയായി ഉത്തരവാദിത്വപ്പെട്ട ഒരു സംവിധാനം മാറുന്നത് അപലപനീയമാണ്.

കേരളത്തിൽ ഏറ്റവും മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ക്രൈസ്തവ മാനേജ്‌മെന്‍റുകൾക്ക് കീഴിലെ സ്ഥാപനങ്ങളിൽ മാത്രമാണ് ഇത്തരം പ്രഹസനങ്ങൾ എന്നതാണു വിചിത്രം. പരിശീലനത്തിന്‍റെ ഭാഗമായ നിഷ്കർഷകളും അച്ചടക്കത്തിന്‍റെ ഭാഗമായ നിബന്ധനകളും എന്നതിനപ്പുറമുള്ള ആരോപണങ്ങളല്ല ഇത്തരം സ്ഥാപനങ്ങൾക്കെതിരേ ഉയർന്നിട്ടുമുള്ളത്. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത പരിശീലന കേന്ദ്രങ്ങളും വൃത്തിയുള്ള മൂത്രപ്പുരകൾ പോലുമില്ലാത്ത ഹോസ്പിറ്റലുകളും കേരളത്തിൽ സർക്കാർ വകയായിപ്പോലും ഒട്ടേറെയുണ്ട്. അത്തരം അപര്യാപ്തതകളോടും കൃത്യവിലോപങ്ങളോടുമുള്ള അധികൃതരുടെ നിലപാടുകൾ പരിശോധിക്കപ്പെടേണ്ടതാണ്.

കെഎൻഎംസി പോലുള്ള ഔദ്യോഗിക സംവിധാനങ്ങൾ രാഷ്‌ട്രീയ, വർഗീയ സ്വാധീനങ്ങൾക്കപ്പുറം നിലപാടുകൾ സ്വീകരിച്ചു മുന്നോട്ടുപോകേണ്ടതു കേരളത്തിലെ പൊതുസമൂഹത്തിന്‍റെ സുസ്ഥിതിക്ക് അനിവാര്യമാണ്. രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായ ഒരു പൊതുജനശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണ്. ഇത്തരം വിഷയങ്ങളിൽ സത്വരമായ സർക്കാർ ഇടപെടലുകളും ഉണ്ടാകണം.

പണവുമായി പിന്നാലെ

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ചാടിവീഴുന്ന ചിലർ നമുക്കിടയിലുണ്ട്. അനാവശ്യമായി ഉയരുന്ന വിവിധ വിവാദങ്ങൾക്കു പിന്നിലെ ശക്തികൾക്കു സംഘടിത സ്വഭാവമുണ്ട് എന്നതിന്‍റെ സൂചനയാണ് ഇത്തരക്കാർ തരുന്നത്.

സന്യസ്തർക്കു നീതി നേടിക്കൊടുക്കുന്നവർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികൾ, ഈ അടുത്ത നാളുകളിൽ മരണപ്പെട്ട ഒരു സന്ന്യാസിനിയുടെ മാതാപിതാക്കളെ സമീപിച്ച് മരണത്തിൽ ദുരൂഹത ആരോപിക്കാൻ അവരെ പ്രേരിപ്പിക്കുകയുണ്ടായി. മകളുടെ മരണത്തിൽ മാനസികമായി വ്യഥയനുഭവിക്കുന്ന മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും തങ്ങളുടെ കൂടെ നിന്നാൽ ലഭ്യമാകുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചുപോലും അവർ സംസാരിച്ചുവത്രേ. തങ്ങളുടെ പ്രലോഭനങ്ങൾക്ക് ആരും വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ മരിച്ച വ്യക്തിയെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റും ലേഖനങ്ങളും അവർ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. മുമ്പുണ്ടായിട്ടുള്ള പല വിവാദങ്ങളിലും ഇത്തരക്കാരുടെ സമാനമായ ഇടപെടലുകൾ ദൃശ്യമായിട്ടുണ്ട്. ഈ നാട്ടിലെ നിയമ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ഇത്തരക്കാരാണ് നീതിയെ മറയാക്കി തങ്ങളുടെ കത്തോലിക്കാ സഭാവിരോധം വില്പന നടത്തി ജീവിക്കുന്ന ദുരൂഹതയുടെ വക്താക്കൾ.

സഭയുടെ സ്ഥാനാർഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ഏറ്റവും വലിയ വിവാദമായിരുന്നു, സഭയുടെ സ്ഥാനാർഥി എന്ന ആരോപണത്തെ തുടർന്നുണ്ടായത്. വിവാദം ഇപ്പോൾ കുറച്ചൊക്കെ ശമിച്ചു കഴിഞ്ഞു, എങ്കിലും ആ വിവാദവും അതിനു പിന്നിൽ പ്രവർത്തിച്ചവരും ചില ചിത്രങ്ങൾ വരച്ചിടുന്നുണ്ട്. പലതും മറയ്ക്കാനും ഒളിപ്പിക്കാനും മാത്രമല്ല, വോട്ടുകൾ ചിതറിക്കാനും സ്വരൂപിപ്പിക്കാനും കത്തോലിക്കാ സഭയുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ മതിയെന്ന ചിലരുടെ ധാരണകളായിരുന്നു ആ വിവാദത്തിനു പിന്നിൽ.

യഥാർഥത്തിൽ സമൂഹം ചർച്ചചെയ്യേണ്ട എത്രയെത്ര വിഷയങ്ങളാണ് ഈ ഉപതെരഞ്ഞെടുപ്പിൽ ഉയർന്നുവരേണ്ടിയിരുന്നത്. കേരളസമൂഹത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതവും വെല്ലുവിളിയും ഉയർത്തിയിരിക്കുന്ന ഗുരുതരമായ വിഷയങ്ങളും സാമ്പത്തിക, സാമൂഹിക വിഷയങ്ങളും എണ്ണമറ്റതാണ്. അഴിമതിയും വർഗീയ ധ്രുവീകരണവും പരിധിവിട്ടുകഴിഞ്ഞിരിക്കുന്നു.

ഈ കാലഘട്ടത്തിൽ ഏറ്റവുമധികം ആശങ്കയായിരിക്കുന്ന തീവ്രവാദ വിഷയങ്ങളിൽപ്പോലും മൃദുസമീപനം സ്വീകരിക്കുന്ന രാഷ്‌ട്രീയക്കാരുടെ നിലപാടുകൾ പ്രതിഷേധാര്‍ഹമാണ്. പുതിയതായി മുന്നോട്ടുവരുന്നവരും മുൻഗാമികളുടെ പാത പിന്തുടരുന്നു എന്നതിന്‍റെ ഉദാഹരണമാണ്, തൃക്കാക്കര സ്ഥാനാർഥിപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ, കേരളത്തിൽ പ്രണയക്കെണികൾ എന്നൊന്നില്ല എന്ന് ഒരു സ്ഥാനാർഥി പ്രഖ്യാപിച്ചത്.

എന്തിനും ഏതിനും കത്തോലിക്കാ സഭയുടെമേൽ പഴിചാരിയും വിവാദം സൃഷ്ടിച്ചും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും മുന്നോട്ടുപോകാമെന്ന ചിന്ത അപകടകരമാണ്. വാസ്തവങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ കേരളസമൂഹം മുന്നോട്ടുവരണം.

(കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)

Advertisements
Deepika News Cut 2022 May 18
Advertisements

Leave a comment