Wednesday of the 5th week of Eastertide / Saint John I, Pope, Martyr 

🔥 🔥 🔥 🔥 🔥 🔥 🔥

18 May 2022

Saint John I, Pope, Martyr 
or Wednesday of the 5th week of Eastertide 

Liturgical Colour: Red.

പ്രവേശകപ്രഭണിതം
ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.

Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

സമിതിപ്രാര്‍ത്ഥന

വിശ്വസ്തമാനസങ്ങള്‍ക്ക് പ്രതിഫലംനല്കുന്ന ദൈവമേ,
പാപ്പായായ വിശുദ്ധ ജോണിന്റെ രക്തസാക്ഷിത്വംവഴി
ഈ ദിനം അങ്ങ് പവിത്രീകരിച്ചുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ ശ്രവിക്കുകയും
അദ്ദേഹത്തിന്റെ പുണ്യയോഗ്യതകള്‍ വണങ്ങുന്ന ഞങ്ങള്‍,
അദ്ദേഹത്തിന്റെ വിശ്വാസസ്ഥിരത അനുകരിക്കാന്‍
ഇടയാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 15:1-6
ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

യൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു. സഭയുടെ നിര്‍ദ്ദേശമനുസരിച്ചു യാത്രതിരിച്ച അവര്‍ വിജാതീയരുടെ മാനസാന്തര വാര്‍ത്ത വിവരിച്ചു കേള്‍പ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി. ജറുസലെമില്‍ എത്തിയപ്പോള്‍ സഭയും അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങള്‍ മുഖാന്തരം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍ നിന്നു വിശ്വാസം സ്വീകരിച്ച ചിലര്‍ എഴുന്നേറ്റു പ്രസ്താവിച്ചു: അവരെ പരിച്‌ഛേദനം ചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിര്‍ദേശിക്കുകയും ചെയ്യുക ആവശ്യമാണ്. ഇക്കാര്യം പരിഗണിക്കാന്‍ അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരും ഒരുമിച്ചുകൂടി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 122:1-2,3-4ab,4cd-5

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
or
അല്ലേലൂയ!

കര്‍ത്താവിന്റെ ആലയത്തിലേക്കു
നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍
ഞാന്‍ സന്തോഷിച്ചു.
ജറുസലെമേ, ഇതാ ഞങ്ങള്‍
നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
or
അല്ലേലൂയ!

നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
or
അല്ലേലൂയ!

ഇസ്രായേലിനോടു കല്‍പിച്ചതുപോലെ,
കര്‍ത്താവിന്റെ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു;
ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 15:1-8
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

യേശു പറഞ്ഞു: ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷിയായ
വിശുദ്ധ N ന്റെ സ്മരണയില്‍,
അങ്ങേ മഹിമയ്ക്കായി ഞങ്ങളര്‍പ്പിക്കുന്ന
അനുരഞ്ജനത്തിന്റെയും സ്തുതിയുടേതുമായ
ഈ ബലി സ്വീകരിക്കണമേ.
അങ്ങനെ, ഈ ബലി ഞങ്ങളെ
പാപമോചനത്തിലേക്കു നയിക്കുകയും
നിത്യമായ കൃതജ്ഞതാപ്രകാശനത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 12:24

ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍,
അത് അതേപടിയിരിക്കും;
അഴിയുന്നെങ്കിലോ, അതു ഏറെ ഫലം പുറപ്പെടുവിക്കും, അല്ലേലൂയ.

Or:
സങ്കീ 116:15

തന്റെ വിശുദ്ധരുടെ മരണം
കര്‍ത്താവിന്റെ മുമ്പില്‍ അമൂല്യമാണ്, അല്ലേലൂയ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇന്നത്തെ ആഘോഷത്തില്‍ ആനന്ദിച്ചുകൊണ്ട്,
അങ്ങേ സ്വര്‍ഗീയദാനങ്ങള്‍ സ്വീകരിച്ച ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ ദിവ്യവിരുന്നില്‍
അങ്ങേ പുത്രന്റെ മരണം പ്രഖ്യാപിക്കുന്ന ഞങ്ങളെ
വിശുദ്ധരായ രക്തസാക്ഷികളോടൊത്ത്,
അവിടത്തെ ഉത്ഥാനത്തിലും മഹത്ത്വത്തിലും
പങ്കുകാരാകാന്‍ അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment