ഖലിൽ ജിബ്രാൻ കുട്ടികളെക്കുറിച്ച് എഴുതിയ ഒരു കവിതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്;
“മാതാപിതാക്കളെ, നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല. അവർ നിങ്ങളിലൂടെ വന്നതാണ്, അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവർക്ക് കൊടുക്കുക, എന്നാൽ നിങ്ങളുടെ ചിന്തകൾ അവർക്ക് കൊടുക്കരുത്.”
ഇന്നലെ ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജാഥയിൽ ഒരു ചെറിയ കുട്ടിയെ ഒരു മുതിർന്നയാളിന്റെ തോളിലിരുത്തി ആ കുട്ടിയെക്കൊണ്ട് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ കൊലവിളി നടത്തി പൊതുനിരത്തിലൂടെ പോകുന്ന ഒരു കാഴ്ച കേരളം ഞെട്ടലോടെ കണ്ടതാണ്. പ്രായവും പക്വതയും വിദ്യാഭ്യാസവും ഉള്ളവർ മതഭ്രാന്ത് മൂത്തിട്ട് ഇതേപോലെ കൊലവിളി നടത്തുന്നത് പലതവണ കേരളം കണ്ടതാണ്. അത് ഇങ്ങനെ മുറപോലെ നടക്കുന്നതു കൊണ്ടും നീയമ സംവിധാനങ്ങളും സോഷ്യൽ ആക്റ്റിവിസ്റ്റുകളും വളരെ സെലക്റ്റീവായി മാത്രം ആക്റ്റീവ് ആകുന്നതും കേരളത്തിൽ ഒരു പതിവ് കാഴ്ചയായതും കൊണ്ടാകാം ആരും പ്രത്യേകിച്ച് ഇപ്പോൾ ഞെട്ടാറില്ല.
എന്നാൽ ഇപ്പോൾ ഇത്തിരിപ്പോന്ന കുട്ടികളുടെ ഉള്ളിൽപ്പോലും അന്യമത വിദ്വേഷവും തീവ്രവാദവും കുത്തിവെച്ച് ഒരു തലമുറയെ വിഷലിപ്തമാക്കുന്ന രീതിയിൽ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. സിറിയയിലും മറ്റും ഇസ്ലാമിക് ഭീകരവാദികൾ ചെയ്യുന്നതുപോലെ ഭാവിയിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കുവാനും ഇസ്ലാം മതത്തിൽ അല്ലാത്തവരെ കാഫീറുകളായി കണ്ട് അറപ്പില്ലാതെ അവരുടെ കഴുത്ത് അറുക്കുവാനും കുട്ടികളെപ്പോലും മസ്തിഷ്ക ക്ഷാളനം ചെയ്യുന്ന തീവ്രവാദ ഫാക്ടറികൾ കേരളത്തിനകത്തും സജ്ജീവമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇതുപോലുള്ള കാഴ്ചകൾ.
ആ കുട്ടിയെ സ്വന്തം തോളിലിരുത്തി ഇങ്ങനെ കൊലവിളിപ്പിക്കുന്ന വ്യക്തിക്ക് കുട്ടിയുമായുള്ള ബന്ധം എന്താണെന്ന് അറിയില്ല. കുട്ടിയുടെ പിതാവാണെങ്കിൽ, അയാൾക്ക് ഇതെങ്ങനെ കഴിയുന്നു?
അയാൾ ആരാണെങ്കിലും ഒരുകാര്യം വ്യക്തം ഇത്രയുംനാൾ അയാൾ വായിച്ചുപഠിച്ച വിശുദ്ധ ഗ്രന്ഥങ്ങളൊന്നും അയാളുടെ കണ്ണുകൾക്ക് വെളിച്ചം കൊടുത്തിട്ടില്ല, മനസ്സിനെ ആർദ്ദ്രമാക്കിയിട്ടില്ല, ഹൃദയത്തിൽ സ്നേഹം നിറച്ചിട്ടില്ല, മാനവീകതയുടെ വിശാലമായ ലോകത്തേക്ക് മനസിനെ തുറന്നിട്ടില്ല. അയാൾ ഇന്നും ഇരുട്ടിലാണ്. വിദ്യേഷത്തിന്റെ, വെറുപ്പിന്റെ ശത്രുതയുടെ വിഷം നിറച്ച ഒരു മനുഷ്യരൂപം മാത്രമായി അയാൾ രൂപാന്തരപ്പെട്ടു. അയാളിൽ മാനുഷീകതയുടെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കിൽ അയാളുടെ തോളിലിരുന്ന് കൊലവിളി നടത്തിയ ആ കുട്ടിയുടെ വായ സ്വന്തം കൈകൊണ്ട് പൊത്തി പിടിക്കുമായിരുന്നു.
ഖലിൽ ജിബ്രാൻ മാതാപിതാക്കളോട് പറഞ്ഞത് ഒരിക്കൽക്കൂടെ ആവർത്തിക്കുന്നു.
“മാതാപിതാക്കളെ നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല. അവർ നിങ്ങളിലൂടെ വന്നതാണ്, അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവർക്ക് കൊടുക്കുക, എന്നാൽ നിങ്ങളുടെ ചിന്തകൾ അവർക്ക് കൊടുക്കരുത്.”
കടപ്പാട്:
ഫാ. ക്ലീറ്റസ് കാരക്കാടൻ



Leave a comment