🔥 🔥 🔥 🔥 🔥 🔥 🔥
09 Jun 2022
Thursday of week 10 in Ordinary Time
or Saint Ephraem, Deacon, Doctor
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27:1-2
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും.
സമിതിപ്രാര്‍ത്ഥന
സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങേ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങേ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 18:41-46
ഏലിയാ പ്രാര്‍ത്ഥിച്ചതിനാല്‍ വന്മഴ പെയ്തു.
അക്കാലത്ത്, ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴ ഇരമ്പുന്നു. ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍ മലയുടെ മുകളില്‍ കയറി; അവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു. അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കു നോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴു പ്രാവശ്യം ഇങ്ങനെ ചെയ്യുക. ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍ നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്സമാകാതിരിക്കാന്‍ രഥം പൂട്ടി പുറപ്പെടുക എന്ന് ആഹാബിനോടു പറയുക. നൊടിയിടയില്‍ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു, കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി. കര്‍ത്താവിന്റെ കരം ഏലിയായോടു കൂടെ ഉണ്ടായിരുന്നു. അവന്‍ അര മുറുക്കി, ആഹാബിനു മുന്‍പേ ജസ്രേല്‍ കവാടം വരെ ഓടി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 65:9-12
ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്.
അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു,
അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു;
ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു;
അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‍കുന്നു.
ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്.
അവിടുന്ന് അതിന്റെ ഉഴവുചാലുകളെ
സമൃദ്ധമായി നനയ്ക്കുന്നു;
കട്ടയുടച്ചു നിരത്തുകയും
മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു;
അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.
ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്.
സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു;
അങ്ങേ രഥത്തിന്റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു.
മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു;
കുന്നുകള്‍ സന്തോഷം അണിയുന്നു.
ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാർത്ഥ ദൈവത്തിൻ്റെ വചനമായി നിങ്ങൾ സ്വീകരിക്കുവിൻ.
അല്ലേലൂയ!
സുവിശേഷം
മത്താ 5:20-26
സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 18:2
കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.
Or:
1 യോഹ 4:16
ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment