Tuesday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

14 Jun 2022

Tuesday of week 11 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 27:7,9

കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 രാജാ 21:17-29
ആഹാബ് ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു.

നാബോത്തിന്റെ മരണശേഷം തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു: നീ ചെന്നു സമരിയായിലുള്ള ഇസ്രായേല്‍രാജാവ് ആഹാബിനെ കാണുക. അവന്‍ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ എത്തിയിരിക്കുന്നു. നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാബോത്തിന്റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും.
ആഹാബ് ഏലിയായോടു ചോദിച്ചു: എന്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ? അവന്‍ പ്രതിവചിച്ചു: അതേ, ഞാന്‍ നിന്നെ കണ്ടെത്തി. കര്‍ത്താവിന്റെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിക്കാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു. ഇതാ, ഞാന്‍ നിനക്കു നാശം വരുത്തും; ഞാന്‍ നിന്നെ നിര്‍മാര്‍ജനം ചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷന്മാരെയും – സ്വതന്ത്രരെയും അടിമകളെയും – ഞാന്‍ നിഗ്രഹിക്കും. നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതിനാല്‍ ഞാന്‍ നിന്റെ ഭവനത്തെ നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെയും അഹിയായുടെ മകന്‍ ബാഷായുടെയും ഭവനങ്ങളെപ്പോലെ ആക്കിത്തീര്‍ക്കും. ജസെബെലിനെക്കുറിച്ചും കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു, ജസ്രേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍വച്ച് ജസെബെലിനെ നായ്ക്കള്‍ തിന്നും. ആഹാബിന്റെ ഭവനത്തില്‍ നിന്ന് നഗരത്തില്‍വച്ചു മരിക്കുന്നവനെ നായ്ക്കള്‍ ഭക്ഷിക്കും; നാട്ടിന്‍പുറത്തുവച്ചു മരിക്കുന്നവനെ പറവകളും. ഭാര്യയായ ജസെബെലിന്റെ പ്രേരണയ്ക്കു വഴങ്ങി, കര്‍ത്താവിന് അനിഷ്ടമായതു പ്രവര്‍ത്തിക്കാന്‍ തന്നെത്തന്നെ വിറ്റ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല. ഇസ്രായേലിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവ് തുരത്തിയ അമോര്യരെപ്പോലെ അവന്‍ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്ഛമായി പ്രവര്‍ത്തിച്ചു.
ആഹാബ് ഇതുകേട്ടു വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്കു വിരിച്ച് ഉറങ്ങുകയും മനം തകര്‍ന്ന് തലതാഴ്ത്തി നടക്കുകയും ചെയ്തു. അപ്പോള്‍ തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്തു: ആഹാബ് എന്റെ മുന്‍പില്‍ എളിമപ്പെട്ടതു കണ്ടില്ലേ? അവന്‍ തന്നെത്തന്നെ താഴ്ത്തിയതിനാല്‍, അവന്റെ ജീവിതകാലത്തു ഞാന്‍ നാശം വരുത്തുകയില്ല. അവന്റെ പുത്രന്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാന്‍ തിന്മ വരുത്തുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:1-2,3-4ab,9,14

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപംചെയ്തു;
അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു.

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

എന്റെ പാപങ്ങളില്‍ നിന്നു മുഖം മറയ്ക്കണമേ!
എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!
ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
ഞാന്‍ അങ്ങേ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേൽപ്പിച്ചു കൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 5:43-48
നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍ പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.

Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment