🔥 🔥 🔥 🔥 🔥 🔥 🔥
21 Jun 2022
Saint Aloysius Gonzaga, Religious
on Tuesday of week 12 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 24:4,3
കളങ്കമറ്റ കൈകളും നിര്‍മലഹൃദയവുമുള്ളവന്‍
കര്‍ത്താവിന്റെ മലയില്‍ കയറുകയും
അവിടത്തെ വിശുദ്ധസ്ഥലത്ത് നില്ക്കുകയും ചെയ്യും.
സമിതിപ്രാര്‍ത്ഥന
സ്വര്‍ഗീയദാനങ്ങളുടെ ഉറവിടമായ ദൈവമേ,
വിശുദ്ധ അലോഷ്യസില്‍
ജീവിതത്തിന്റെ അദ്ഭുതകരമായ നിഷ്‌കളങ്കത,
തപശ്ചര്യയോടുകൂടെ അങ്ങ് ചേര്‍ത്തുവല്ലോ.
അദ്ദേഹത്തിന്റെ ജീവിതനൈര്‍മല്യം
അനുകരിക്കാന്‍ കഴിയാത്ത ഞങ്ങള്‍,
ഈ വിശുദ്ധന്റെ പുണ്യയോഗ്യതകളാലും മധ്യസ്ഥതയാലും
അദ്ദേഹത്തിന്റെ തപശ്ചര്യ അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 രാജാ 19:9-11,14-21,31-36
എനിക്കും എന്റെ ദാസനായ ദാവീദിനും വേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും.
അക്കാലത്ത്, അസ്സീറിയാ രാജാവായ സെന്നാക്കെരീബ് ദൂതന്മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു: ജറുസലെം അസ്സീറിയാ രാജാവിന്റെ കൈയില്‍ ഏല്‍പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്സീറിയാ രാജാക്കന്മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ?
ഹെസക്കിയാ ദൂതന്മാരുടെ കൈയില്‍ നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥനായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കാന്‍ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കു കേട്ടാലും! കര്‍ത്താവേ, അസ്സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു. അവരുടെ ദേവന്മാരെ അഗ്നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു. അതിനാല്‍, അവ നശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകള്‍ അറിയട്ടെ!
ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്സീറിയാ രാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു. അവനെക്കുറിച്ച് കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ജറുസലെമില്‍ നിന്ന് ഒരു അവശിഷ്ടഭാഗവും സീയോന്‍ മലയില്‍ നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്റെ തീക്ഷ്ണത ഇത് നിര്‍വഹിക്കും. അസ്സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു, അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിച ധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിര്‍മിക്കുകയോ ചെയ്യുകയില്ല. അവന്‍ നഗരത്തില്‍ പ്രവേശിക്കാതെ വന്ന വഴിയെ മടങ്ങുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും.
അന്നുരാത്രി കര്‍ത്താവിന്റെ ദൂതന്‍ അസ്സീറിയാ പാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായി മാറിയിരിക്കുന്നതു കണ്ടു. പിന്നെ അസ്സീറിയാ രാജാവായ സെന്നാക്കെരിബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 48:1-3,9-10
ദൈവം എന്നേക്കുമായി തന്റെ നഗരത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
കര്‍ത്താവ് ഉന്നതനാണ്;
നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍
അത്യന്തം സ്തുത്യര്‍ഹനുമാണ്.
ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധഗിരി
ഭൂമി മുഴുവന്റെയും സന്തോഷമാണ്.
ദൈവം എന്നേക്കുമായി തന്റെ നഗരത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
അങ്ങു വടക്കുള്ള സീയോന്‍ പര്‍വതം
ഉന്നതനായ രാജാവിന്റെ നഗരമാണ്.
അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം
സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
ദൈവം എന്നേക്കുമായി തന്റെ നഗരത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍
അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
ദൈവമേ, അങ്ങേ നാമമെന്നപോലെതന്നെ
അങ്ങേ സ്തുതികളും ഭൂമിയുടെ
അതിരുകളോളം എത്തുന്നു;
അവിടുത്തെ വലംകൈ
വിജയംകൊണ്ടു നിറഞ്ഞിരിക്കുന്നു.
ദൈവം എന്നേക്കുമായി തന്റെ നഗരത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു ഉദ്ഘോഷിച്ചു; സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 7:6,12-14
മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ അലോഷ്യസിന്റെ മാതൃകയാല്‍,
കല്യാണവസ്ത്രത്താല്‍ എന്നും അലംകൃതരായി,
സ്വര്‍ഗീയവിരുന്നില്‍ പങ്കുകാരാകാന്‍ ഞങ്ങളെ അങ്ങ് ഇടയാക്കണമേ.
അങ്ങനെ, ഈ ദിവ്യരഹസ്യത്തിലുള്ള ഭാഗഭാഗത്വംവഴി,
അങ്ങേ പ്രസാദവര സമ്പന്നതയാല്‍
ഞങ്ങള്‍ പരിപുഷ്ടരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 78:24-25
സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം അവിടന്ന് അവര്‍ക്കു നല്കി;
മനുഷ്യന്‍ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, മാലാഖമാരുടെ ഭോജനത്താല്‍ പരിപോഷിതരായ ഞങ്ങള്‍,
നിര്‍മലജീവിതം വഴി അങ്ങേക്കു ശുശ്രൂഷചെയ്യാനും
ഇന്നു ഞങ്ങള്‍ വണങ്ങുന്ന ഈ വിശുദ്ധന്റെ മാതൃകയാല്‍,
എന്നും കൃതജ്ഞതാനിര്‍ഭരരായി നിലനില്ക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment