Saturday of week 13 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

02 Jul 2022

Saturday of week 13 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ആമോ 9:11-15
എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും.

കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും. അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്റെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ജനതകളെയും അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ ദിനങ്ങള്‍ ആസന്നമായി. അന്ന് ഉഴവുകാരന്‍ കൊയ്ത്തുകാരനെയും മുന്തിരി മെതിക്കുന്നവന്‍ വിതക്കാരനെയും പിന്നിലാക്കും. പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും. മലകളില്‍ അതു കവിഞ്ഞൊഴുകും. എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും. അവര്‍ക്കു നല്‍കിയ ദേശത്ത് ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല – ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 85:8ab,9,10-11,12-13

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ.119/135

അല്ലേലൂയ!അല്ലേലൂയ!

ഈ ദാസൻ്റെ മേൽ അങ്ങേ മുഖ പ്രകാശം പതിയട്ടെ, അങ്ങേ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മത്താ 9:14-17
മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ?

അക്കാലത്ത്, യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. ആരും പഴയ വസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചുചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 103:1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.

Or:
യോഹ 17:20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment