Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

🔥 🔥 🔥 🔥 🔥 🔥 🔥

05 Jul 2022

Tuesday of week 14 in Ordinary Time 
or Saint Antony Mary Zaccaria, Priest 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹോസി 8:4-7,11-13
അവര്‍ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ രാജാക്കന്മാരെ വാഴിച്ചു; എന്നാല്‍, എന്റെ ആഗ്രഹമനുസരിച്ചല്ല അവര്‍ അധികാരികളെ നിയമിച്ചത്, എന്റെ അറിവു കൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വര്‍ണവും കൊണ്ട് അവര്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചു. അത് അവരെ നാശത്തിലെത്തിച്ചു. സമരിയാ, നിന്റെ കാളക്കുട്ടിയെ ഞാന്‍ തട്ടിത്തെറിപ്പിച്ചു; എന്റെ കോപം അവര്‍ക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ ഇനിയും അവര്‍ എത്ര വൈകും? അത് ഇസ്രായേലിലെ ഒരു ശില്‍പി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാന്‍ തകര്‍ക്കും. അവര്‍ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും. വളര്‍ന്നു നില്‍ക്കുന്ന ചെടികളില്‍ കതിരില്ല; അതു ധാന്യം നല്‍കുകയില്ല. നല്‍കിയാല്‍ തന്നെ അത് അന്യര്‍ വിഴുങ്ങും.
എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍ തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു. അവര്‍ ബലികള്‍ ഇഷ്ടപ്പെടുന്നു. അവര്‍ മാംസം അര്‍പ്പിക്കുന്നു; അതു ഭക്ഷിക്കുന്നു. എന്നാല്‍, കര്‍ത്താവ് അവരില്‍ സംപ്രീതനാവുകയില്ല. അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ഓര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്ഷിക്കും. അവര്‍ ഈജിപ്തിലേക്കു മടങ്ങും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 115:3-4,5-6,7ab-8,9-10

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍.
or
അല്ലേലൂയ!

നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്;
തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്;
മനുഷ്യരുടെ കരവേലകള്‍ മാത്രം!

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍.
or
അല്ലേലൂയ!

അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല;
കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല:
മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍.
or
അല്ലേലൂയ!

അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല;
കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല;
അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്;
അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ.

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍.
or
അല്ലേലൂയ!

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍;
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
അഹറോന്റെ ഭവനമേ, കര്‍ത്താവില്‍ ശരണം വയ്ക്കുവിന്‍;
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

യോഹ. 10/14.

അല്ലേലൂയ!അല്ലേലൂയ!

ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 9:32-37
വിളവധികം; വേലക്കാരോ ചുരുക്കം.

അക്കാലത്ത്, പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ യേശുവിന്റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 34:8

കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

Or:
മത്താ 11:28

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങേ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment