🔥 🔥 🔥 🔥 🔥 🔥 🔥
11 Jul 2022
Saint Benedict, Abbot
on Monday of week 15 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,
ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍
നിസ്തുലഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.
അങ്ങേ സ്‌നേഹത്തെക്കാള്‍
ഒന്നിനും മുന്‍ഗണന കൊടുക്കാതെ,
അങ്ങേ കല്പനകളുടെ വഴിയിലൂടെ
സന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 1:10-17
നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍.
സോദോമിന്റെ അധിപതികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാ ജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെ കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെയോ രക്തം കൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല. എന്റെ സന്നിധിയില്‍ വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു? വ്യര്‍ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായി തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 50:8-9,16bc-17,21,23
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു
മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച്
ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അങ്ങേ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മത്താ 10:34-11:1
സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്ക് എതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. യേശു പന്ത്രണ്ടു ശിഷ്യന്മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ബെനഡിക്ടിന്റെ ആഘോഷത്തില്‍,
ഞങ്ങളര്‍പ്പിക്കുന്ന ഈ വിശുദ്ധ ബലിവസ്തുക്കള്‍
കാരുണ്യപൂര്‍വം കടാക്ഷിക്കണമേ.
ഈ വിശുദ്ധന്റെ മാതൃകയാല്‍ അങ്ങയെ അന്വേഷിച്ചുകൊണ്ട്,
അങ്ങേ ശുശ്രൂഷയില്‍ ഐക്യത്തിന്റെയും
സമാധാനത്തിന്റെയും ദാനങ്ങള്‍ക്ക്
ഞങ്ങള്‍ അര്‍ഹരാകാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 12:42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, നിത്യജീവന്റെ അച്ചാരം സ്വീകരിച്ചുകൊണ്ട്
ഞങ്ങള്‍ അങ്ങയോട് കേണപേക്ഷിക്കുന്നു.
വിശുദ്ധ ബെനഡിക്ടിന്റെ ഉദ്‌ബോധനങ്ങളനുസരിച്ച്,
അങ്ങേ പദ്ധതി വിശ്വസ്തതയോടെ ഞങ്ങള്‍ നിറവേറ്റുകയും
തീക്ഷ്ണമായ ഉപവിയോടെ
സഹോദരരെ സ്‌നേഹിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment