Wednesday of week 15 in Ordinary Time / Saint Henry 

🔥 🔥 🔥 🔥 🔥 🔥 🔥

13 Jul 2022

Wednesday of week 15 in Ordinary Time 
or Saint Henry 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വഴിതെറ്റിയവര്‍
നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്
അങ്ങേ സത്യത്തിന്റെ പ്രകാശം
അവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.
ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാം
ആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനും
അനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 10:5-7,13-16
വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ?

കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപത്തിന്റെ ദണ്ഡും രോഷത്തിന്റെ വടിയുമായ അസ്സീറിയാ! അധര്‍മികളായ ജനതയ്‌ക്കെതിരേ ഞാന്‍ അവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാന്‍ അവനു കല്‍പന നല്‍കുന്നു. എന്നാല്‍, അവന്റെ ഉദ്ദേശ്യമതല്ല. അവന്റെ മനസ്സിലെ വിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിഛേദിച്ചുകളയുകയാണ് അവന്റെ ഉദ്ദേശ്യം.
അവന്‍ പറയുന്നു: എന്റെ കരബലവും ജ്ഞാനവും കൊണ്ടാണ് ഞാനിതു ചെയ്തത്. കാരണം, എനിക്ക് അറിവുണ്ടായിരുന്നു. ഞാന്‍ ജനതകളുടെ അതിര്‍ത്തികള്‍ നീക്കം ചെയ്യുകയും അവരുടെ നിക്‌ഷേപങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാന്‍ കാളക്കൂറ്റന്റെ കരുത്തോടെ താഴെയിറക്കി. പക്ഷിക്കൂട്ടില്‍ നിന്നെന്നപോലെ എന്റെ കരം ജനതകളുടെ സമ്പത്ത് അപഹരിച്ചു. ഉപേക്ഷിക്കപ്പെട്ട മുട്ടകള്‍ ശേഖരിക്കുന്നതുപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ കരസ്ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല. വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? അറുക്കുന്നവനോടു വാള്‍ വീമ്പടിക്കുമോ? ദണ്ഡ് അത് ഉയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതു പോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയര്‍ത്തുന്നതു പോലെയും ആണ് അത്. കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, കരുത്തന്മാരായ യോദ്ധാക്കളുടെമേല്‍ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും. അവന്റെ കരുത്തിനടിയില്‍ അഗ്നിജ്വാല പോലെ ഒരു ദാഹകശക്തി ജ്വലിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 94:5-6,7-8,9-10,14-15

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവേ, അവര്‍ അങ്ങേ ജനത്തെ ഞെരിക്കുന്നു;
അങ്ങേ അവകാശത്തെ പീഡിപ്പിക്കുന്നു.
അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു;
അനാഥരെ കൊന്നുകളയുന്നു.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവു കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല
എന്ന് അവര്‍ പറയുന്നു.
പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍,
ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും?

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

ചെവി നല്‍കിയവന്‍ കേള്‍ക്കുന്നില്ലെന്നോ?
കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ?
ജനതകളെ ശിക്ഷിക്കുന്നവനു
നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോ?
അറിവു പകരുന്നവന് അറിവില്ലെന്നോ?

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല;
അവിടുന്നു തന്റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല.
വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;
പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു ഉദ്ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 11:25-27
നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരില്‍ നിന്നു മറച്ച്, ശിശുക്കള്‍ക്ക് വെളിപ്പെടുത്തി.

അക്കാലത്ത്, യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന
സഭയുടെ കാണിക്കകള്‍ കടാക്ഷിക്കുകയും
അവയുടെ സ്വീകരണം
വിശ്വാസികളുടെ വിശുദ്ധീകരണത്തിന്റെ വര്‍ധനയ്ക്ക്
ഇടയാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 84:3-4

ബലവാനായ കര്‍ത്താവേ,
എന്റെ രാജാവേ, എന്റെ ദൈവമേ,
കുരുകില്‍പക്ഷി ഒരു സങ്കേതവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു കൂടും
അങ്ങേ അള്‍ത്താരയില്‍ കണ്ടെത്തുന്നുവല്ലോ.
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

Or:
യോഹ 6:57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ദിവ്യരഹസ്യത്തിലുള്ള പങ്കാളിത്തത്തോടൊപ്പം
ഞങ്ങളുടെ രക്ഷയുടെ ഫലവും വര്‍ധമാനമാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment