🌹 🔥 🌹 🔥 🌹 🔥 🌹
23 Jul 2022
Saturday of week 16 in Ordinary Time
or Saint Bridget of Sweden, Religious
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയും
അങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 7:1-11
എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ?
കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക: കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം. കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ഥമായ നീതി പുലര്‍ത്തിയാല്‍, പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്കരക്തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകേ പോകാതിരുന്നാല്‍, ഇവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‍കിയ ഈ ദേശത്ത്, എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങള്‍ ആശ്രയിക്കുന്നത്, അതു വ്യര്‍ഥമാണ്. നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. എന്നിട്ട് എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍തന്നെ ഇതു കാണുന്നുണ്ട്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 84:2,3,4-5a,7a,10
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!
എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍
വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും
ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!
എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,
കുരികില്‍പ്പക്ഷി ഒരു സങ്കേതവും
മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും
അങ്ങേ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങേ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു
കൂടുതല്‍ അഭികാമ്യമാണ്;
ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍,
എന്റെ ദൈവത്തിന്റെ ആലയത്തില്‍
വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.
അല്ലേലൂയ!
സുവിശേഷം
മത്താ 13:24-30
കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് ഒരു ഉപമ അരുളിച്ചെയ്തു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍ പോയി കളകള്‍ പറിച്ചു കൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കി വയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 111:4-5
തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.
Or:
വെളി 3:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment