Saint Joachim and Saint Anne / Tuesday of week 17 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

26 Jul 2022

Saint Joachim and Saint Anne, parents of the Blessed Virgin Mary 
on Tuesday of week 17 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ,
മനുഷ്യാവതാരം ചെയ്ത
അങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം,
വിശുദ്ധരായ ജൊവാക്കിമിനും അന്നയ്ക്കും
അങ്ങ് പ്രദാനം ചെയ്തുവല്ലോ.
ഈ വിശുദ്ധരുടെ പ്രാര്‍ഥനകള്‍വഴി,
അങ്ങേ ജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷ
ഞങ്ങള്‍ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 14:17-22
ഞങ്ങളുമായുള്ള അങ്ങേ ഉടമ്പടി അനുസ്മരിക്കണമേ; അതു ലംഘിക്കരുതേ.

എന്റെ കണ്ണുകളില്‍ നിന്നു രാപകല്‍ കണ്ണീരൊഴുകട്ടെ; കണ്ണീര്‍പ്രവാഹം നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്റെ ജനത്തിനു മാരകമായി മുറിവേറ്റിരിക്കുന്നു. അവര്‍ കഠിന മര്‍ദനത്തിനിരയായി. നാട്ടിന്‍പുറത്തു ചെന്നാല്‍ അവിടെ വാളാല്‍ വെട്ടിവീഴ്ത്തപ്പെട്ടവര്‍! നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ പട്ടിണി കൊണ്ടു രോഗം ബാധിച്ചവര്‍! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്സിലാകുന്നില്ല.
അവിടുന്ന് യൂദായെ നിശ്ശേഷം പരിത്യജിച്ചുവോ? ഉള്ളുകൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖംപ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ് പ്രഹരിച്ചത്? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ പരിഭ്രാന്തിമാത്രം. കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകളും ഞങ്ങള്‍ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്തു. അങ്ങേ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങേ മഹത്വത്തിന്റെ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങേ ഉടമ്പടി അനുസ്മരിക്കണമേ; അതു ലംഘിക്കരുതേ. ജനതകളുടെ ദേവന്മാര്‍ക്കിടയില്‍ മഴപെയ്യിക്കാന്‍ ശക്തിയുള്ള ആരെങ്കിലും ഉണ്ടോ? ആകാശത്തിനു മാരിവര്‍ഷിക്കാന്‍ കഴിയുമോ? ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അതു ചെയ്യുന്നവന്‍ അങ്ങു മാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ പ്രത്യാശവയ്ക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവന്‍ അവിടുന്നാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 79:8,9,11,13

കര്‍ത്താവേ, അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍
ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങേ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

കര്‍ത്താവേ, അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

ബന്ധിതരുടെ ഞരക്കം അങ്ങേ സന്നിധിയില്‍ എത്തട്ടെ!
വിധിക്കപ്പെട്ടവരെ അങ്ങേ ശക്തി രക്ഷിക്കട്ടെ!
അപ്പോള്‍, അങ്ങേ ജനമായ ഞങ്ങള്‍,
അങ്ങേ മേച്ചില്‍പുറങ്ങളിലെ ആടുകള്‍,
എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങേ സ്തുതികള്‍ ആലപിക്കും.

കര്‍ത്താവേ, അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.

അല്ലേലൂയ!

സുവിശേഷം

മത്താ 13:36-43
കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും.

അക്കാലത്ത്, ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് യേശു വീട്ടിലേക്കു വന്നു. ശിഷ്യന്മാര്‍ അവന്റെ അടുത്തുവന്ന് അപേക്ഷിച്ചു: വയലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും! അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും. കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്ത ത്തിലും സംഭവിക്കും. മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ഭക്തിയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
അബ്രാഹത്തിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും അങ്ങ് വാഗ്ദാനം ചെയ്ത
അതേ അനുഗ്രഹത്തില്‍ പങ്കുകാരാകാന്‍ അര്‍ഹരാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 24:5

അവര്‍ കര്‍ത്താവില്‍നിന്ന് അനുഗ്രഹവും
രക്ഷകനായ ദൈവത്തില്‍നിന്ന് കാരുണ്യവും സ്വീകരിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിസ്മയകരമായ രഹസ്യത്താല്‍
മാനവര്‍ അങ്ങില്‍ നിന്ന് നവജന്മം പ്രാപിക്കാന്‍വേണ്ടി
അങ്ങേ ഏകജാതന്‍ മാനവരാശിയില്‍നിന്ന്
ജാതനാകാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അപ്പത്താല്‍ അങ്ങു പരിപോഷിപ്പിച്ച അങ്ങേ മക്കളെ,
അങ്ങേ കാരുണ്യത്തില്‍,
ദത്തെടുപ്പിന്റെ ചൈതന്യത്താല്‍ വിശുദ്ധീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Saint Joachim and Saint Anne
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment