🌹 🔥 🌹 🔥 🌹 🔥 🌹
27 Jul 2022
Wednesday of week 17 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,
അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.
അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴി
ഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,
അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 15:10,16-21
എന്താണ് എന്റെ വേദന മാറാത്തത്? നീ തിരിച്ചു വന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം.
എന്റെ അമ്മേ, എനിക്കു ദുരിതം! നാട്ടിലെങ്ങും കലഹത്തിനും കലാപത്തിനും കാരണക്കാരനാകാന്‍ എന്നെ നീ പ്രസവിച്ചതെന്തിന്? ഞാന്‍ കടംകൊടുത്തില്ല. വാങ്ങിയിട്ടുമില്ല. എന്നിട്ടും എല്ലാവരും എന്നെ ശപിക്കുന്നു.
അങ്ങേ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാന്‍ അവ ഭക്ഷിച്ചു; അവ എനിക്ക് ആനന്ദാമൃതമായി; എന്റെ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങേ നാമമാണല്ലോ വഹിക്കുന്നത്. ഉല്ലാസജീവിതം നയിക്കുന്നവരോടു ഞാന്‍ സഹവസിക്കുകയോ അവരോടൊത്തു സന്തോഷിക്കുകയോ ചെയ്തില്ല. അങ്ങേ കരം എന്റെ മേലുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഏകാകിയായി കഴിഞ്ഞു. അമര്‍ഷംകൊണ്ട് അങ്ങ് എന്നെ നിറച്ചിരുന്നു. എന്താണ് എന്റെ വേദന മാറാത്തത്? എന്റെ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കാതെ വിങ്ങുന്നത് എന്തുകൊണ്ട്? ഇടയ്ക്കിടെ വെള്ളം വറ്റിപ്പോകുന്ന അരുവിയെപ്പോലെ അവിടുന്ന് എന്നെ വഞ്ചിക്കുമോ?
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. അവര്‍ നിന്റെ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല. ഈ ജനത്തിനു മുന്‍പില്‍ ഒരു പിത്തളക്കോട്ടയായി നിന്നെ ഞാന്‍ ഉയര്‍ത്തും. അവര്‍ നിന്നോടു യുദ്ധം ചെയ്യും; അവര്‍ വിജയിക്കുകയില്ല. എന്തെന്നാല്‍, നിന്നെ രക്ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോടുകൂടെയുണ്ട് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ദുഷ്ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍ നിന്നു നിന്നെ ഞാന്‍ വീണ്ടെടുക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 59:1-2,3-4a,9-10,16
കര്‍ത്താവേ, എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!
എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
ദുഷ്‌കര്‍മികളില്‍ നിന്ന് എന്നെ വിടുവിക്കണമേ!
രക്തദാഹികളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ!
കര്‍ത്താവേ, എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
അതാ, അവര്‍ എന്റെ ജീവനുവേണ്ടി പതിയിരിക്കുന്നു;
ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു;
കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല.
എന്റെ തെറ്റുകള്‍കൊ ണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്.
കര്‍ത്താവേ, എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും;
ദൈവമേ, അങ്ങ് എനിക്കു കോട്ടയാണ്.
എന്റെ ദൈവം കനിഞ്ഞ് എന്നെ സന്ദര്‍ശിക്കും;
എന്റെ ശത്രുക്കളുടെ പരാജയം കാണാന്‍
അവിടുന്ന് എനിക്കിടയാക്കും.
കര്‍ത്താവേ, എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
ഞാന്‍ അങ്ങേ ശക്തി പാടിപ്പുകഴ്ത്തും;
പ്രഭാതത്തില്‍ ഞാന്‍ അങ്ങേ കാരുണ്യം
ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും;
എന്റെ കഷ്ടതയുടെ കാലത്ത്
അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
കര്‍ത്താവേ, എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
അങ്ങേ വചനം എൻ്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്.
അല്ലേലൂയ!
സുവിശേഷം
മത്താ 13:44-46
അയാള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സമൃദ്ധിയില്‍നിന്ന്
ഞങ്ങള്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
സ്വീകരിക്കണമേ.
അങ്ങേ കൃപയുടെ ശക്തമായ പ്രവര്‍ത്തനങ്ങളാല്‍,
ഈ പരമപരിശുദ്ധ രഹസ്യങ്ങള്‍
ഞങ്ങളുടെ ഇഹലോകജീവിതരീതികള്‍ വിശുദ്ധീകരിക്കുകയും
നിത്യാനന്ദത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 103:2
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
Or:
മത്താ 5:7-8
കരുണയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ പുത്രന്റെ പീഡാസഹനത്തിന്റെ
നിത്യസ്മാരകമായ ദിവ്യകൂദാശ ഞങ്ങള്‍ സ്വീകരിച്ചു.
അവര്‍ണനീയമായ സ്‌നേഹത്താല്‍
അവിടന്നു തന്നെ ഞങ്ങള്‍ക്കു നല്കിയ ഈ ദാനം
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment