🌹 🔥 🌹 🔥 🌹 🔥 🌹
28 Jul 2022
Saint Alphonsa Muttathupadathu, Virgin
on Thursday of week 17 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവായ ദൈവമേ, സഹനത്തിന്‍റെ ജീവിതം
സന്തോഷത്തോടെ സ്വീകരിക്കാനുളള അനുഗ്രഹം
കന്യകയായ വിശുദ്ധ അല്‍ഫോന്‍സയ്ക്ക് അങ്ങു നല്കിയല്ലോ.
അനുദിനമുളള കുരിശ് ക്ഷമയോടെ സഹിച്ച
ആ കന്യകയുടെ മാതൃക അനുകരിച്ചുകൊണ്ട്,
ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തില്‍
കൂടുതല്‍ ഗാഢമായി പങ്കുചേരാനുളള അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 18:1-6
കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍.
കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്മേല്‍ പണി ചെയ്യുകയായിരുന്നു. കുശവന്‍ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും. അപ്പോള്‍ കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 146:1b-2,3-4,5-6ab
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, ഭാഗ്യവാന്‍.
or
അല്ലേലൂയ!
ആയുഷ്‌കാലമത്രയും
ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും;
ജീവിതകാലം മുഴുവന്‍ ഞാന്‍
എന്റെ ദൈവത്തിനു കീര്‍ത്തനം പാടും.
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, ഭാഗ്യവാന്‍.
or
അല്ലേലൂയ!
രാജാക്കന്മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത
മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്.
അവന്‍ മണ്ണിലേക്കു മടങ്ങുന്നു;
അന്ന് അവന്റെ പദ്ധതികള്‍ മണ്ണടിയുന്നു.
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, ഭാഗ്യവാന്‍.
or
അല്ലേലൂയ!
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍,
തന്റെ ദൈവമായ കര്‍ത്താവില്‍
പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍.
അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, ഭാഗ്യവാന്‍.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അങ്ങേ പുത്രൻ്റെ വചനങ്ങൾ കേൾക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മത്താ 13:47-53
നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാര്‍ ദുഷ്ടന്മാരെ നീതിമാന്മാരില്‍ നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു.
അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്‌ഷേപത്തില്‍ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍. യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്, സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
വിശുദ്ധ അല്‍ഫോന്‍സായുടെ സ്മരണയില്‍
ഞങ്ങള്‍ സമര്‍പ്പിക്കുന്ന യാഗദ്രവ്യങ്ങള്‍
അങ്ങു കടാക്ഷിക്കണമേ.
അങ്ങേ സന്നിധിയില്‍ ഭക്തിനിര്‍ഭരവും
പരിശുദ്ധവുമായ സ്‌നേഹത്തില്‍
ഞങ്ങള്‍ നിരന്തരം ജ്വലിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
റോമാ 8:35
ക്രിസ്തുവിന്‍റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പ്പെടുത്തും?
ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ രഹസ്യങ്ങളുടെ വിശുദ്ധമായ സ്വീകരണം
ഞങ്ങളുടെ അനുദിനമുളള കുരിശുവഹിക്കാന്‍
ഞങ്ങളെ ശക്തരാക്കട്ടെ.
അങ്ങനെ, അങ്ങേ പുത്രന്‍റെ സാദൃശ്യത്തില്‍ ഞങ്ങള്‍ വളരുകയും
ഒരു ദിവസം സ്വര്‍ഗത്തില്‍ അങ്ങയെ നിത്യമായി
ദര്‍ശിച്ചാനന്ദിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment