Saint Martha / Friday of week 17 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

29 Jul 2022

Saint Martha 
on Friday of week 17 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശുദ്ധ മര്‍ത്തയുടെ ഭവനത്തില്‍ അങ്ങേ പുത്രന്‍
ആതിഥ്യം സ്വീകരിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
ഈ വിശുദ്ധയുടെ മധ്യസ്ഥതയാല്‍,
ഞങ്ങളുടെ സഹോദരരില്‍
ക്രിസ്തുവിനെ വിശ്വസ്തതയോടെ ശുശ്രൂഷിച്ച്,
സ്വര്‍ഗീയഭവനത്തില്‍ ഞങ്ങളെ സ്വീകരിക്കാന്‍
അങ്ങ് ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 26:1-9
ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി

അസ്സീറിയാ രാജാവ് രാജ്യം ആക്രമിക്കുകയും യൂദാ രാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യൂദാ നിവാസികളോട് ഞാന്‍ കല്‍പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍ നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും. നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിച്ച് ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തിലൂടെ ചരിക്കാതെയും, നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നിട്ടും തുടര്‍ച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ച പ്രവാചകന്മാരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയും ഇരുന്നാല്‍ ഈ ഭവനത്തെ ഞാന്‍ ഷീലോപോലെയാക്കും; ഈ നഗരത്തെ ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ശപിക്കാനുള്ള മാതൃകയാക്കും.
ദേവാലയത്തില്‍വച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും കേട്ടു. ജനത്തോടു പറയാന്‍ കര്‍ത്താവ് കല്‍പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും ചേര്‍ന്ന് അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു. ഈ ആലയം ഷീലോ പോലെയാകും. ഈ നഗരം വിജനമാകും എന്നു നീ കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതെന്തിന്? ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 69:5,8-10,14

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍
എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്.
എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍,
നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്.

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെ പ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും
ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും.
അങ്ങേ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത
എന്നെ വിഴുങ്ങിക്കളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം
എന്റെമേല്‍ നിപതിച്ചു.

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്
ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശം ഉണ്ടായിരിക്കും.

അല്ലേലൂയ!

സുവിശേഷം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

യോഹ 11:19-27
നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.

അനേകം യഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു. മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ മര്‍ത്തയില്‍
അങ്ങേ വിസ്മയനീയ കര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ സ്‌നേഹാദരങ്ങള്‍
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 11: 27

മര്‍ത്ത യേശുവിനോടു പറഞ്ഞു:
നീ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ഏകജാതന്റെ
ശരീരരക്തങ്ങളുടെ സ്വീകരണം,
ഞങ്ങളെ എല്ലാ അധമകാര്യങ്ങളിലും നിന്ന് അകറ്റട്ടെ.
അങ്ങനെ, വിശുദ്ധ മര്‍ത്തയുടെ മാതൃകയാല്‍,
ഭൂമിയില്‍ അങ്ങയോടുള്ള
ആത്മാര്‍ഥ സ്‌നേഹത്തില്‍ വളരാനും
സ്വര്‍ഗത്തില്‍ അങ്ങേ
ശാശ്വത ദര്‍ശനത്താല്‍ ആനന്ദിക്കാനും
ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment