🌹 🔥 🌹 🔥 🌹 🔥 🌹
02 Aug 2022
Tuesday of week 18 in Ordinary Time
or Saint Eusebius of Vercelli, Bishop
or Saint Peter Julian Eymard
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍
അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 30:1-2,12-15,18a-22
നിന്റെ കഠിനപാപങ്ങള്‍ നിമിത്തമാണ് ഇവയെല്ലാം ഞാന്‍ നിന്നോട് ചെയ്തത്; യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്ഥാപിക്കും.
കര്‍ത്താവില്‍ നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്ഷതമേറ്റിരിക്കുന്നു; നിന്റെ മുറിവു ഗുരുതരമാണ്. നിനക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല; നിന്റെ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല. നിന്റെ സ്‌നേഹിതരെല്ലാം നിന്നെ മറന്നിരിക്കുന്നു. അവര്‍ നിന്റെ കാര്യം അന്വേഷിക്കുന്നതേയില്ല. എന്തെന്നാല്‍, നിന്റെ അസംഖ്യം അകൃത്യങ്ങളും ഘോരമായ പാപങ്ങളും നിമിത്തം ക്ഷതമേല്‍പിക്കുന്ന ശത്രുവിനെ പോലെയും ക്രൂരമായി ശിക്ഷിക്കുന്നവനെ പോലെയും ഞാന്‍ നിന്നെ മുറിപ്പെടുത്തിയിരിക്കുന്നു. നിന്റെ വേദനയെച്ചൊല്ലി എന്തിനു നിലവിളിക്കുന്നു? നിന്റെ ദുഃഖത്തിനു ശമനമുണ്ടാവുകയില്ല. എന്തെന്നാല്‍, നിന്റെ അകൃത്യങ്ങള്‍ അസംഖ്യവും നിന്റെ പാപങ്ങള്‍ ഘോരവുമാണ്. ഞാനാണ് ഇവയെല്ലാം നിന്നോടു ചെയ്തത്.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോടു ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍ നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ്ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നു നില്‍ക്കും. അവയില്‍ നിന്നു കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ളാദാരവവും ഉയരും: ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും; അവര്‍ നിസ്സാരരാവുകയില്ല. അവരുടെ മക്കള്‍ പൂര്‍വകാലത്തേതു പോലെയാകും; അവരുടെ സമൂഹം എന്റെ മുന്‍പില്‍ സുസ്ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ രാജാവ് അവരില്‍ ഒരാള്‍ തന്നെയായിരിക്കും; അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍ നിന്നുതന്നെ വരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാന്‍ അവനെ അനുവദിക്കും; അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണു ധൈര്യപ്പെടുക – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 102:15-16,18,20b,28,19-20
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങേ മഹത്വത്തെയും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
ഭാവിതലമുറയ്ക്കുവേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി,
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി;
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
അങ്ങേ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും;
അവരുടെ സന്തതിപരമ്പര അങ്ങേ മുന്‍പില്‍ നിലനില്‍ക്കും.
തടവുകാരുടെ ഞരക്കം കേള്‍ക്കാനും
മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനും വേണ്ടി
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങു ദൈവ പുത്രനാണ്. ഇസ്രായേലിൻ്റെ രാജാവാണ്.
അല്ലേലൂയ!
സുവിശേഷം
മത്താ 14:22-36
ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക.
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി. അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ജ്ഞാനം 16:20
കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.
Or:
യോഹ 6:35
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്ര ചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment