സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍

സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍

വ്രതവാഗ്ദാനത്തിനു ശേഷം 35 ദിവസം മാത്രം ജീവിച്ച് 26-ാം വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായ ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍. ഇന്നലെയാണ് (ഓഗസ്റ്റ് 5) വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് 1954 ജൂണ്‍ 24 ന് സെലിന്‍ ഉര്‍സുലൈന്‍ സഭയില്‍ ചേര്‍ന്നത്. ക്രൂശിതനായ യേശുവിനോടുള്ള പ്രത്യേക ഭക്തിയാണ് സെലിനെ മഠത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. വെറും മൂന്നു വര്‍ഷം മാത്രമാണ് സന്യാസ സഭയില്‍ അംഗമായിരിക്കാന്‍ സിസ്റ്ററിന് കഴിഞ്ഞത്.
തൃശൂര്‍ രൂപതയിലെ കുണ്ടന്നൂര്‍ ഇടവകയില്‍ കണ്ണനായ്ക്കല്‍ ഫ്രാന്‍സിസ്-ഫിലോമിന ദമ്പതികളുടെ മകളായി 1931 ഫെബ്രുവരി 13 ന് സിസ്റ്റര്‍ സെലിന്റെ ജനനം. ഭക്തിഗാനങ്ങള്‍ എഴുതുകയും പാടുകയും ചെയ്യുന്നത് ഹോബിയായിരുന്നു. കുണ്ടന്നൂര്‍ ദൈവാലയത്തിലെ ഗായകസംഘത്തിലും ഭക്തസംഘടനകളിലും അംഗമായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സെന്റ് തോമസ് സ്‌കൂളില്‍ അധ്യാപികയായിരിക്കെ സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് തയ്യിലിനോടാണ് മഠത്തില്‍ ചേരാനുള്ള ആഗ്രഹം സെലിന്‍ അറിയിച്ചത്. ഫാ. തയ്യിലിന്റെ സഹോദരി സിസ്റ്റര്‍ ആഗ്നസ് കണ്ണൂര്‍ ഉര്‍സുലൈന്‍ സഭാംഗമായിരുന്നു. അങ്ങനെയാണ് ഉര്‍സുലൈന്‍ സഭയിലേക്കുള്ള വഴിയൊരുങ്ങിയത്.
1957 ജൂണ്‍ 20 നു ആയിരുന്നു വ്രത വാഗ്ദാനം. അന്ന് യേശുവിന്റെ ദര്‍ശനം സിസ്റ്ററിന് ലഭിച്ചു. അവളെ സ്വര്‍ഗത്തിലേക്ക് കൂട്ടികൊണ്ട് പോകാന്‍ താന്‍ താമസിയാതെ വരുമെന്ന് ദിവ്യനാഥന്‍ സിസ്റ്റര്‍ സെലിനയോട് പറഞ്ഞിരുന്നു. 1957 ജൂലൈ 25ന് നിത്യസമ്മാനത്തിനായി സിസ്റ്റര്‍ യാത്രയായി. 2007 ജൂലൈ 29നാണ് സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2012 ഫെബ്രുവരി 29 നായിരുന്നു ദൈവദാസി പ്രഖ്യാപനം.

Advertisements
Sr Maria Celine Kannanaykal
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment