🌹 🔥 🌹 🔥 🌹 🔥 🌹
08 Aug 2022
Saint Dominic, Priest
on Monday of week 19 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഡോമിനിക്ക്,
അങ്ങേ സത്യത്തിന്റെ നിസ്തുല പ്രഭാഷകനായിരുന്നല്ലോ.
ഈ വിശുദ്ധന്‍ തന്റെ പുണ്യയോഗ്യതകളാലും പ്രബോധനങ്ങളാലും
അങ്ങേ സഭയെ സഹായിക്കുകയും
ഞങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ഭക്തിതീക്ഷ്ണതയുളള മധ്യസ്ഥനായി
ഭവിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 1:2-5a,24-28a
ഈ കാഴ്ച കര്‍ത്താവിന്റെ മഹത്വത്തിന്റെ സാദൃശ്യമായിരുന്നു.
മാസത്തിന്റെ അഞ്ചാംദിവസം യഹോയാക്കിന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം. കല്‍ദായദേശത്ത് കേബാര്‍ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെമേല്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്ന തീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും. നാലു ജീവികളുടെ രൂപങ്ങള്‍ അതിന്റെ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു. അവ പറന്നപ്പോള്‍ അവയുടെ ചിറകുകളുടെ ശബ്ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പല്‍ പോലെയും സര്‍വശക്തന്റെ ഗംഭീരനാദം പോലെയും സൈന്യത്തിന്റെ ആരവം പോലെയും മുഴക്കമുള്ളതായിരുന്നു. അവ നിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു. അവയുടെ തലയ്ക്കു മുകളിലുള്ള വിതാനത്തിനു മുകളില്‍ നിന്ന് ഒരു സ്വരമുണ്ടായി. അവ നിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു. അവയുടെ തലയ്ക്കു മുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലു പോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. മനുഷ്യന്റെതു പോലെയുള്ള ഒരു രൂപം അതില്‍ ഇരിപ്പുണ്ടായിരുന്നു. അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്റെ മുകള്‍ഭാഗം തിളങ്ങുന്ന ഓടു പോലെയും അഗ്നികൊണ്ടു പൊതിഞ്ഞിരുന്നാലെന്ന പോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്നിപോലെ കാണപ്പെട്ടു. അവനു ചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം മേഘത്തില്‍ കാണപ്പെടുന്ന മഴവില്ലുപോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപം കാണപ്പെട്ടത് ഈ വിധത്തിലാണ്. ഇവ ദര്‍ശിച്ച മാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 148:1-2,11-12,13,14
ദൈവമേ, അങ്ങേ മഹത്വത്താല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ആകാശത്തുനിന്നു കര്‍ത്താവിനെ സ്തുതിക്കുവിന്‍.
ഉന്നതങ്ങളില്‍ അവിടുത്തെ സ്തുതിക്കുവിന്‍.
കര്‍ത്താവിന്റെ ദൂതന്മാരേ,
അവിടുത്തെ സ്തുതിക്കുവിന്‍;
കര്‍ത്താവിന്റെ സൈന്യങ്ങളെ,
അവിടുത്തെ സ്തുതിക്കുവിന്‍.
ദൈവമേ, അങ്ങേ മഹത്വത്താല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
ഭൂമിയിലെ രാജാക്കന്മാരും ജനതകളും
പ്രഭുക്കന്മാരും ഭരണാധികാരികളും,
യുവാക്കളും കന്യകമാരും
വൃദ്ധരും ശിശുക്കളും,
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ!
ദൈവമേ, അങ്ങേ മഹത്വത്താല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
അവിടുത്തെ നാമം മാത്രമാണു സമുന്നതം;
അവിടുത്തെ മഹത്വം ഭൂമിയെയും
ആകാശത്തെയുംകാള്‍ ഉന്നതമാണ്.
ദൈവമേ, അങ്ങേ മഹത്വത്താല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
അവിടുന്നു തന്റെ ജനത്തിനുവേണ്ടി
ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു.
തന്നോടു ചേര്‍ന്നുനില്‍ക്കുന്ന
ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
ദൈവമേ, അങ്ങേ മഹത്വത്താല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
അല്ലേലൂയ!
സുവിശേഷം
മത്താ 17:22-27
അവര്‍ അവനെ വധിക്കും; അവന്‍ ഉയിര്‍പ്പിക്കപ്പെടും…. നികുതിയില്‍ നിന്ന് പുത്രന്മാര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
അക്കാലത്ത്, ശിഷ്യന്മാര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.
അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? അന്യരില്‍ നിന്ന് – പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ സ്വതന്ത്രരാണല്ലോ; എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍,
വിശുദ്ധ ഡോമിനിക്കിന്റെ മാധ്യസ്ഥ്യത്താല്‍
കാരുണ്യപൂര്‍വം ശ്രവിക്കുകയും
ഈ ബലിയുടെ ശക്തിവിശേഷത്താല്‍,
വിശ്വാസസംരക്ഷകരെ
അങ്ങേ കൃപയുടെ പരിപാലനത്തില്‍
ശക്തിപ്പെടുത്തുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47
കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.
Or:
ലൂക്കാ 12: 42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഡോമിനിക്കിന്റെ
ഓര്‍മയാചരണത്തില്‍
സ്വര്‍ഗീയകൂദാശയാല്‍ ഞങ്ങള്‍ പരിപോഷിതരായല്ലോ.
ഈ കൂദാശയുടെ ശക്തി
സമ്പൂര്‍ണഭക്തിയുടെ ഊഷ്മളതയോടെ
അങ്ങേ സഭ അനുഭവിക്കട്ടെ.
ഈ വിശുദ്ധന്റെ സുവിശേഷപ്രഭാഷണത്താല്‍
പുഷ്ടിപ്പെട്ട തിരുസഭ,
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍
തുണയ്ക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment