🌹 🔥 🌹 🔥 🌹 🔥 🌹
11 Aug 2022
Saint Clare, Virgin
on Thursday of week 19 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ ക്ലാരയെ
ദാരിദ്ര്യത്തോടുള്ള സ്‌നേഹത്തിലേക്ക്
കാരുണ്യപൂര്‍വം അങ്ങ് നയിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്,
അങ്ങയെ ധ്യാനിക്കാന്‍
സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാനുളള അര്‍ഹത
ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 12:1-12
പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്. അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല. എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്ഡം തയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരുപക്‌ഷേ അവര്‍ കാര്യം മനസ്സിലാക്കിയേക്കും. നിന്റെ ഭാണ്ഡം പ്രവാസത്തിനുള്ള ഭാണ്ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്ത് അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം. അവര്‍ കാണ്‍കേ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം. അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.
എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ ചെയ്തു. പ്രവാസത്തിനുള്ള ഭാണ്ഡമെന്നപോലെ എന്റെ ഭാണ്ഡം പകല്‍സമ യത്ത് ഞാന്‍ പുറത്തു കൊണ്ടുവന്നു. സായംകാലത്ത് എന്റെ കൈകൊണ്ടുതന്നെ ഭിത്തിതുരന്ന് ഭാണ്ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.
പ്രഭാതത്തില്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീചെയ്യുന്നതെന്നു ചോദിച്ചില്ലേ? നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഈ അരുളപ്പാട് ജറുസലെമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേല്‍ഭവനം മുഴുവനെയും കുറിച്ചുള്ളതാണ്. നീ അവര്‍ക്ക് ഒരടയാളമാണ്; നീ ഈ ചെയ്തതുപോലെ അവര്‍ക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവര്‍ വിധേയരാകും എന്ന് അവരോടു പറയുക. അവരുടെ രാജാവ് തന്റെ ഭാണ്ഡം തോളിലേറ്റി ഇരുട്ടത്ത് പുറപ്പെടും. അവന്‍ ഭിത്തി തുരന്ന് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാന്‍ അവന്‍ മുഖം മറച്ചിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 78:56-57,58-59,61-62
കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
ഇസ്രായേല്‍ക്കാര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും
അവിടുത്തോടു മത്സരിക്കുകയും ചെയ്തു;
അവര്‍ അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല.
തങ്ങളുടെ പിതാക്കന്മാരെപ്പോലെ അവര്‍
ദൈവത്തില്‍ നിന്ന് അകന്ന് അവിശ്വസ്തമായി പെരുമാറി;
ഞാണ്‍ അയഞ്ഞ വില്ലുപോലെ വഴുതിമാറി.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
അവര്‍ തങ്ങളുടെ പൂജാഗിരികളാല്‍ അവിടുത്തെ പ്രകോപിപ്പിച്ചു;
തങ്ങളുടെ വിഗ്രഹങ്ങളാല്‍ അവിടുത്തെ അസൂയാലുവാക്കി.
ദൈവം ഇതുകേട്ടു ക്രുദ്ധനായി;
അവിടുന്ന് ഇസ്രായേലിനെ പരിപൂര്‍ണമായി പരിത്യജിച്ചു.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
അവിടുന്നു തന്റെ ശക്തിയെ അടിമത്തത്തിനും
മഹത്വത്തെ ശത്രുവിന്റെ കരത്തിനും ഏല്‍പിച്ചുകൊടുത്തു.
അവിടുന്നു തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു;
തന്റെ അവകാശത്തിന്മേല്‍ ക്രോധം ചൊരിഞ്ഞു.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയ!
Or
അല്ലേലൂയ!അല്ലേലൂയ!
ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
അല്ലേലൂയ!
സുവിശേഷം
മത്താ 18:21-19:1
ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും. ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലി വിട്ട് ജോര്‍ദാന് അക്കരെ യൂദയായുടെ അതിര്‍ത്തിയിലെത്തി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment