🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
🔵 ശനി, 13/8/2022
Saturday of week 19 in Ordinary Time
or Saints Pontian, Pope, and Hippolytus, Priest, Martyrs
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 18:1-10,13,30a-32
ഓരോരുത്തരേയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടെയും ജീവന്‍ എന്റെതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
ഒരുവന്‍ നീതിമാനും നീതിയും ന്യായവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നവനും ആണെന്നിരിക്കട്ടെ. അവന്‍ പൂജാഗിരികളില്‍വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെ നേര്‍ക്കു കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവന്‍ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്ത് സ്ത്രീയെ സമീപിക്കുകയോ ചെയ്യുന്നില്ല. അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരന് പണയവസ്തു തിരികെ നല്കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന് ആഹാരം നല്‍കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ പലിശ വാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ചു തീര്‍പ്പു കല്‍പിക്കുന്നു. അവന്‍ എന്റെ കല്‍പനകള്‍ അനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നു. അവനാണ് നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എന്നാല്‍ അവന് കൊള്ളക്കാരനും കൊലപാതകിയുമായ ഒരു പുത്രനുണ്ടായെന്നിരിക്കട്ടെ. അവന്‍ പലിശ വാങ്ങുകയും ലാഭമെടുക്കുകയും ചെയ്യുന്നവനായിരിക്കാം. അങ്ങനെയെങ്കില്‍ അവന്‍ ജീവിക്കുമോ? ഇല്ല. ഈ മ്ലേച്ഛതകളൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ തീര്‍ച്ചയായും മരിക്കും. അവന്റെ രക്തം അവന്റെമേല്‍തന്നെ പതിക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും. തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍ പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലുംനിന്നു പിന്തിരിയുവിന്‍. എനിക്കെതിരായി നിങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 51:10-13,16-17
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ.
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ.
അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങേ വഴി പഠിപ്പിക്കും;
പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ.
ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;
ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ.
സുവിശേഷം
മത്താ 19:13-15
ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
അക്കാലത്ത്, യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. അവന്‍ അവരുടെമേല്‍ കൈകള്‍ വച്ചശേഷം അവിടെനിന്നു പോയി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14
ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.
Or:
cf. യോഹ 6:51
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment