🌹 🔥 🌹 🔥 🌹 🔥 🌹
16 Aug 2022
Tuesday of week 20 in Ordinary Time
or Saint Stephen of Hungary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 28:1-10
നീ മനുഷ്യനത്രേ; ദൈവമല്ലാതിരിക്കെ, നീ നിന്റെ ഹൃദയത്തെ ദൈവഹൃദയത്തിനു തുല്യം വിലമതിച്ചു.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ടയിര്‍ രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍ കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്; സമുദ്രമധ്യേ ദേവന്മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്ന് തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്. തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണ്. ഒരു രഹസ്യവും നിന്നില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല. ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഭരിച്ചു. വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു. ആകയാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി. അതിനാല്‍ ജനതകളില്‍വച്ച് ഏറ്റവും ഭീകരന്മാരായവരെ ഞാന്‍ നിന്റെമേല്‍ അയയ്ക്കും. നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരേ അവര്‍ വാളൂരും. അവര്‍ നിന്റെ തേജസ്സ് കെടുത്തിക്കളയും. അവര്‍ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമധ്യേ മരിക്കും. നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍വച്ച് ഞാന്‍ ദേവനാണ് എന്ന് നീ ഇനിയും പറയുമോ? നിന്നെ മുറിവേല്‍പിക്കുന്നവന്റെ കൈകളില്‍ നീ ദേവനല്ല, വെറും മനുഷ്യനാണ്. അപരിച്‌ഛേദിതനെപ്പോലെ നീ വിദേശികളുടെ കരത്താല്‍ മരിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിയ 32:26-28,30,35-36
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
അവരെ ഞാന്‍ ചിതറിച്ചുകളയും,
ജനതകളുടെ ഇടയില്‍ നിന്ന്
അവരുടെ ഓര്‍മപോലും തുടച്ചുനീക്കും
എന്നു ഞാന്‍ പറയുമായിരുന്നു.
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
എന്നാല്‍, ശത്രു പ്രകോപനപരമായി പെരുമാറുകയും
എതിരാളികള്‍ അഹങ്കാരോന്മത്തരായി,
ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു,
കര്‍ത്താവല്ല ഇതു ചെയ്തത് എന്നുപറയുകയും
ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
ആലോചനയില്ലാത്ത ഒരു ജനമാണവര്‍;
വിവേകവും അവര്‍ക്കില്ല.
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും,
കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കില്‍
ആയിരംപേരെ അനുധാവനം ചെയ്യാന്‍
ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു?
പതിനായിരങ്ങളെ തുരത്താന്‍
രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
അവരുടെ വിനാശകാലം ആസന്നമായി,
അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം
അതിവേഗം അടുത്തുവരുന്നു.
കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും;
തന്റെ ദാസരോടു കരുണ കാണിക്കും.
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശുക്രിസ്തുവിൻ്റെ വചനം പാലിക്കുന്ന വനിൽ സത്യമായും ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 19:23-30
ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും? യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.
അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. എന്നാല്‍, മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 130:7
കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.
Or:
യോഹ 6:51-52
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment