🌹 🔥 🌹 🔥 🌹 🔥 🌹
19 Aug 2022
Friday of week 20 in Ordinary Time
or Saint John Eudes, Priest
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 37:1-14
വരണ്ട അസ്ഥികളേ, നിങ്ങള്‍ കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍; ഇസ്രായേല്‍ ജനമേ; ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും.
അക്കാലത്ത്, കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞ ഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി. അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക. ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മം പൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേര്‍ന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍ നിന്നു വന്ന് ഈ നിഹിതന്മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ. അവിടുന്നു കല്‍പിച്ചതു പോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു.
അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും, ഇസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെകൊണ്ടുവരും. എന്റെ ജനമേ, കല്ലറകള്‍ തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തം ദേശത്ത് വസിപ്പിക്കും. കര്‍ത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 107:2-3,4-5,6-7,8-9
കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ!
കഷ്ടതയില്‍ നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
ദേശങ്ങളില്‍ നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും
വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ!
വാസയോഗ്യമായ നഗരത്തിലേക്കു വഴി കണ്ടെത്താതെ
ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു.
വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു.
കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ!
അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍
അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു;
അവരുടെ കഷ്ടതയില്‍ നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
വാസയോഗ്യമായ നഗരത്തില്‍ എത്തുവോളം
അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു.
കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ!
അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെപ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത
അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനു തൃപ്തിവരുത്തുകയും,
വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍ കൊണ്ടു
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.
അല്ലേലൂയ!
Or
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അങ്ങേ പാതകൾ എന്നെ പഠിപ്പിക്കേണമേ! അങ്ങേ സത്യത്തിലേയ്ക്ക് എന്നെ നയിക്കേണമേ!
അല്ലേലൂയ!
സുവിശേഷം
മത്താ 22:34-40
നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക.
അക്കാലത്ത്, യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി. അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്? അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനു തുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ടു കല്‍പനകളില്‍ സമസ്തനിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 130:7
കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.
Or:
യോഹ 6:51-52
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment