21st Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

21 Aug 2022

21st Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങേ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 66:18-21
അവര്‍ നിങ്ങളുടെ സഹോദരന്മാരെ എല്ലാ ജനതകളിലും നിന്നു കൊണ്ടുവരും.

ഞാന്‍ അവരുടെ ചെയ്തികളും ചിന്തകളും അറിയുന്നു.
ഞാന്‍ എല്ലാ ജനതകളെയും സകല ഭാഷകളും
സംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടാന്‍ വരുന്നു.
അവര്‍ വന്ന് എന്റെ മഹത്വം ദര്‍ശിക്കും.
അവരുടെ ഇടയില്‍ ഞാന്‍ ഒരു അടയാളം സ്ഥാപിക്കും.
അവരില്‍ അതിജീവിക്കുന്നവരെ താര്‍ഷീഷ്, പുത്,
വില്ലാളികള്‍ വസിക്കുന്ന ലുദ്, തൂബാല്‍,യാവാന്‍,
വിദൂരതീരദേശങ്ങള്‍ എന്നിങ്ങനെ എന്നെപ്പറ്റി കേള്‍ക്കുകയോ
എന്റെ മഹത്വം ദര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത
സ്ഥലങ്ങളിലേക്കു ഞാന്‍ അയയ്ക്കും.
അവര്‍ എന്റെ മഹത്വം ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:
കര്‍ത്താവിന്റെ ഭവനത്തിലേക്ക് ഇസ്രായേല്‍ക്കാര്‍
ശുചിയായ പാത്രത്തില്‍ ധാന്യബലിവസ്തുക്കള്‍ കൊണ്ടുവരുന്നതുപോലെ,
അവര്‍ നിങ്ങളുടെ സഹോദരന്മാരെ
എല്ലാ ജനതകളിലും നിന്നു കുതിരപ്പുറത്തും രഥങ്ങളിലും,
പല്ലക്കുകളിലും, കോവര്‍കഴുതകളുടെയും,
ഒട്ടകങ്ങളുടെയും പുറത്തും കയറ്റി
എന്റെ വിശുദ്ധഗിരിയായ ജറുസലെമിലേക്കു കാഴ്ചയായി കൊണ്ടുവരും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 117:1bc,2

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;
കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

രണ്ടാം വായന

ഹെബ്രാ 12:5-7,11-13
താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു.

നിങ്ങളെ പുത്രന്മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്?
എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.
അതിനാല്‍, തളര്‍ന്ന കൈകളെയും ബലമില്ലാത്ത കാല്‍മുട്ടുകളെയും ശക്തിപ്പെടുത്തുവിന്‍. മുടന്തുള്ള പാദങ്ങള്‍ സന്ധിവിട്ട് ഇടറിപ്പോകാതെ സുഖപ്പെടാന്‍ തക്കവിധം അവയ്ക്ക് നേര്‍വഴി ഒരുക്കുവിന്‍.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 13:22-30
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.

അക്കാലത്ത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് യേശു ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു. ഒരുവന്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല. വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നുപറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കു വേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങേ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 104:13-15

കര്‍ത്താവേ, അങ്ങേ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.

Or:
cf. യോഹ 6:54

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment