🌹 🔥 🌹 🔥 🌹 🔥 🌹
26 Aug 2022
Friday of week 21 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങേ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 1:17-25
വിജാതീയര്‍ക്ക് ഭോഷത്തമായ ക്രൂശിതനായ ക്രിസ്തുവിനെയാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്; വിളിക്കപ്പെട്ടവര്‍ക്കാകട്ടെ, അവിടുന്നു ദൈവത്തിന്റെ ജ്ഞാനമത്രേ.
പ്രിയ സഹോദരരേ, ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ കുരിശു വ്യര്‍ഥമാകുമായിരുന്നു. നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്.. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ. വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈ യുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകികവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്മൂലം വിശ്വസിക്കുന്നവരെ സുവിശേഷ പ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാന്‍ അവിടുന്നു തിരുമനസ്സായി. യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് – യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ – ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:1-2,4-5,10-11
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു;
അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
എൻ്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
മത്താ 25:1-13
ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം. അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കു വേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങേ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 104:13-15
കര്‍ത്താവേ, അങ്ങേ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.
Or:
cf. യോഹ 6:54
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment