🌹 🔥 🌹 🔥 🌹 🔥 🌹
27 Aug 2022
Saint Monica
on Saturday of week 21 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കേഴുന്നവരുടെ ആശ്വാസകനായ ദൈവമേ,
തന്റെ പുത്രനായ അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടി
വിശുദ്ധ മോനിക്കയുടെ ഭക്തിനിര്‍ഭരമായ കണ്ണുനീര്‍
കാരുണ്യപൂര്‍വം അങ്ങ് സ്വീകരിച്ചുവല്ലോ.
ഇരുവരുടെയും മാധ്യസ്ഥ്യം വഴി,
ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് കരയാനും
അങ്ങേ കൃപയുടെ ഔദാര്യം അനുഭവിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 1:26-31
ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു.
സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകിക മാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:12-13,18-19,20-21
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍
പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു.
എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ
വിശുദ്ധ നാമത്തില്‍ ആശ്രയിക്കുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവൻ്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ.
അല്ലേലൂയ!
സുവിശേഷം
മത്താ 25:14-30
അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു.
ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്റെ താലന്ത് മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്റെത് എടുത്തുകൊളളുക. യജമാനന്‍ പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ. എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്റെ പണം പലിശ സഹി തം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയോട് കേണപേക്ഷിച്ചുകൊണ്ട്
വിശുദ്ധ N യുടെ സ്മരണയ്ക്കായി,
ഈ കാഴ്ചദ്രവ്യങ്ങള്‍ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
അവ ഞങ്ങള്‍ക്ക് ഒന്നുപോലെ പാപമോചനവും
രക്ഷയും പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 13:45-46
സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യമാണ്;
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍,
തനിക്കുള്ളതെല്ലാം വിറ്റ് അതുവാങ്ങുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N യുടെ ഈ തിരുനാളില്‍,
ദിവ്യകൂദാശയുടെ പ്രവര്‍ത്തനം
ഞങ്ങളെ ഒന്നുപോലെ പ്രകാശിപ്പിക്കുകയും
ഉജ്ജ്വലിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, ഞങ്ങള്‍ ദിവ്യാഭിലാഷങ്ങളാല്‍ സദാ ഉജ്ജ്വലിക്കുകയും
സത്പ്രവൃത്തികളാല്‍ സമ്പന്നരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment