🌹 🔥 🌹 🔥 🌹 🔥 🌹
28 Aug 2022
22nd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 3:19-21,30-31
വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും.
മകനേ, സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുക;
ദൈവത്തിന് അഭിമതരായവര്‍ നിന്നെ സ്‌നേഹിക്കും.
നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക;
അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും.
കര്‍ത്താവിന്റെ ശക്തി വലുതാണ്;
വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു.
അഹങ്കാരിയുടെ കഷ്ടതകള്‍ക്കു പ്രതിവിധിയില്ല;
ബുദ്ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെ പൊരുള്‍ ഗ്രഹിക്കുന്നു;
വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ് ബുദ്ധിമാന്‍ അഭിലഷിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 68:3-4,5-6,9-10
ദൈവമേ, അങ്ങേ നന്മയാല്‍ ദരിദ്രര്‍ക്ക് വാസസ്ഥലം കണ്ടെത്തി.
നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
അവര്‍ ആനന്ദം കൊണ്ടു മതിമറക്കട്ടെ!
ദൈവത്തിനു സ്തുതി പാടുവിന്‍,
അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍.
ദൈവമേ, അങ്ങേ നന്മയാല്‍ ദരിദ്രര്‍ക്ക് വാസസ്ഥലം കണ്ടെത്തി.
ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍
അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്.
അഗതികള്‍ക്കു വസിക്കാന്‍ ദൈവം ഇടം കൊടുക്കുന്നു;
അവിടുന്നു തടവുകാരെ മോചിപ്പിച്ച്
ഐശ്വര്യത്തിലേക്കു നയിക്കുന്നു.
ദൈവമേ, അങ്ങേ നന്മയാല്‍ ദരിദ്രര്‍ക്ക് വാസസ്ഥലം കണ്ടെത്തി.
ദൈവമേ, അങ്ങ് ധാരാളം മഴ പെയ്യിച്ചു;
അങ്ങേ വാടിത്തളര്‍ന്നിരുന്ന
അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി.
അങ്ങേ അജഗണം അതിലൊരു
വാസസ്ഥലം കണ്ടെത്തി;
ദൈവമേ, അങ്ങേ നന്മയാല്‍
ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.
ദൈവമേ, അങ്ങേ നന്മയാല്‍ ദരിദ്രര്‍ക്ക് വാസസ്ഥലം കണ്ടെത്തി.
രണ്ടാം വായന
ഹെബ്രാ 12:18-19,22-24
സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്.
സഹോദരരേ, സ്പര്‍ശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ കാഹളധ്വനിയെയോ ഇനി അരുതേ എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങള്‍ സമീപിക്കുന്നത്.
സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 14:1,7-14
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെ ക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
തന്നെ ക്ഷണിച്ചവനോട് യേശു പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്‌ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19
കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.
Or:
മത്താ 5:9-10
സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment