🌹 🔥 🌹 🔥 🌹 🔥 🌹
30 Aug 2022
Saint Euprasiamma, Virgin
or Tuesday of week 22 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
എല്ലാ വിശുദ്ധിയുടെയും ഉറവിടവും കര്‍ത്താവുമായ ദൈവമേ,
അങ്ങേ ജാതനായ ഏകപുത്രനെ
അവകാശവും ഓഹരിയുമായി സ്വീകരിക്കാന്‍
വിശുദ്ധ എവുപ്രാസ്യയെ അങ്ങു നയിച്ചുവല്ലോ.
അങ്ങയോടു ഗാഢമായി ഐക്യപ്പെടാനും
ഭക്തിസ്‌നേഹത്തോടെ അങ്ങയെ ശുശ്രൂഷിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹംനല്കണമേ.
അങ്ങനെ, അവസാനം ഞങ്ങള്‍
അങ്ങേ നിത്യമഹത്ത്വത്തില്‍ എത്തിച്ചേരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 2:10a-16
ലൗകികമനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം സ്വീകരിക്കുന്നില്ല; ആത്മീയമനുഷ്യന്‍ എല്ലാം ശരിയായി വിധിക്കുന്നു.
സഹോദരരേ, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ പോലും, അന്വേഷിച്ചു കണ്ടെത്തുന്നു. മനുഷ്യന്റെ അന്തര്‍ഗതങ്ങള്‍ അവന്റെ ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ദൈവത്തിന്റെ ആത്മാവിനെയാണ്. തന്നിമിത്തം, ഞങ്ങള്‍ ഭൗതിക വിജ്ഞാനത്തിന്റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച് ആത്മാവിന്റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കു വേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്. ലൗകിക മനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ടവ ആകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കര്‍ത്താവിനെ പഠിപ്പിക്കാന്‍ തക്കവിധം അവിടുത്തെ മനസ്സ് അറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സ് അറിയുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 145:8-9,10-11,12-13ab,13cd-14
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠമാണ്.
കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠമാണ്.
കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠമാണ്.
അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ
മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.
അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം
തലമുറകളോളം നിലനില്‍ക്കുന്നു.
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠമാണ്.
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും
പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠമാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഒരു വലിയ പ്രവാചകൻ നമ്മുടെയിടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 4:31-37
അങ്ങു ദൈവത്തിന്റെ പരിശുദ്ധനാണെന്ന് എനിക്കറിയാം.
അക്കാലത്ത്, യേശു ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടു കൂടിയതായിരുന്നു അവന്റെ വചനം. അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു: നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി. എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കല്‍പിക്കുകയും അവ വിട്ടുപോവുകയും ചെയ്യുന്നുവല്ലോ. അവന്റെ കീര്‍ത്തി സമീപ പ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment