🌹 🔥 🌹 🔥 🌹 🔥 🌹
31 Aug 2022
Wednesday of week 22 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 3:1-9
ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയമനുഷ്യരോട് എന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോട് എന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോട് എന്നതുപോലെയുമാണ് നിങ്ങളോടു ഞാന്‍ സംസാരിച്ചത്. ഗുരുവായ ഭക്ഷണം കഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്. എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ? ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്? അപ്പോളോസ് ആരാണ്? പൗലോസ് ആരാണ്? കര്‍ത്താവു നിശ്ചയിച്ചു തന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകര്‍ മാത്രം. ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും. ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:12-13,14-15,20-21
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
തന്റെ സിംഹാസനത്തില്‍ നിന്ന്
അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.
അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍
അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു.
എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ
വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നു.
കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവിൻ്റെ വചനം നിത്യം നിലനിൽക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 4:38-44
മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു.
അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു. അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈവച്ച് അവന്‍ അവരെ സുഖപ്പെടുത്തി. നീ ദൈവപുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അനേകരില്‍ നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവയെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.
പ്രഭാതമായപ്പോള്‍ അവന്‍ ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം അവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. അവന്‍ യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19
കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.
Or:
മത്താ 5:9-10
സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment