Friday of week 22 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

02 Sep 2022

Friday of week 22 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 4:1-5
കര്‍ത്താവു ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തും.

സഹോദരരേ, ക്രിസ്തുവിന്റെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്. കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തത കൂടിയേ തീരൂ. നിങ്ങളോ ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല. ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്. അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍ നിന്നു പ്രശംസ ലഭിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 37:3-4,5-6,27-28,39-40

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;
അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും;
മധ്യാഹ്നംപോലെ നിന്റെ അവകാശവും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

തിന്മയില്‍ നിന്ന് അകന്നു നന്മ ചെയ്യുക,
എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു;
അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല;
നീതിമാന്മാര്‍ എന്നേക്കും പരിപാലിക്കപ്പെടും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്;
കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.
കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 5:33-39
മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരുമ്പോള്‍ അവര്‍ ഉപവസിക്കും.

അക്കാലത്ത്, നിയമജ്ഞരും ഫരിസേയരും യേശുവിനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യര്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാല്‍, നിന്റെ ശിഷ്യര്‍ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? എന്നാല്‍, മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. അവന്‍ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍ നിന്നു കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍, പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്‌ക്കേണ്ടത്. പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment