🌹 🔥 🌹 🔥 🌹 🔥 🌹
03 Sep 2022
Saint Gregory the Great, Pope, Doctor
on Saturday of week 22 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ ജനത്തെ
കാരുണ്യത്തോടെ അങ്ങ് പരിപാലിക്കുകയും
സ്‌നേഹത്തോടെ ഭരിക്കുകയും ചെയ്യുന്നുവല്ലോ.
വിശുദ്ധ ഗ്രിഗരി പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങ് ഭരിക്കാന്‍ അധികാരം നല്കിയിരിക്കുന്നവര്‍ക്ക്
ജ്ഞാനത്തിന്റെ ചൈതന്യം നല്കണമേ.
അങ്ങനെ, വിശുദ്ധ അജഗണത്തിന്റെ
അഭിവൃദ്ധിയില്‍ നിന്നുളവാകുന്നവയെല്ലാം
അജപാലകരുടെ സനാതന സന്തോഷമായി ഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 4:6-15
ഞങ്ങള്‍ വിശന്നും ദാഹിച്ചും വസ്ത്രക്ഷാമം അനുഭവിച്ചും കഴിയുകയാണ്.
സഹോദരരേ, എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്ഷംപിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? ഇപ്പോള്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങള്‍ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍! ദൈവം അപ്പോസ്തലന്മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കള്‍ ആയിത്തീര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ക്രിസ്തുവിനെപ്രതി ഭോഷന്മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനന്മാര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവമാനിതര്‍. ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു. സ്വന്തം കൈകൊണ്ടു ഞങ്ങള്‍ അധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. ദൂഷണം പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടംപോലെയും ആയിത്തീര്‍ന്നിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്. നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു ജന്മംനല്‍കിയതു ഞാനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 145:17-18,19-20,21
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു;
അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവു പരിപാലിക്കുന്നു;
എന്നാല്‍, സകല ദുഷ്ടരെയും അവിടുന്നു നശിപ്പിക്കും.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
എന്റെ വായ് കര്‍ത്താവിന്റെ സ്തുതികള്‍ പാടും;
എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ
എന്നേക്കും വാഴ്ത്തട്ടെ!
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുത്തേയ്ക്ക് വരുന്നില്ല.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 6:1-5
സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ. അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലി അര്‍പ്പിക്കുന്നതു വഴിയാണല്ലോ
അങ്ങ് ലോകം മുഴുവന്റെയും പാപങ്ങള്‍ മോചിപ്പിക്കുന്നത്.
വിശുദ്ധ ഗ്രിഗരിയുടെ വാര്‍ഷികസ്മരണ ആചരിച്ചുകൊണ്ട്
അര്‍പ്പിക്കപ്പെടുന്ന ഈ ബലി
ഞങ്ങള്‍ക്കും ഉപകരിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 12:42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനു മേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ക്രിസ്തുവാകുന്ന ജീവന്റെ അപ്പത്താല്‍
അങ്ങ് പരിപോഷിപ്പിച്ച ഇവരെ,
ക്രിസ്തുവാകുന്ന ഗുരുവാല്‍ ഉദ്‌ബോധിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ ഗ്രിഗരിയുടെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
അത് സ്‌നേഹത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment