Rev. Fr Geevarghese Peedikayil (1884-1960)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

ഗീവർഗീസ് പീടികയിൽ അച്ചൻ

Fr Geevarghese Peedikayil (1884-1960)

Fr Geevarghese Peedikayil (1884-1960)

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

പത്തനംതിട്ട പ്രദേശത്ത് ആദ്യമായി പുനരൈക്യപ്പെട്ട,
മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ പരിശ്രമങ്ങൾക്ക് മാതൃകയായ ഗീവർഗീസ് പീടികയിൽ അച്ചൻ…

സ്ഥിരമായി ആളുകൾ നടന്ന് മിനുസമാർന്ന വഴികളിലൂടെ നടക്കുക ഏറെ എളുപ്പമാണ്, എന്നാൽ മറ്റാരും നടക്കാത്ത വഴിയിലൂടെ നടക്കുക,
പുതിയ പാത തെളിക്കുക, അതിനായി പ്രയത്നിക്കുക, ഒപ്പമുള്ളവരെ ആ വഴിയിലൂടെ നടത്തുക ഇതെല്ലാം എത്രയോ ക്ളേശകരമാണെന്ന് നമുക്കറിവുള്ളതാണ്. വിശ്വാസ ജീവിതത്തിലും ഇതു തന്നെയാണ് സ്ഥിതി. മാതാപിതാക്കളിലൂടെ ലഭിച്ച വിശ്വാസം കാത്തു പാലിച്ച് നാം മുന്നോട്ടു നടക്കുന്നു, എന്നാൽ വളരെ അപൂർവ്വം വ്യക്തിത്വങ്ങൾ മാത്രം ഈ വിശ്വാസത്തെ ആഴമായി പഠിക്കുകയും അതിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതിൽ നിന്ന് മാറി ദുർഘടമായ പാതകളിലൂടെ നടക്കുകയും താനറിഞ്ഞ സത്യം മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്യുന്നു. അപ്രകാരമുള്ള വിശിഷ്ടമായ വ്യക്തിത്വമാണ് പീടികയിൽ ഗീവർഗീസ് അച്ചന്റേത്. യാക്കോബായ സഭയിലെ ഒരു വൈദികന്റെ മകനായി ജനിച്ച്, ആ സഭയിൽ തന്നെ അനുഗ്രഹീതനായ വൈദികനായി ശുശ്രൂഷ ചെയ്ത്, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയാണ് സത്യസഭയെന്ന സത്യം തിരിച്ചറിഞ്ഞ് ലത്തീൻ സഭയിലേക്ക് പുനരൈക്യപ്പെട്ട്,സീറോ മലബാർ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാനയും ശുശ്രൂഷകളും അർപ്പിച്ച്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദികനായി കബറടങ്ങിയ സംഭവ ബഹുലമാർന്ന ജീവിതം.

പീടികയിൽ എബ്രഹാം കോർ എപ്പിസ്കോപ്പായുടെയും വേട്ടകുളം കുടുംബാംഗമായ അന്നമ്മയുടെയും ആറു മക്കളിൽ ഒരുവനായി 1884 സെപ്റ്റംബർ 21ന് ഗീവർഗീസ് ജനിച്ചു. P.A ജോഷ്വ, P.A ഏബ്രഹാം, മറിയാമ്മ, ഏലിയാമ്മ, റാഹേലമ്മ എന്നീ 5 സഹോദരങ്ങളാണ് അച്ചനുള്ളത്.

മാതാപിതാക്കളിൽ നിന്ന് ലഭിച്ച വിശ്വാസത്തിലുളള സ്ഥിരതയും ദൈവിക കാര്യങ്ങളിലുളള സവിശേഷമായ താൽപര്യവും ബാല്യത്തിലെ തന്നെ ഗീവർഗീസിൽ പ്രകടമായിരുന്നു. സ്വപിതാവിന്റെ ജീവിത മാതൃക ഉൾക്കൊണ്ട് വൈദികനാകണം എന്ന തീരുമാനത്തിലുറച്ച് സെമിനാരിയിൽ ചേർന്നു. ഇക്കാലയളവിൽ യാക്കോബായ സഭ കക്ഷിവഴക്കുകളുടെ കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു. 1912ലെ കാതോലിക്കാ സിംഹാസന സ്ഥാപനത്തോടെ ഈ പിളർപ്പ് പൂർണ്ണമായി.

കാതോലിക്കാ സ്ഥാപനത്തിനായി അന്ത്യോക്യയിൽ നിന്ന് മലങ്കരയിലേക്ക് ഫാ. പി.ടി ഗീവർഗീസിന്റെ (മാർ ഈവാനിയോസ് പിതാവ്) നേതൃത്വത്തിൽ ക്ഷണിച്ചു വരുത്തിയ അബ്ദുൽ മിശിഹാ പാത്രിയർക്കീസിൽ നിന്നും 1913 സെപ്റ്റംബർ 15ന് ഇരുപത്തിയേഴാം വയസ്സിൽ ഗീവർഗീസ് വൈദികപട്ടം സ്വീകരിച്ചു.

“നല്ല ചുറുചുറുക്കും പ്രസംഗപാടവവും സംഭാഷണമാധുര്യവും വിജ്ഞാനവും കൊണ്ട് അച്ചൻ എല്ലാവരെയും ഒന്നു പോലെ ആകർഷിച്ചിരുന്നു. അച്ചന്റെ കർമ്മാദികളിൽ സംബന്ധിക്കുന്നതിനും പ്രസംഗങ്ങൾ കേൾക്കുന്നതിനും എല്ലാവരും താത്പര്യം പ്രദർശിപ്പിച്ചിരുന്നു”. (‘പരേതനായ ഒരു മിഷനറി വൈദികൻ അനുഭവസ്മരണ’ എന്ന തലക്കെട്ടിൽ ക്രൈസ്തവ കാഹളം മാസികയിലെ ലേഖനത്തിൽ ഗീവർഗീസ് അച്ചന്റെ ബാല്യകാല സുഹൃത്തായിരുന്ന കെ.എം. ഈശോ, അച്ചനെ അനുസ്മരിക്കുന്നതിങ്ങനെയാണ്).

കേസും കോടതി വഴക്കുകളും നടക്കുന്ന കാലമായിരുന്നതിനാൽ മറ്റ് പള്ളികളിൽ നിന്ന് വ്യത്യാസപ്പെട്ട് മലങ്കര മെത്രാപ്പൊലീത്ത വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിക്കു മാത്രം മേലധികാരവും പീടികയിൽ അച്ചൻമാർക്ക് അവകാശവുമായി പുത്തൻപീടികയിൽ പീടിക കുടുംബവകയായ സ്ഥലത്ത് മർത്തമറിയം പള്ളി അച്ചൻ സ്ഥാപിച്ചു, അതിന്റെ ചുമതലയും നടത്തിപ്പും അച്ചന്റെ സ്വന്തമായി.

സഭയിലെ കക്ഷി വഴക്കുകളും ശിഥിലതയും മനസ്സിലാക്കി വിശ്വാസ സമൂഹത്തിലേക്ക് കടന്നുകയറുന്ന പ്രൊട്ടസ്റ്റന്റ് നവീന ആശയങ്ങളുടെ വേലിയേറ്റത്തെ തടയുന്നതിനായുള്ള പരിശ്രമങ്ങളിൽ ഈ കാലയളവിൽ അച്ചൻ വ്യാപൃതനായി. മാക്കാംകുന്ന് കേന്ദ്രമായി അച്ചന്റെയും വിവിധ വൈദികരുടെയും നേതൃത്വത്തിലുണ്ടായിരുന്ന പ്രബോധന കളരിയുടെ വികസിത രൂപമാണ് പത്തനംതിട്ട പ്രദേശത്ത് ഇപ്പോൾ പ്രസിദ്ധമായ മാക്കാംകുന്ന് കൺവൻഷൻ; ഈ കൺവൻഷന്റെ സ്ഥാപക ശിൽപികളിലൊരാൾ അച്ചനായിരുന്നു.

നിരന്തരമായ പഠനത്തിനും പ്രാർത്ഥനക്കും ഒടുവിൽ, സത്യസഭ കത്തോലിക്കാസഭയാണെന്ന നിജസ്ഥിതി തിരിച്ചറിഞ്ഞ് ചേരാനുള്ള പരിശ്രമങ്ങൾ ഇക്കാലയളവിൽ അച്ചൻ ആരംഭിച്ചിരുന്നു. ഇതിനെക്കുറിച്ചറിഞ്ഞ വട്ടശ്ശേരിൽ തിരുമേനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാനിരിക്കുന്ന അച്ചനെ അതിൽ നിന്ന് പിന്തിരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ 1926ലെ കഷ്ടാനുഭവ ആഴ്ച്ചയിലെ ധ്യാനത്തിനായി അച്ചനെയും സഹകാരികളെയും ബഥനി ആശ്രമത്തിലേക്കയച്ചു. പ്രശസ്തമായ സെറാമ്പൂർ കോളേജിലെ പ്രഗത്ഭനായ അദ്ധ്യാപകനായിരുന്ന ഫാ. പി.ടി ഗീവർഗീസ് (മാർ ഈവാനിയോസ് പിതാവ്) തന്റെ പ്രൊഫസർ ജോലി ഉപേക്ഷിച്ച്, ഭാരതീയ സന്യാസ ദർശനങ്ങളും പൗരസ്ത്യ താപസ ജീവിതവും മലങ്കരയുടെ ആദ്ധ്യാത്മിക പൈതൃകവും സമജ്ഞസമായി സമന്വയിപ്പിച്ച് 1919 ആഗസ്റ്റ് 15ന് റാന്നി പെരുനാട് മുണ്ടൻ മലയിൽ ആരംഭിച്ച ബഥനി ആശ്രമം കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു.അച്ചന്റെ പുനരൈക്യ ശ്രമങ്ങളറിഞ്ഞ മാർ ഈവാനിയോസ് പിതാവ് കാത്തിരിക്കുവാനും തിടുക്കത്തിൽ പുനരൈക്യപ്പെടുന്നത് ഒഴിവാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും “സത്യ സഭ ഏതെന്ന് ഞാൻ വ്യക്തമായി പഠിച്ചു കണ്ടെത്തിക്കഴിഞ്ഞു, എന്നിട്ടും ശീശ്മയിൽ ഞാൻ തുടരുന്നത് ചാവുദോഷമല്ലേ പിതാവേ” എന്ന മറുപടി നൽകി തീരുമാനത്തിൽ ഉറച്ചു നിന്നു. സത്യം കണ്ടെത്തിക്കഴിഞ്ഞതിനാൽ ഇനിയും വൈകിക്കേണ്ടതില്ല എന്ന ഉറച്ച ബോധ്യത്തോടെ ഈസ്റ്റർ ശുശ്രൂഷകൾക്കു ശേഷം ബഥനിയിൽ തിന്നു തിരികെ കൊല്ലം രൂപതയിലെ ചാരുംമൂട് മിഷൻ ജില്ലയുടെ വികാരി ഫാ.ലോറൻസ് പെരേരയെ കണ്ടു തീരുമാനം ഉറപ്പിച്ചു.

മർത്തമറിയാമിന്റെ നാമത്തിൽ കുടുംബ സ്ഥലത്ത് സ്ഥാപിതമായ പള്ളി ഉപേക്ഷിച്ച് കത്തോലിക്കാ സഭയിലേക്ക് ചേരുന്നതിനു മുമ്പായി പരുമല സെമിനാരിയിൽ വെച്ചു വട്ടശ്ശേരിയിൽ തിരുമേനിയുമായി കൂടിക്കാഴ്ച്ച നടത്തി. പീടികയിൽ അച്ചന്റെ തീരുമാനമെന്തെന്ന് മാർ ഈവാനിയോസ് പിതാവ് അറിയിച്ചിരുന്നതിനാൽ ഏറെ ഹൃദയഭേദകമായിരുന്നു ആ കൂടിക്കാഴ്ച്ച, “അച്ചൻ പോകുവാൻ തീരുമാനിച്ചെങ്കിൽ പൊയ്ക്കൊള്ളൂ, എന്തായാലും പരിശുദ്ധ കന്യകാമറിയാമിനോടു പ്രാർത്ഥിക്കുന്ന സഭയിലേക്കാണല്ലോ അച്ചൻ പോകുന്നത്, ദൈവം അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞ് പിതാവ് യാത്രയാക്കി.

പീടികയിൽ അച്ചന്റെ കത്തോലിക്കാ പ്രവേശനം ഒറ്റക്കെടുത്ത ഒരു തീരുമാനമായിരുന്നില്ല. ദീർഘ നാളത്തെ പ്രാർത്ഥനയും പഠനവും ഒപ്പം സത്യാന്വേഷികളായ ഒരു കൂട്ടം ആളുകളുടെ സഖിത്വവും അച്ചനുണ്ടായിരുന്നു. ‘നമ്മുടെ സഭയുടെ ഭാവി’ എന്ന പേരിൽ 1925ൽ കെ.എം വർഗ്ഗീസ് വക്കീൽ എഴുതിയ പുസ്തകവും ‘ക്രൈസ്തവ സാമ്രാജ്യം’ എന്ന പേരിൽ കെ.എം ഈശോ എഴുതിയ പുസ്തകവുമെല്ലാം ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. പുസ്തകങ്ങൾ അത്രമേൽ പ്രചാരം നേടാതിരുന്ന ഒരു കാലത്ത് തങ്ങൾ അറിഞ്ഞ, മനസ്സിലാക്കിയ സത്യങ്ങളെ ഉച്ചസ്ഥൈര്യം പ്രഘോഷിക്കാൻ ഇവർ കാട്ടിയ മാതൃക നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.

1926 ഏപ്രിൽ മാസത്തിൽ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ മരിയ ബൻസിഗർ പിതാവിന്റെ മുമ്പാകെ പീടികയിൽ അച്ചനും പുത്തൻ പീടികയിലെ അൽമായ പ്രമുഖരായ പടിഞ്ഞാറ്റേതിൽ നൈനാൻ വർഗീസ്, കിഴക്കേതിൽ കെ.എം വറുഗീസ് വക്കീൽ, താന്നിമൂട്ടിൽ കൊച്ചുകോശി വൈദ്യൻ, പുറത്തൂട്ട് ചാക്കോ, മുതിരക്കാലായിൽ ഇക്ക, വാഴേതിൽ കോശി, പ്ളാംകൂട്ടത്തിൽ ചാക്കോ, മാമൂട്ടിൽ ചാക്കോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാ സഭയോട് ചേർന്നു. പുനരൈക്യപ്പെട്ടവർക്കായി കൽദായ റീത്ത് അനുവദിച്ചു പീടികയിലച്ചൻ മാന്നാനം CMI ആശ്രമത്തിൽ നിന്ന് സീറോ മലബാർ ആരാധനക്രമത്തിൽ പരിശീലനം നേടി ശുശ്രൂഷകൾ ആരംഭിച്ചു. സഭയിലെ പുരോഗമനപരമായ ചിന്താഗതികളോട് കൂടിയ ഊർജ്‌ജ്വസ്വലനും കർമ്മധീരനുമായ യുവ വൈദികൻ ഗീവർഗീസ് പീടികയിലിന്റെ പുനരൈക്യം പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചു.

1926 ജൂലൈ മാസത്തിൽ 30ൽ അധികം കുടുംബങ്ങളിൽ നിന്നായി നൂറ്റിഇരുപതിൽ പരം ആളുകൾ പുനരൈക്യപ്പെടുകയും പീടികയിൽ കുടുംബം ദാനമായി നൽകിയ സ്ഥലത്ത് ഒരു പുതിയ ചാപ്പൽ ഫാ. ലോറൻസ് പെരേര (പിന്നീട് കോട്ടാർ ബിഷപ്പായി) സ്ഥാപിച്ചു. 1926ൽ തന്നെ പുതിയ പള്ളിയുടെ പണി ആരംഭിക്കുകയും 1927ൽ ബൻസിഗർ തിരുമേനി കൂദാശ ചെയ്യുകയും ചെയ്തു. ഇതാണ് ഇന്നത്തെ പുത്തൻപീടിക ഗാർഡിയൻ ഏയ്ഞ്ചൽസ് ലത്തീൻ കത്തോലിക്കാ പളളി. ഇവിടെ പീടികയിൽ അച്ചൻ അസിസ്റ്റന്റ് വികാരിയായി പുനരൈക്യപ്പെട്ടവർക്കായി സീറോ മലബാർ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും അനുഷ്ഠിച്ചു.

1927ൽ സ്വപിതാവായ ഏബ്രഹാം കോർ എപ്പിസ്കോപ്പയെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തി. യാക്കോബായ തക്സ ഉപയോഗിക്കുവാൻ റോമിൽ നിന്ന് വിശേഷാൽ അനുവാദം ലഭിച്ചിരുന്ന ഏബ്രഹാം കോർ എപ്പിസ്കോപ്പ മലങ്കര കുർബാന ആദ്യം അർപ്പിച്ച പുനരൈക്യപ്പെട്ട വൈദികനാണ്.

കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചു ആഴമായ ബോധ്യങ്ങൾ നൽകുന്നതിനായി കോട്ടയം രൂപതാദ്ധ്യക്ഷനായ അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി, കർമ്മലീത്ത സന്യാസ സമൂഹത്തിൽ (സി. എം.ഐ) നിന്ന് ഫാ. റോമിയോ തോമസ്, ഫാ. ഹിലാറിയോസ്, ഫാ. ഗ്രിഗറി, ലത്തീൻ, സീറോ മലബാർ സഭകളിലെ വൈദികർ – ഫാ. ഡൊമിനിക്ക് തോട്ടാശ്ശേരി, ഫാ. പീലിപ്പോസ് മുരിക്കൻ, ഫാ. പഞ്ഞിക്കാരൻ , ഫാ.തോമസ് മണ്ണംചേരി തുടങ്ങിയവരും പ്രൊഫ. കെ.സി ചാക്കോയെപ്പോലെ അനേകം അൽമായ പ്രേഷിതരും ക്ളാസുകൾ എടുക്കുന്നതിനും കാതോലികവും ശ്ളൈഹികവും ഏകവും വിശുദ്ധവുമായ സഭയെക്കുറിച്ചുളള ആഴമേറിയ ബോധ്യങ്ങൾ നൽകുന്നതിനുമായി പുത്തൻപീടികയിൽ വന്നിരുന്നു. പീടികയിൽ അച്ചന്റെ നേതൃത്വത്തിൽ വിശ്വാസ പ്രഘോഷകരായ ഒരു ഡസനിലധികം അത്മായർ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ആളുകളെ പഠിപ്പിച്ചിരുന്നു.

കൊല്ലം രൂപതയിൽ 15 വർഷക്കാലം വൈദികനായി പീടികയിലച്ചൻ സേവനം ചെയ്തു. ഈ കാലയളവിൽ മൈലപ്ര പ്രദേശങ്ങളിൽ അച്ചൻ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കുകയും നാലഞ്ച് കുടുംബങ്ങളെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തുകയും ചെയ്തിരുന്നു.

1930 സെപ്റ്റംബർ 20ന് മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ മലങ്കരയുടെ ആരാധന ക്രമവും പാരമ്പര്യങ്ങളും യഥാവിധി പാലിച്ചു കൊണ്ടുള്ള പുനരൈക്യ ശ്രമങ്ങൾ വിജയത്തിലെത്തി. 1931ൽ പുനരൈക്യപ്പെട്ട പിതാക്കൻമാർക്ക് പുത്തൻ പീടികയിൽ സ്വീകരണം നൽകി. 1950-1952 കാലയളവിലായി അച്ചനും ഒപ്പമുള്ളവരും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ചേർന്നു.

പുത്തൻപീടികയിൽ ഇന്നത്തെ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപനം 1956 ഏപ്രിൽ 1ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് നടത്തി, 1958ൽ പണി പൂർത്തിയാക്കി. 1959 ഫെബ്രുവരി 20ന് കർദ്ദിനാൾ വലേറിയൻ ഗ്രേഷ്യസ് തിരുമേനി കൂദാശ നിർവ്വഹിച്ചു.

പീടികയിൽ അച്ചന്റെ സഹധർമ്മിണി വെണ്ണിക്കുളം തോണ്ടകരോട്ട് കുടുംബാംഗമായ മറിയാമ്മ, വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ മൂത്ത സഹോദരിയുടെ മകളായിരുന്നു. അനുഗ്രഹീതരായ 10 മക്കളെ (കുഞ്ഞമ്മ, ശോശാമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ എന്നീ 5 പെൺമക്കളും P.G ജോർജ്, P.G ഏബ്രഹാം, P.G. ജോസ്, P.G. സേവ്യർ, ഫാ. ജോഷ്വാ പീടികയിൽ എന്നിങ്ങനെ 5 ആൺ മക്കളും)നൽകി ദൈവം അവരുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിച്ചു. പിതാവിന്റെയും പിതാമഹനായ പീടികയിൽ അച്ചന്റെയും പൗരോഹിത്യ പാത പിന്തുടർന്ന് മക്കളിൽ ഏറ്റവും ഇളയവനായ ഫാ. ജോഷ്വ പീടികയിൽ തിരുവനന്തപുരം അതിരൂപതയിൽ അംഗമായി സ്ത്യുത്യർഹമായ സഭാശുശ്രൂഷയിൽ ഏർപ്പെട്ടു. 2008 ജൂൺ 7ന് അച്ചന്റെ പൗരോഹിത്യ ശുശ്രൂഷകളെ മാനിച്ചു കോർ – എപ്പിസ്കോപ്പ സ്ഥാനം നൽകി സഭ ആദരിച്ചു; 2013 ജൂൺ 25ന് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി .

മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അക്ഷീണ പരിശ്രമത്താലാകണം 1948ൽ പീടികയിൽ ഗീവർഗീസ് അച്ചൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇടവക ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. അനേകരെ ദൈവസന്നിധിയിലേക്കാകർഷിച്ച വന്ദ്യ വൈദികൻ
1960 ഏപ്രിൽ 25ന് എഴുപത്തിനാലാം വയസ്സിൽ കർത്താവിൽ നിദ്രപ്രാപിച്ചു, പുത്തൻപീടിക പള്ളിയിൽ സംസ്കരിച്ചു.

പത്തനംതിട്ട പ്രദേശത്ത് ആദ്യമായി പുനരൈക്യപ്പെട്ട അച്ചൻ, മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ പരിശ്രമങ്ങൾക്ക് തന്റെ പുനരൈക്യത്തിലൂടെ മാതൃക കാട്ടിയ പുരോഹിതൻ, സ്വന്തം കുടുംബസ്ഥലം ദാനമായി നൽകി പുത്തൻപീടികയിലെ ഇന്നത്തെ ഓർത്തഡോക്സ് പള്ളിക്കും ലത്തീൻ കത്തോലിക്കാ പള്ളിക്കും തുടക്കമിട്ട വൈദികൻ, സ്വപിതാവിനെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തി ഇളയ മകനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ വൈദികനായി നൽകി, ലത്തീൻ സഭയിൽ പുനരൈക്യപ്പെട്ട് സീറോ മലബാർ വിശുദ്ധ കുർബാനയും ശുശ്രൂഷകളും നടത്തി മലങ്കര സുറിയാനി കത്തോലിക്കാ വൈദികനായി കബറടങ്ങിയ ഈ സ്മര്യപുരുഷൻ, സമാനതകളില്ലാത്ത ഈ ഉജ്ജ്വല വ്യക്തിത്വം അനേകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മയായി ഇന്നും ജീവിക്കുന്നു.

കടപ്പാട്: രാജു ജോർജ് കുര്യന്റയ്യത്ത് (പീടികയിൽ അച്ചന്റെ മകളുടെ മകൻ)

ജോസഫ് ജോൺ, ജോസ് കെ ജേക്കബ്, തോമസ് ജോസഫ്, (കിഴക്കേതിൽ കുടുംബാംഗങ്ങൾ പുത്തൻപീടിക ഇടവക)

സെന്റ് തോമസ് മലങ്കര കത്തോലിക്കാപള്ളി,
പുത്തൻപീടിക, പുനരൈക്യ നവതി സ്മരണിക

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s