🌹 🔥 🌹 🔥 🌹 🔥 🌹
07 Sep 2022
Wednesday of week 23 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 7:25-31
നീ വിവാഹിതനാണെങ്കില്‍, ആ ബന്ധത്തില്‍ നിന്നു മോചനം തേടണ്ടാ; നീ അവിവാഹിതനാണെങ്കില്‍ ഭാര്യയെ സ്വീകരിക്കാന്‍ പോകണ്ടാ.
സഹോദരരേ, അവിവാഹിതരെപ്പറ്റി കര്‍ത്താവിന്റെ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്തനായിരിക്കാന്‍ കര്‍ത്താവില്‍ നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു. ആസന്നമായ വിപത്സന്ധി കണക്കിലെടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ. നീ വിവാഹം കഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകിക ക്ലേശങ്ങള്‍ ഉണ്ടാകും. അതില്‍ നിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം. സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെ പോലെയും വിലപിക്കുന്നവര്‍ വിലപിക്കാത്തവരെ പോലെയും ആഹ്ളാദിക്കുന്നവര്‍ ആഹ്ളാദിക്കാത്തവരെ പോലെയും വാങ്ങുന്നവര്‍ ഒന്നും കൈവശമില്ലാത്തവരെ പോലെയും ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെ പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 45:10-11,13-14,15-16
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക.
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക;
നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും,
അവന്‍ നിന്റെ നാഥനാണ്, അവനെ വണങ്ങുക.
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക.
ധനികന്മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും;
രാജകുമാരി സ്വര്‍ണക്കസവുടയാട ചാര്‍ത്തി
അന്തഃപുരത്തില്‍ ഇരിക്കുന്നു.
വര്‍ണശബളമായ അങ്കിയണിയിച്ച് അവളെ
രാജസന്നിധിയിലേക്ക് ആനയിക്കുന്നു;
കന്യകമാരായ തോഴിമാര്‍
അവള്‍ക്ക് അകമ്പടി സേവിക്കുന്നു.
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക.
ആഹ്‌ളാദഭരിതരായി അവര്‍
രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
നിന്റെ പുത്രന്മാര്‍ പിതാക്കന്മാരുടെ
സ്ഥാനത്ത് അവരോധിക്കപ്പെടും;
ഭൂമിയിലെങ്ങും നീ അവരെ
അധിപതികളായി വാഴിക്കും.
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
നിങ്ങൾ ആഹ്ലാദിക്കുവിൻ; നിങ്ങൾക്കുള്ള പ്രതിഫലം വലുതായിരിക്കും.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 6:20-26
ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം.
അക്കാലത്ത്, യേശു ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്തു:
ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്.
ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും.
ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ചിരിക്കും.
മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ളാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.
ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും.
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.
മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്മാര്‍ വ്യാജപ്രവാചകന്മാരോടും അങ്ങനെ തന്നെ ചെയ്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2
നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.
Or:
യോഹ 8: 12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment