24th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

11 Sep 2022

24th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,
ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 32:7-11,13-14
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദേവന്മാര്‍ ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, എന്നെ തടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍ നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. മോശ ദൈവമായ കര്‍ത്താവിനോടു കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടും കൂടെ അങ്ങുതന്നെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്ന അങ്ങേ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്? അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ.
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:1-2,10-11,15,17

ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്ക് പോകും.

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്ക് പോകും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്ക് പോകും.

കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ് അങ്ങേ സ്തുതികള്‍ ആലപിക്കും.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുക്കലേക്ക് പോകും.

രണ്ടാം വായന

1 തിമോ 1:12-17
യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്.

എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി. മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി. യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനു വേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേൽപ്പിച്ചു കൊണ്ട് ക്രിസ്തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 15:1-32
അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയ വന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു. അവന്‍ , ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ളാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ളാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റെതാണ്. ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും
അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം
ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment