Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആദ്യ വികാരി പത്രോസ് കിഴക്കേവീട്ടിൽ അച്ചൻ

Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

1877 ഡിസംബർ 2ന് കിഴക്കേവീട്ടിൽ ഫിലിപ്പോസ് മുതലാളിയുടെയും മറിയാമ്മയുടെയും മകനായി പത്രോസ് ജനിച്ചു. കിഴക്കേവീട്ടിൽ കുടുംബത്തിന്റെ തായ് വേരുകൾ പ്രസിദ്ധമായ തേരകത്തു തറവാട്ടിലാണ്. പെരുമാളച്ചൻ എന്ന വിളിപ്പേരിലറിഞ്ഞിരുന്ന സി. പി. പത്രോസിന്, സി. പി. ചെറിയാൻ (പുഷ്പപുരത്ത് ചെറിയാൻ വക്കീൽ) എന്നൊരു സഹോദരനും കൊച്ചുമറിയാമ്മ എന്നൊരു സഹോദരിയും ഉണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ബാല്യം മുതലേയുള്ള ആഗ്രഹത്താലും മാതാപിതാക്കളുടെയും പള്ളിയോഗത്തിന്റെയും ആശീർവാദത്താലും വൈദിക പഠനത്തിനായി കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു. സെമിനാരി പരിശീലനം പൂർത്തിയാക്കി ഓർത്തഡോക്സ് സഭയിൽ വൈദികവൃത്തി ആരംഭിച്ചു. അന്നുമുതൽ അദ്ദേഹം കിഴക്കേവീട്ടിലച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്. മാക്കാംകുന്ന്, കുമ്പഴ, തോട്ടുപുറം, വാഴമുട്ടം, മൈലപ്ര തുടങ്ങിയ പ്രദേശങ്ങളിലെ ഓർത്തഡോക്സ് പള്ളികളിൽ വികാരിയായും സഹവികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

പത്രോസ് അച്ചന്റെ ഭാര്യ പുത്തൻപീടികയിൽ പൈനുംമൂട്ടിൽ മറിയാമ്മ ആയിരുന്നു. അച്ചന് സാമുവേൽ (ബി. ബി. എസ്റ്റേറ്റ് സൂപ്രണ്ട്), അഡ്വ. പി. ജോഷ്വാ (കാതോലിക്കേറ്റ് കോളേജ് ഗവേണിംഗ് ബോർഡ്‌ ചെയർമാൻ), കൊച്ചുകുഞ്ഞ് (സെൻട്രൽ പിക്ച്ചേഴ്സ് ജനറൽ മാനേജർ) എന്നീ മൂന്ന് ആൺമക്കളും ചിന്നമ്മ, കുട്ടിയമ്മ, ശലോമി, പൊടിയമ്മ, അമ്മിണി എന്നീ അഞ്ചു പെണ്മക്കളും ഉണ്ടായിരുന്നു.

കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, പള്ളിയിൽ നിലനിന്നിരുന്ന ഗ്രൂപ്പ്‌ വഴക്കുകൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും സമാധാനപരമായ ആരാധനയ്ക്ക് പലപ്പോഴും തടസം നേരിടുകയും ചെയ്തിരുന്നു. സഹികെട്ടപ്പോൾ സമാധാനകാംക്ഷിയായ കിഴക്കേവീട്ടിലച്ചൻ അന്നത്തെ ഓർത്തഡോക്സ് കാതോലിക്കാ ബാവയുടെ അനുമതിയോടു കൂടി കുമ്പഴയിൽ തന്നെ സ്ഥലം വാങ്ങി മാതൃ ഇടവകയിലെ വിഘടിച്ചു നിന്ന ആളുകൾക്ക് വേണ്ടി 1904ൽ ‘മാർ ശെമവൂൻ ദസ്തൂനി’ ഓർത്തഡോക്സ് പള്ളി എന്ന കിഴക്കേപ്പള്ളി പണികഴിപ്പിച്ചു. ഈ പള്ളിയിലെ വികാരിയായിരുന്ന സമയം തന്നെ അദ്ദേഹം മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് പള്ളിയിൽ സഹവികാരിയുമായിരുന്നു.

1918 കുംഭമാസത്തിൽ ആരംഭിച്ച് ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന മദ്ധ്യതിരുവിതാംകൂർ സിറിയൻ കൺവൻഷൻ എന്ന പ്രശസ്തമായ മാക്കാംകുന്ന് കൺവൻഷന്റെ തുടക്കക്കാരായ പീടികയിലച്ചൻ, വടക്കേടത്തച്ചൻ, തെങ്ങുംതറയിലച്ചൻ, വടുതലയച്ചൻ, പുലിമുഖത്തച്ചൻ, മുളമൂട്ടിലച്ചൻ എന്നീ പട്ടക്കാരുടെയും തേരകത്തു ചെറിയാൻ മുതലാളി, എ. ജി. തോമസ് വക്കീൽ, പാറയ്ക്കാട്ടു കൊച്ചുകുഞ്ഞ്, മേലേക്കാട്ടു തോമ്മാച്ചൻ, കുമ്പഴ മങ്ങാട്ടു തോമ്മാച്ചൻ എന്നീ വിശ്വാസികളുടെയും ഒപ്പം നിന്നു പ്രവർത്തിച്ചത് കിഴക്കേവീട്ടിലച്ചനായിരുന്നു.

1938ൽ മാക്കാംകുന്ന് പള്ളിയുടെ ശവക്കോട്ട ഇടിച്ചുനിരത്തി എന്ന കാരണത്താൽ പള്ളിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അത് സംഘട്ടനം വരെ എത്തുകയും ചെയ്തു. അങ്ങനെ അവിടെയും രണ്ട് ഗ്രൂപ്പുകൾ ഉടലെടുത്തു. ഇത് സമാധാനപരമായ ആരാധനയേയും ബാധിച്ചു. കുമ്പഴ പള്ളിയിലെയും മാക്കാംകുന്ന് പള്ളിയിലെയും വഴക്കുകളും ഓർത്തഡോക്സ് യാക്കോബായ സഭകളിലെ നിരന്തരമായ കോടതി, കേസ്, തർക്കങ്ങളും കണ്ടു മനംമടുത്ത പത്രോസ് അച്ചൻ മാക്കാംകുന്ന് പള്ളിയിലെ കുറച്ചു വിശ്വാസികളോടൊപ്പം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുവാൻ തീരുമാനിച്ചു.

1930 സെപ്റ്റംബർ 20ന് ബഥനിയുടെ മെത്രാപ്പൊലീത്തയായിരുന്ന മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ അന്ത്യോക്യൻ ആരാധനക്രമത്തിന്റെ തനിമയും വ്യക്തിത്വവും അതേപടി നിലനിർത്തികൊണ്ട് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടിരുന്നത് പത്തനംതിട്ട പ്രദേശങ്ങളിലെങ്ങും സംസാര വിഷയമായിരുന്നു. സമാധാന കാംക്ഷികളായ ഒരു കൂട്ടം ആളുകൾ ഇക്കാലയളവിൽ വിവിധ പ്രദേശങ്ങളിലായി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടിരുന്നു.
പുനരൈക്യത്തിന്റെ ആരംഭകാലത്തു തന്നെ പത്രോസ് അച്ചൻ മാനസികമായി പരിശുദ്ധ കത്തോലിക്കാ സഭയുമായി ഐക്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയും സമയവും അനുസരിച്ച് പത്തനംതിട്ട ടി.ബി. യിൽ വച്ച് മാർ ഈവാനിയോസ് പിതാവും പത്രോസ് അച്ചനും തമ്മിൽ കൂടിയാലോചനകൾ നടത്തി.

മാക്കാംകുന്ന് ഓർത്തഡോക്സ് പള്ളിയിലെ ഇടവക വികാരിയായിരുന്ന അച്ചൻ 1938 നവംബർ 19ന് നന്നുവക്കാട് എം.എസ്.സി.എൽ.പി സ്കൂളിൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്ത് കത്തോലിക്കാ സഭാംഗമായി. അച്ചനോടൊപ്പം പത്തനംതിട്ടയിൽ നിന്നുള്ള അൻപതോളം കുടുംബങ്ങളും പുനരൈക്യപ്പെട്ടു.
തുടർന്ന് സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ പ്രഥമ വികാരിയായി അച്ചൻ നിയമിതനായി. ആദ്യകാലങ്ങളിൽ പത്തനംതിട്ട പ്രദേശങ്ങളിൽ നിന്നു പുനരൈക്യപ്പെട്ടവർ പത്തനംതിട്ടക്ക് അടുത്ത് പുത്തൻപീടിക ലത്തീൻ പള്ളിയിലെ അംഗങ്ങളായി ചേർന്നിരുന്നു. അച്ചന്റെ പുനരൈക്യത്തോടെ അവരെല്ലാം ഈ പള്ളിയിലേക്ക് മാറി.

താൽക്കാലികമായി സ്കൂളിന്റെ കിഴക്കേയറ്റം മദ്ബഹയായി രൂപാന്തരപ്പെടുത്തി അവിടെ വിശുദ്ധ കുർബാനയും കൂദാശകളും അർപ്പിച്ചുകൊണ്ടിരുന്നു. പുനരൈക്യ പ്രസ്ഥാനത്തേയും മലങ്കര സുറിയാനി കത്തോലിക്കാ സഭയെയും ഏതു വിധേനയും തകർക്കാനും പരിഹസിക്കാനുമായി പരിശ്രമിച്ചിരുന്ന ആദ്യ നാളുകളിൽ നിരന്തരമായ എതിർപ്പുകളിലൂടെയും ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെയുമാണ് അച്ചൻ കടന്നുപോയിരുന്നത്. കൂക്കുവിളികളും അസഭ്യവാക്കുകളും ശാപവചനങ്ങളും നിരന്തരം കേൾക്കേണ്ടിവന്ന പത്രോസ് അച്ചന് മാനസികമായ വ്യഥകൾ ഒരുപാട് സഹിക്കേണ്ടി വന്നു. അച്ചൻ ഒരു സൗമ്യ സ്വഭാവക്കാരനായിരുന്നു. ശത്രുക്കളെപ്പോലും പുഞ്ചിരികൊണ്ട് സ്വന്തം പാളയത്തിലെത്തിക്കാനുള്ള അച്ചന്റെ കഴിവ് അപാരമായിരുന്നു. താൻ പുനരൈക്യപ്പെട്ട കാലത്തു എതിരാളികളിൽ നിന്നും അനുഭവിച്ച തിക്താനുഭങ്ങൾക്ക് അളവില്ല. ഒരു രാത്രിയിൽ തന്നെ അപായപ്പെടുത്താനായി കുറുവടിയുമായി വീടിന്റെ പരിസരത്ത് ഒളിച്ചു നിന്നിരുന്ന ആളെ ഭാഗ്യവശാൽ നേരിട്ടു കാണുകയും സ്നേഹവാക്കുകളാൽ സാന്ത്വനപ്പെടുത്തി ആത്മമിത്രമാക്കി മാറ്റാൻ അച്ചന് കഴിയുകയും ചെയ്തു.

ആദ്യകാലങ്ങളിൽ വിശുദ്ധ കുർബാനക്ക് ശുശ്രൂഷകനായിരുന്നത് അച്ചന്റെ അനുജൻ സി.പി. ചെറിയാൻ വക്കീൽ ആയിരുന്നു. അദ്ദേഹം ഇമ്പകരമായി പാടുകയും വായിക്കുകയും ചെയ്തിരുന്നതിനാൽ ആ ചെറിയ സമൂഹത്തെ ഭക്തിപൂർവ്വം ശുശ്രൂഷകളിൽ പങ്കു ചേരുന്നതിന് അതേറെ സഹായിച്ചിരുന്നു.
മാക്കാംകുന്ന് പള്ളിയിൽ അച്ചന്റെ ശുശ്രൂഷകനായിരുന്ന കോയിക്കൽ കോശി സ്കറിയ തന്നെയായിരുന്നു നന്നുവക്കാട് പള്ളിയിലെയും പ്രധാന ശുശ്രൂഷകൻ.

1942 ഫെബ്രുവരി 26,27,28 തീയതികളിൽ നന്നുവക്കാട് സ്കൂളിൽ വലിയ ഒരു പ്രസംഗയോഗം ചേപ്പാട്ടു പീലിപ്പോസ് റമ്പാന്റെ നേതൃത്വത്തിൽ നടത്തി. 1943 ഫെബ്രുവരി 11 മുതൽ 14 വരെ വീണ്ടും പ്രസംഗയോഗം സംഘടിപ്പിക്കപ്പെട്ടു, തോമസ് ഇഞ്ചക്കലോടി അച്ചനായിരുന്നു പ്രഭാഷകൻ.

പത്രോസ് അച്ചന്റെ സഹായത്തിനായി വാഗ്മിയായിരുന്ന ഫാദർ ജോൺ എസ്.ജെ എന്ന ഈശോസഭാ വൈദികനെ മാർ ഈവാനിയോസ് പിതാവ് നിയമിച്ചു. ജോൺ അച്ചന്റെ പ്രസംഗങ്ങളും ക്ളാസുകളും ദൈവജനത്തിന് ഉണർവ്വ് നൽകിയതിനാൽ കത്തോലിക്കരായി തീർന്നവർ എന്നും വിശുദ്ധ കുർബാനയ്ക്ക് പങ്കെടുത്ത് വിശ്വാസത്തിൽ വേരുറപ്പിക്കപ്പെട്ടു.

ഇന്നത്തെ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ പള്ളി നിൽക്കുന്ന സ്ഥലത്തിന്റെ ആധാരം എഴുതാൻ പണത്തിനു ബുദ്ധിമുട്ടിയപ്പോൾ മാർ ഈവാനിയോസ് പിതാവിന്റെ അനുജൻ മത്തായി പണിക്കർ പണം കൊടുത്തു സഹായിച്ചതിനാൽ സ്ഥലം വാങ്ങി പള്ളിപണി ആരംഭിച്ചു. 1953ൽ പണി പൂർത്തിയായി കൂദാശ ചെയ്യാൻ കഴിഞ്ഞു.

1938 മുതൽ 1948 വരെ സെന്റ് പീറ്റേഴ്സ് പള്ളിയുടെ വികാരിയായിരുന്ന അച്ചൻ കുമ്പഴ, വാഴമുട്ടം, മൈലപ്ര, കിഴവള്ളൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ പല പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർദ്ധക്യസഹജമായ രോഗത്താൽ 1964 ഒക്ടോബർ 15ന് മരണമടഞ്ഞു. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ പ്രത്യേക താല്പര്യവും നിർദ്ദേശവും അനുസരിച്ചു സെന്റ് പീറ്റേഴ്സ് പള്ളിക്കകത്തു മദ്ബഹായോട് ചേർന്ന് മുൻവശത്ത് പത്രോസ് അച്ചനെ അടക്കം ചെയ്തു.

സെന്റ് പീറ്റേഴ്സ് പള്ളി പുതുക്കി പണിത് കത്തീഡ്രൽ ആക്കിയ അവസരത്തിൽ അച്ചന്റെ ഭൗതിക ശരീരാവശിഷ്ടം പള്ളിയിൽ നിന്നു മാറ്റി അച്ചന്മാർക്കായി തയ്യാറാക്കിയിരുന്ന പള്ളിക്കു വെളിയിലുള്ള കല്ലറയിൽ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ പ്രധാന കർമികത്വത്തിൽ അടക്കം ചെയ്തു.

കുമ്പഴ മാർ ശെമവൂൻ ദസ്തൂനി പളളിയുടെ സ്ഥാപകനായ, മാക്കാംകുന്ന് കൺവൻഷന്റെ പ്രാരംഭകരിൽ ഒരാളായ, നന്നുവക്കാട് സെന്റ് പീറ്റേഴ്സ് പള്ളിയുടെ (ഇന്നത്തെ പത്തനംതിട്ട കത്തീഡ്രൽ) ആദ്യവികാരിയായ പത്രോസച്ചൻ താൻ ശുശ്രൂഷിച്ച ഇടങ്ങളിലെല്ലാം അനേകർക്ക് നന്മ ചെയ്ത് ശാന്തനായി, സൗമ്യനായി ജീവിച്ച്, ശുശ്രൂഷാ വേദികളിലേറ്റ പരിഹാസങ്ങളെയും നിന്ദനങ്ങളെയും ദൈവസമക്ഷം സമർപ്പിച്ച് തന്റെ പൗരോഹിത്യ ശുശ്രൂഷയെ പരിശുദ്ധിയോടെ പരികർമ്മം ചെയ്ത് ദൈവസന്നിധിയിലേക്ക് കടന്നുപോയപ്പോൾ അച്ചനെപ്പോലുള്ളവരുടെ ത്യാഗജീവിതത്തിന്റെയും കഷ്ടപ്പാടിന്റെയും നന്മകൾ അനുഭവിച്ച് പത്തനംതിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭ ഇന്ന് പ്രശോഭിക്കുന്നു.

കടപ്പാട് : മാത്യു ജി (മോനി) കൈമണ്ണിൽ,കുമ്പഴ(പത്രോസ് അച്ചന്റെ മകളുടെ മകൻ)

സൂരജ് & ജിജി (അച്ചന്റെ മകൻ ഏബ്രഹാമിന്റെ കൊച്ചുമകനും ഭാര്യയും)

‘കർമ്മോജ്വല വ്യക്തിത്വം, ഫാദർ ഫിലിപ്പോസ് മേടയിൽ’,
സിസ്റ്റർ ഫിലോമിന എസ്.ഐ.സി

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements
സിബി അച്ചൻ

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s