🌹 🔥 🌹 🔥 🌹 🔥 🌹

15 Sep 2022

Our Lady of Sorrows 
on Thursday of week 24 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍,
മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന്
അങ്ങ് തിരുമനസ്സായല്ലോ.
ഈ അമ്മയോടൊപ്പം,
ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹത
അങ്ങേ സഭയ്ക്കു നല്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 15:1-11
ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല.
എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പോസ്തലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി. ഞാന്‍ അപ്പോസ്തലന്മാരില്‍ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പോസ്തലനെന്ന നാമത്തിനു ഞാന്‍ അയോഗ്യനുമാണ്. ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 118:1b-2,16ab-17,28

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

അങ്ങാണ് എന്റെ ദൈവം;
ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും;
അവിടുന്നാണ് എന്റെ ദൈവം;
ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവിന്റെ കുരിശിൻ ചുവട്ടിൽ വച്ച് മരിക്കാതെ തന്നെ രക്തസാക്ഷിത്വ മകുടം ചൂടിയ കന്യക മറിയം അനുഗ്രഹീതയാണ്.

അല്ലേലൂയ!

സുവിശേഷം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

യോഹ 19:25-27
ഇതാ, നിന്റെ മകന്‍. ഇതാ, നിന്റെ അമ്മ.

യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
യേശുവിന്റെ കുരിശിനുസമീപം നിന്ന വത്സലമാതാവിനെ
കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.
പരിശുദ്ധ കന്യകമറിയത്തിന്റെ വണക്കത്തില്‍
അര്‍പ്പിക്കപ്പെട്ട പ്രാര്‍ഥനകളും കാണിക്കകളും
അങ്ങേ നാമത്തിന്റെ സ്തുതിക്കായി സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 പത്രോ 4:13

ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുകാരാകുന്നതില്‍ ആഹ്ളാദിക്കുവിന്‍;
അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോള്‍,
നിങ്ങള്‍ അത്യധികം ആഹ്ളാദിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സനാതനപരിത്രാണത്തിന്റെ
കൂദാശകള്‍ സ്വീകരിച്ചുകൊണ്ട്, ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തിന്റെ വ്യാകുലം അനുസ്മരിച്ചുകൊണ്ട്,
ക്രിസ്തുവിന്റെ പീഡാസഹനത്തിലുള്ള കുറവ്
സഭയ്ക്കു വേണ്ടി ഞങ്ങളില്‍ ഞങ്ങള്‍ പൂര്‍ത്തീകരിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements
Fediverse reactions
September 2022
S M T W T F S
 123
45678910
11121314151617
18192021222324
252627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading