🌹 🔥 🌹 🔥 🌹 🔥 🌹
16 Sep 2022
Saints Cornelius, Pope, and Cyprian, Bishop, Martyrs
on Friday of week 24 in Ordinary Time
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
അങ്ങേ ജനത്തിനുവേണ്ടി, തീക്ഷ്ണതയുള്ള അജപാലകരും
അജയ്യരായ രക്തസാക്ഷികളുമായി അങ്ങു നല്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്താലും സ്ഥിരതയാലും ഞങ്ങള്‍ ശക്തരാകാനും
സഭയുടെ ഐക്യത്തിനുവേണ്ടി
തീവ്രമായി പരിശ്രമിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 കോറി 15:12-20
ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണ്.
സഹോദരരേ, ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. മരിച്ചവര്‍ യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ല എങ്കില്‍ ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല. മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചു പോവുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവര്‍ ആണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്. എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 17:1,6-7,8a,15
കര്‍ത്താവേ, ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.
കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
കര്‍ത്താവേ, ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ
ശത്രുക്കളില്‍ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
അങ്ങേ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
കര്‍ത്താവേ, ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.
കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ!
നീതിനിമിത്തം ഞാന്‍ അങ്ങേ മുഖം ദര്‍ശിക്കും;
ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.
കര്‍ത്താവേ, ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 8:1-3
തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.
അക്കാലത്ത്, യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ രക്തസാക്ഷികളായ വിശുദ്ധരുടെ
പീഡാസഹനത്തെ പ്രതി അര്‍പ്പിച്ച
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കണമേ.
വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
മതപീഡനത്തില്‍ ധീരതയോടെ ശുശ്രൂഷചെയ്യാന്‍
സഹായിച്ച ഈ കാണിക്കകള്‍,
ഞങ്ങള്‍ക്കും പ്രതിസന്ധികളില്‍
സ്ഥിരത പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.
Or:
ഇതാ, ദൈവത്തിന്റെ മുമ്പില്‍,
വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച
ഈ രഹസ്യങ്ങള്‍ വഴി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
രക്തസാക്ഷികളായ വിശുദ്ധരായ കൊര്‍ണേലിയൂസിന്റെയും
സിപ്രിയന്റെയും മാതൃകയാല്‍
അങ്ങേ ചൈതന്യത്തിന്റെ ശക്തിയാല്‍ സ്ഥിരീകരിക്കപ്പെട്ട്,
സുവിശേഷ സത്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍
ഞങ്ങള്‍ക്കും കഴിയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment