🌹 🔥 🌹 🔥 🌹 🔥 🌹
18 Sep 2022
25th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ആമോ 8:4-7
ദരിദ്രരെ പണത്തിനു വില്‍ക്കുന്നവര്‍ക്കെതിരെ.
ദരിദ്രരെ ചവിട്ടിമെതിക്കുകയും
പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍.
ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന് അമാവാസി കഴിയുന്നതെപ്പോള്‍,
ഗോതമ്പ് വില്‍ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും
ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും
ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും
പതിരു വിറ്റഴിക്കേണ്ടതിനും
സാബത്തു കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു.
യാക്കോബിന്റെ അഭിമാനമാണേ, കര്‍ത്താവ് ശപഥം ചെയ്യുന്നു:
അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 113:1-2,4-6,7-8
ദരിദ്രനെ ഉയര്‍ത്തുന്ന കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ.
or
അല്ലേലൂയാ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
ദരിദ്രനെ ഉയര്‍ത്തുന്ന കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ.
or
അല്ലേലൂയാ!
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
ദരിദ്രനെ ഉയര്‍ത്തുന്ന കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ.
or
അല്ലേലൂയാ!
അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു;
അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.
അവരെ പ്രഭുക്കന്മാരോടൊപ്പം,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.
ദരിദ്രനെ ഉയര്‍ത്തുന്ന കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ.
or
അല്ലേലൂയാ!
രണ്ടാം വായന
1 തിമോ 2:1-8
എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തോട് എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം.
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യ പ്രാര്‍ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ പ്രഘോഷകനായും അപ്പോസ്തലനായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 16:1-13
ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ലജ്ജ തോന്നുന്നു. എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനില്‍ നിന്നു കടം വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
ഞാന്‍ നിങ്ങളോട് പറയുന്നു: അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാര്‍മികസമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥ ധനം ആരു നിങ്ങളെ ഏല്‍പിക്കും? മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കു തരും? ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5
അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.
Or:
യോഹ 10:14
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹


Leave a comment