Tuesday of week 25 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

20 Sep 2022

Saints Andrew Kim Taegon, Priest, and Paul Chong Hasang, and their Companions, Martyrs 
on Tuesday of week 25 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ലോകമാസകലം
ദത്തുപുത്രരെ വര്‍ധിപ്പിക്കാന്‍ അങ്ങ് തിരുമനസ്സാകുകയും
രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രുവിന്റെയും
സഹചരന്മാരുടെയും രക്തം
ക്രിസ്ത്യാനികളുടെ ഏറ്റവും ഫലദായകമായ വിത്താകാന്‍
ഇടയാക്കുകയും ചെയ്തുവല്ലോ.
അവരുടെ സഹായത്താല്‍ ഞങ്ങള്‍ ശക്തരാകാനും
മാതൃകയാല്‍ സദാ അഭിവൃദ്ധിപ്പെടാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സുഭാ 21:1-6,10-13
വിവിധ ഉപദേശങ്ങള്‍.

രാജാവിന്റെ ഹൃദയം കര്‍ത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കിവിടുന്നു. മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നു തോന്നുന്നു.എന്നാല്‍, കര്‍ത്താവ് ഹൃദയത്തെ തൂക്കിനോക്കുന്നു. നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം. ഗര്‍വു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന നീരാവിയും മരണത്തിന്റെ കെണിയുമാണ്. ദുഷ്ടന്റെ ഹൃദയം തിന്മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയ കാണിക്കുന്നില്ല. പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനം നേടുന്നു. നീതിമാന്‍ ദുഷ്ടന്റെ ഭവനം നിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു. ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:1,27,30,34,35,44

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍,
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
അങ്ങേ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി
എനിക്കു കാണിച്ചുതരണമേ!
ഞാന്‍ അങ്ങേ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു;
അങ്ങേ ശാസനങ്ങള്‍ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്.
ഞാന്‍ അങ്ങേ പ്രമാണം പാലിക്കാനും
പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി
എനിക്ക് അറിവു നല്‍കണമേ!

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ!
ഞാന്‍ അതില്‍ സന്തോഷിക്കുന്നു.
ഞാന്‍ അങ്ങേ കല്‍പനകളെ നിരന്തരം എന്നേക്കും പാലിക്കും.

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവ വചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 8:19-21
ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജനത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം കടാക്ഷിക്കുകയും
രക്തസാക്ഷികളായ വിശുദ്ധരുടെ മാധ്യസ്ഥ്യത്താല്‍,
സര്‍വലോകത്തിന്റെയും രക്ഷയ്ക്കുവേണ്ടി,
ഞങ്ങളെത്തന്നെ അങ്ങേക്ക് സ്വീകാര്യമായ
ബലിയാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 10:32

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ,
എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍, ഞാനും ഏറ്റുപറയും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, പ്രബലരുടെ ഭോജ്യത്താല്‍ പരിപോഷിതരായി,
രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണ ആചരിച്ചുകൊണ്ട്
അങ്ങയെ ഞങ്ങള്‍ താഴ്മയോടെ വിളിച്ചപേക്ഷിക്കുന്നു.
ക്രിസ്തുവിനോട് വിശ്വസ്തതയോടെ ചേര്‍ന്നുനിന്ന്,
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കായി
ഞങ്ങള്‍ പ്രവര്‍ത്തിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment